Connect with us

Alappuzha

മഅ്ദനിയുടെ ജയില്‍ മോചനം: സര്‍ക്കാറിന് പരിമിതികളുണ്ട ്- ചെന്നിത്തല

Published

|

Last Updated

ആലപ്പുഴ: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ മഅ്ദനിയുടെ ജയില്‍ മോചനവുമായ ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാറിന് പരിമിതികളുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാരണത്തടവുകാരനായി ദീര്‍ഘനാള്‍ ഒരാളെ ജയിലിടുന്നത് തെറ്റാണെന്നാണ് സര്‍ക്കാറിന്റെ നിലപാട്. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും മതിയായ ചികിത്സ ലഭ്യമാക്കണമെന്നും ബന്ധുമിത്രാദികളെ കാണാന്‍ അദ്ദേഹത്തിന് സൗകര്യമൊരുക്കണമെന്നും കഴിഞ്ഞ ദിവസവും കര്‍ണാടക ആഭ്യന്തര മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് താന്‍ ആവശ്യപ്പെട്ടതായും ചെന്നിത്തല പറഞ്ഞു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്് ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂല ജനവികാരമാണുള്ളത്. മുന്‍ കാലങ്ങളില്‍ സ്വതന്ത്രന്മാരായി സി പി എം മത്സരരംഗത്തിറക്കിയിരുന്നത് ജസ്റ്റിസ് വി ആര്‍ ക്യഷ്ണയ്യരെ പോലുള്ളവരെയായിരുന്നു. ഇപ്പോള്‍ പ്രതിയോഗികളെ ഒതുക്കാന്‍ ആരെയും കൂട്ടുപിടിക്കുന്ന രീതിയാണ് സി പി എമ്മിനുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത്് സാമ്പത്തിക തകര്‍ച്ചയുണ്ടെന്ന പ്രചരണം തെറ്റാണ്. ധനകാര്യ വകുപ്പ്് അയച്ച ഉത്തരവിനെ കുറിച്ച് ആശങ്കവേണ്ട. ആവശ്യമെങ്കില്‍ പണം ഏതുസമയത്തും പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിനെതിരായ നിലപാടാണ് കോണ്‍ഗ്രസിന്റേത്. മതേതര ശക്തികള്‍ അധികാരത്തില്‍ വരുന്നതിനാണ് കോണ്‍ഗ്രസ് പ്രാമുഖ്യം നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ഭവനം എന്നത് താന്‍ കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ ഡി സി സികള്‍ എഴുതി നല്‍കിയ ആവശ്യമാണ്. ഇത് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രകടന പത്രികയാണിതെന്ന് ചെന്നിത്തല പറഞ്ഞു.