പരിയാരത്ത് 50 ശതമാനം പി ജി സീറ്റുകളില്‍ മാനേജ്‌മെന്റിന്് പ്രവേശനാധികാരം

Posted on: March 28, 2014 7:30 am | Last updated: March 28, 2014 at 7:30 am
SHARE

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും പി ജി സീറ്റുകളിലേക്ക് 50 ശതമാനം പ്രവേശനാധികാരം മാനേജ്‌മെന്റിന് തന്നെ നല്‍കാന്‍ തീരുമാനം. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ മുഴുവന്‍ സീറ്റുകളിലും സര്‍ക്കാര്‍ വ്യവസ്ഥയനുസരിച്ച് വേണം പ്രവേശനം. കോളജ് ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് 50 ശതമാനം പ്രവേശനം മാനേജ്‌മെന്റിന് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. പ്രവേശനത്തിന് ശേഷം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നേടിയവരുടെ സ്ഥിതി എന്തായിരിക്കുമെന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് വ്യക്തതയില്ല. പി ജി വിഭാഗത്തില്‍ 39 സീറ്റുകളാണ് പരിയാരത്തുള്ളത്. ഇതില്‍ പകുതി സീറ്റുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നല്‍കുമ്പോള്‍ പകുതി സീറ്റുകളിലേക്കുള്ള പ്രവേശനം മാനേജ്‌മെന്റില്‍ നിക്ഷിപ്തമാണ്. മാനേജ്‌മെന്റിനുള്ള 50 ശതമാനം സീറ്റുകളിലെ 15 ശതമാനം എന്‍ ആര്‍ ഐ ക്വാട്ടയാണ്. മാനേജ്‌മെന്റ് സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് പ്രകാരമാണ് പ്രവേശനം നല്‍കുന്നതെന്ന് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അറിയിച്ചു. മാനേജ്‌മെന്റ് ക്വാട്ടയിലെ ഫീസിനേക്കാളും 50 ശതമാനം അധിക ഫീസാണ് എന്‍ ആര്‍ ഐ ക്വാട്ടക്ക് നിശ്ചയിച്ചിരിക്കുന്നത്.