Connect with us

Malappuram

ഒരു വ്യക്തിയുടേയും ഭൂമി പരിസ്ഥിതിലോല പ്രദേശമാകില്ല: ഉമ്മന്‍ചാണ്ടി

Published

|

Last Updated

കാളികാവ്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംസ്ഥാനത്തെ ഒരു വ്യക്തിയുടേയും ഒരിഞ്ച് ഭൂമി പോലും ഭൂമി പരിസ്ഥിതി ലോല പ്രദേശമായി മാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വനയാട് ലോകസഭാമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കാളികാവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാടും വന്യജീവികളും മതിയെന്ന പരിസ്ഥിതിയെന്ന സംരക്ഷണത്തോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളും കേരളവും പോയതോടെ സി പി എം ദേശീയതലത്തില്‍ “ത്രിപുര പാര്‍ട്ടി” യായി മാത്രം മാറിയിരിക്കുകയാണ്. അത്‌കൊണ്ട് തന്നെ ആരും അവരെ കാര്യമായി എടുക്കുന്നില്ല. ജയലളിതക്ക് പോലും ഇപ്പോള്‍ സി പിഎമ്മിനെ ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ടി പി വധ്ത്തില്‍ വി എസ് അച്ച്യതനാന്ദന്‍ നിലപാട് തിരുത്തിയെങ്കിലും അതില്‍നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രക്ഷപ്പെടുവാന്‍ പോവുന്നില്ല.
യോഗത്തിില്‍ കെ. ടി കുഞ്ഞാപ്പഹാജി അധ്യക്ഷത വഹിച്ചു. മന്ത്രി എ പി അനില്‍കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം പി ഖാലിദ്, കെ സി കരീം മൗലവി, ജോജി. കെ അലക്‌സ്, ടി വി ജോര്‍ജ്, ടി അപ്പച്ചന്‍ എ കെ മുഹമ്മദലി സംസാരിച്ചു.
രാജ്യത്ത് വിഭാഗീയത
സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനാണ് ബി ജെ പിയുടെ ശ്രമം: മുഖ്യമന്ത്രി

പെരിന്തല്‍മണ്ണ: രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍, മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ജന വികാരം തൊട്ടറിഞ്ഞാണ് യു പി എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലുറപ്പ്‌പോലുള്ള പദ്ധതി വഴി സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിച്ച യു പി എയുടെ എല്ലാവര്‍ക്കും ചികിത്സ, പാര്‍പ്പിടം എന്നിവ ഉറപ്പാക്കുന്ന പ്രകടന പത്രിക സാധാരണക്കാരെ ലക്ഷ്യം വെച്ചാണന്നും ഇത് നടപ്പിലാക്കല്‍ സംസ്ഥാന സര്‍ക്കാര്‍ വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും ഭൂരഹിത കേരളം പദ്ധതി വഴി ഭൂമി ലഭ്യമാക്കും കേന്ദ്ര സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രയാസം ചികിത്സയാണ്. മികച്ച ചികിത്സ സൗകര്യങ്ങള്‍ രാജ്യത്തുണ്ടങ്കിലും പണക്കാരന് മാത്രമാണ് ചികിത്സ ലഭിക്കുന്നത്. ചികിത്സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ധാരാളം യുവാക്കള്‍ മരണപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുക വഴി രാജ്യത്തെ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ സഹമന്ത്രി എന്ന നിലക്ക് വിദേശമലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇ അഹമ്മദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഏറെ പ്രയാസം ശൃഷ്ടിച്ചിരുന്ന നിതാഖാത്ത് വഴി ഇരുപത് ലക്ഷം വരുന്ന സഊദി മലയാളികളുടെ ആശങ്ക അകറ്റിയത് അദ്ദേഹത്തിന്റെ പരിശ്രമഫലമാണ്. എംബസികള്‍ക്കെതിരായ പ്രവാസികളുടെ പരാതി പരിഹരിക്കുന്നതിനും അഹമ്മദ് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സി സേതുമാധവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി, ഇ മുഹമ്മദ് കുഞ്ഞി, സലീം കുരുവമ്പലം, നാലകത്ത് സൂപ്പി, എ കെ നാസര്‍, വി ബാബുരാജ്, പി രാധാകൃഷ്ണന്‍, വി വി പ്രകാശ്, ഉസ്മാന്‍ താമരത്ത്, എം എം സക്കീര്‍ ഹുസൈന്‍, അഡ്വ. ബെന്നി തോമസ്, വി വി വേണുഗോപാല്‍ പ്രസംഗിച്ചു.