കൊടുവള്ളി പഞ്ചായത്ത് അംഗത്തെ ഡി ആര്‍ ഐ അറസ്റ്റ് ചെയ്തു

Posted on: March 28, 2014 7:33 am | Last updated: March 28, 2014 at 7:33 am
SHARE

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി പഞ്ചായത്ത് അംഗത്തെ ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അറസ്റ്റ് ചെയ്തു. കൊടുവള്ളി ടൗണ്‍ വാര്‍ഡ് അംഗവും നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്(എന്‍ എസ് സി) അംഗവുമായ കാരാട്ട് ഫൈസലിനെയാണ് ഡി ആര്‍ ഐ സൂപ്രണ്ട് വി എസ് സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ 60 ലക്ഷം രൂപ വിലവരുന്ന ആഢംബര കാറായ ഓഡിയും ഫൈസലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഫൈസലിനെ കൊടുവള്ളിയിലെ വീട്ടിലെത്തി ഡി ആര്‍ ഐ സംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോഴിക്കോട് യൂനിറ്റില്‍ വെച്ച് ചോദ്യം ചെയ്തു. വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഷഹബാസിന്റെ ബിസിനസ് പങ്കാളിയാണ് ഫൈസലെന്നാണ് ഡി ആര്‍ ഐക്ക് ലഭിച്ച വിവരം. ഫൈസലിനെതിരെ കേസിലെ പ്രതികളായ ഷഹബാസ്, നബീര്‍, അബ്ദുല്‍ ലായിസ്, ഹിറോമോസാ വി സെബാസ്റ്റിയന്‍, റാഹില ചീറായി എന്നിവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് അറസ്റ്റ് നീണ്ടത്. ഇപ്പോള്‍ ഫൈസലിന്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് അറസ്റ്റെന്ന് ഡി ആര്‍ ഐ സൂപ്രണ്ട് പറഞ്ഞു.
അതേ സമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടികൂടിയ പ്രതികള്‍ ഒളിവിലാണെന്ന് കാണിച്ച് ഡി ആര്‍ ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കോടതി നിര്‍ദേശിച്ച പ്രകാരം ഡി ആര്‍ ഐ മുമ്പാകെ ഹാജരായിരുന്നില്ല. നിരവധി തവണ വീട്ടുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മുങ്ങിയതായി ഡി ആര്‍ ഐ കോടതിയെ അറിയിച്ചത്.