ഇടതുപക്ഷത്തെ ന്യൂനപക്ഷങ്ങള്‍ വിശ്വാസത്തിലെടുക്കും: പിണറായി

Posted on: March 28, 2014 7:31 am | Last updated: March 28, 2014 at 7:31 am
SHARE

pinarayi pressആലപ്പുഴ: ബി ജെ പിക്ക് കോണ്‍ഗ്രസിന് ബദലാകാനാകില്ലെന്നും വര്‍ഗീയ ശക്തികളെ കേന്ദ്ര ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇടതുപക്ഷത്തെയാകും ന്യൂനപക്ഷങ്ങള്‍ വിശ്വാസത്തിലെടുക്കുകയെന്നും പിണറായി വിജയന്‍. ആലപ്പുഴ പാര്‍ലിമെന്റ് മണ്ഡലം ഇടത് സ്ഥാനാര്‍ഥി സി ബി ചന്ദ്രബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഓച്ചിറ, മുതുകുളം, പൂച്ചാക്കല്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ല. എല്ലാ സന്നിഗ്ധഘട്ടത്തിലും അവരുമായി സമരസപ്പെടുന്ന രീതിയാണ് കോണ്‍ഗ്രസ്് സ്വീകരിച്ചിട്ടുള്ളത്. ഇക്കുറി കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായി.അതേസമയം ബി ജെ പിക്ക് കോണ്‍ഗ്രസിന് ബദലാകാനാകില്ല. സാമ്പത്തിക നയത്തില്‍ ഇവര്‍ രണ്ടും ഒരേ തൂവല്‍പക്ഷികളാണ്. പങ്കാളിത്ത പെന്‍ഷന്‍ അടക്കമുള്ള ജനദ്രോഹ നിയമങ്ങള്‍ പാര്‍ലിമെന്റില്‍ ബി ജെ പിയുടെ സഹായത്തോടെയാണ് അംഗീകരിച്ചത്. അതുകൊണ്ട്തന്നെ രാജ്യത്തെ ജനങ്ങള്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക കക്ഷികളുടെ മുന്നണിയിലാണ് കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതെന്ന് പിണറായി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വലിയ തട്ടിപ്പാണ്. കള്ളപ്പണം തിരിച്ചുപിടിക്കുമെന്നാണ് ഒരു വാഗ്ദാനം. കള്ളപ്പണക്കാരുടെ കൈയിലുള്ള പട്ടിക സുപ്രീം കോടതി പറഞ്ഞിട്ടും പുറത്തുവിടാത്ത കോണ്‍ഗ്രസാണ് ഈ വാഗ്ദാനം നല്‍കുന്നത്. കള്ളപ്പണം കണ്ടുകെട്ടുമെന്ന് പറഞ്ഞാല്‍ ആരും മുഖവിലക്കെടുക്കില്ലെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ അഞ്ച്‌വര്‍ഷം 78,000 കോടിയുടെ സബ്‌സിഡിയാണ് വെട്ടിക്കുറച്ചത്. അതേസമയം കോര്‍പറേറ്റുകള്‍ക്ക് 23 ലക്ഷം കോടി രൂപയുടെ ആനുകൂല്യം നല്‍കി. ഇതില്‍ നിന്ന് കോണ്‍ഗ്രസ് ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.