കാട്ടുതീ: നശിക്കുന്നത് കേരളത്തനിമ

Posted on: March 28, 2014 6:00 am | Last updated: March 27, 2014 at 11:27 pm
SHARE

fireകേരളത്തിലെ വന മേഖലയില്‍ കാട്ടുതീ പടരുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ 2014 മാര്‍ച്ച് 21 വനദിനത്തില്‍ വയനാട് വന മേഖലയില്‍ പത്ത് ഇടങ്ങളിലാണ് മനപൂര്‍വം വനം കത്തിച്ച് നശിപ്പിച്ചത്. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെ നടക്കുന്ന സമരങ്ങളും കാട്ടുതീയും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ രക്തപ്പുഴ ഒഴുക്കുമെന്നും ജനങ്ങള്‍ നക്‌സലുകളായാല്‍ അത്ഭുതപ്പെടാനില്ലെന്നും പ്രസംഗിച്ചവര്‍ക്ക് വനം കത്തിക്കലുമായി ബന്ധമില്ലെന്ന് പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് നടന്ന അക്രമാസക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ വനം നശിപ്പിച്ചവര്‍ക്കെതിരെയും വനം കൊള്ള നടത്തിയവര്‍ക്കെതിരെയും വനം വകുപ്പെടുത്ത കേസുകളുടെ ഫയലുകള്‍ ലക്ഷ്യമാക്കി വനം വകുപ്പ് ആപ്പീസുകള്‍ കത്തിച്ച് ചാമ്പലാക്കിയത് കൂട്ടി വായിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സംശയങ്ങള്‍ ബലപ്പെടുകയാണ്. വനം ഉണ്ടെങ്കിലല്ലേ നിയന്ത്രണങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. വനം കത്തിച്ച് ചാമ്പലാക്കിയാല്‍ നിയമങ്ങള്‍ക്കെന്ത് വിലയാണുള്ളതെന്ന് ചിന്തിക്കുന്നവരാണ് കാട്ടുതീക്ക് പിന്നിലെങ്കില്‍ പ്രശ്‌നം ഗൗരവതരമാണ് താനും.
വയനാട്ടില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി 380 ഹെക്ടറിലധികം വനം തീയിട്ട് നശിപ്പിച്ചെന്ന് കണക്കാക്കുന്നു. കേരളത്തിന്റെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാട്ടുതീ ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ‘വേണമെങ്കില്‍’ സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) സി എസ് യാലാക്കി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ആരൊക്കെയോ മനപ്പൂര്‍വം തീയിട്ടിതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
സമരം വഴി അരാചകത്വം അഴിച്ചുവിടാനുള്ള ശ്രമം പല കോണുകളില്‍ നടക്കുന്നതിന്റെ സൂചനയായിട്ടാണ് തീയിടലിനെ കാണുന്നത്. കാട്ടുതീ മൂലം ഉണ്ടായിട്ടുള്ള യഥാര്‍ഥ നഷ്ടം എത്രയെന്ന് ഇനിയു തിട്ടപ്പെടുത്തിയിട്ടില്ല. മുത്തങ്ങയിലെ വയനാട് വന്യജീവി സങ്കേതവും തിരുനെല്ലിയിലെ വനവും പക്ഷി പാതാളവും സന്ദര്‍ശിക്കുന്നത് 2014 മാര്‍ച്ച് രണ്ട് മുതല്‍ തന്നെ വനം വകുപ്പ് കാട്ടുതീ ഭയന്ന് നിരോധിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നൂറ് കണക്കിന് ഹെക്ടര്‍ വന സമ്പത്ത് അഗ്നിക്ക് ഇരയാകുന്നത്. മുത്തങ്ങ, കുറിച്ചിയാട്, ചെമ്പാ കൊടുമുടി, മാനികുന്ന് മല, പെരിയ, സൂചിപ്പാറ തുടങ്ങിയ വന മേഖലകളിലാണ് മനപൂര്‍വം വനത്തിന് തീയിട്ടതായുള്ള സംശയം ഉടലെടുത്തിരിക്കുന്നത്. ഏകദേശം 424 ഹെക്ടര്‍ വന മേഖല കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കത്തിച്ചാമ്പലായി. ഇതില്‍ 58 ഹെക്ടര്‍ വടക്കേ വയനാട് വനം ഡിവിഷനിലും 250 ഹെക്ടര്‍ തെക്കേ വയനാട് വനം ഡിവിഷനിലും 116 ഹെക്ടര്‍ വയനാട് വന്യമൃഗ സംരക്ഷണ സങ്കേതത്തിലുമാണത്രെ. മാനന്തവാടി ഫോറസ്റ്റ് ഡിവിഷനില്‍ 100 ഹെക്ടറുകളുടെ മുളങ്കാടുകളാണ് കത്തി നശിച്ചിരിക്കുന്നത്. വനം വകുപ്പ് 20 ലക്ഷത്തോളം രൂപ ചെലവാക്കി ഫയര്‍ലൈനും ഫയര്‍ എന്‍ജിനും മറ്റു തീ കെടുത്താനുള്ള സംവിധാങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും മനപൂര്‍വമുള്ള കാട്ടുതീ തടയാന്‍ വനം വകുപ്പിന് ഇവകളൊന്നും തുണയായില്ല എന്നതാണ് സത്യം. 15 സ്ഥലങ്ങളിലെങ്കിലും സാമൂഹിക ദ്രോഹികള്‍ മനപൂര്‍വം തീയിട്ടിരിക്കാമെന്നാണ് വനം വകുപ്പ് മന്ത്രി പറയുന്നത്. തോല്‍പ്പെട്ടി റെയ്ഞ്ചിലെയും പെരിയ റെയ്ഞ്ചിലെയും വയനാട് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെയും കാട്ടുതീ വന്‍ നാശനഷ്ടമാണ് വനത്തിനും വന്യജീവികള്‍ക്കും ഇക്കോളജിക്കും വരുത്തിത്തീര്‍ത്തിരിക്കുന്നത്.
ആനയടക്കമുള്ള വന്യ മൃഗങ്ങള്‍ക്ക് തീപ്പിടിത്തത്തെ തുടര്‍ന്ന് സാരമായി പൊള്ളലേറ്റുവെന്നാണ് ദൃക്‌സാക്ഷികള്‍ പയുന്നത്. നൂറു കണക്കിന് പക്ഷികളും പക്ഷിക്കൂടുകളും കത്തിച്ചാമ്പലായി. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ എതിര്‍ക്കുന്നവരും കാട്ടുകള്ളന്‍മാരും തുടര്‍ച്ചയായി മൂന്ന് ദിവസം നടന്ന കാടു കത്തിക്കലുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ്. വയനാട് നടന്നതുപോലെ അട്ടപ്പാടിയിലും അഞ്ചാറു സ്ഥലങ്ങളില്‍ കാട്ടുതീ ഈ മര്‍ച്ച് മാസത്തില്‍ തന്നെയുണ്ടായി. വെന്തപ്പെട്ടി, പോട്ടിക്കല്‍, മുക്കാലി, ചവടിയൂര്‍, കിണ്ണക്കര, ഷോളയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വനം കത്തി ചാമ്പലായത്. 219 കോടി രൂപ ചെലവഴിച്ച് ജപ്പാന്‍ സഹായത്തോടെ വെച്ചുപിടിപ്പിച്ച അട്ടപ്പാടി ഇക്കോ റസ്റ്ററോഷന്‍ സ്‌കീമില്‍പ്പെട്ട ചില സ്ഥലങ്ങളിലെ ചില വനങ്ങളും കത്തിച്ചാമ്പലായതില്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രെ.
ഓരോ കാട്ടുതീയിലും നശിക്കുന്നത് സംസ്ഥാനത്തിന്റെ വന്‍ ജൈവ വൈവിധ്യ ശേഖരവും ഔഷധ ചെടികളുമാണ്. വന്യമൃഗ നാശവും വന സമ്പത്തിന്റെ നശീകരണവും ഒപ്പം നടക്കും. മുളങ്കാടുകള്‍ കത്തി നശിക്കുന്നത് മൂലം ഇല്ലാതാകുന്നത് പറമ്പ്, കുട്ട തുടങ്ങിയ നിര്‍മാണങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളാണ്.

എന്തിനാണ് നാം വനം സംരക്ഷിക്കുന്നത്
വനം ഓക്‌സിജന്‍ നല്‍കുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നു. ഭൂഗര്‍ഭ ജലം പുഷ്ടിപ്പെടുത്തുന്നതിനും കൂടുതല്‍ മഴ ലഭ്യമാക്കുന്നതിനും വനങ്ങള്‍ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ നിയന്ത്രിക്കുന്നതില്‍ വനങ്ങള്‍ക്ക് പങ്കുണ്ട്. ആഗോള താപനത്തിന്റെ കാരണമായ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്നതില്‍ വനങ്ങള്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നു. വനങ്ങളില്‍ വേനല്‍ക്കാല നീരൊഴുക്ക് നിലനിര്‍ത്തുന്നതിലും വനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മേല്‍മണ്ണ് കുത്തിയൊലിച്ച് പോകാതിരിക്കുന്നതിനും ചൂട് അനിയന്ത്രിതമായി ഉയരുന്നത് തടയുന്നതിനും വനങ്ങള്‍ വേണം. ഇടനാട്ടിലും തീരദേശത്തും കുടിവെള്ളം ഉറപ്പാക്കുന്നത് വനങ്ങളാണ്. അണക്കെട്ടുകളില്‍ കൂടുതല്‍ വെള്ളം ശേഖരിക്കുന്നതിലും വന്യമൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ആവാസ വ്യവസ്ഥ ഒരുക്കുന്നതിലും വനങ്ങള്‍ക്ക് പങ്കുണ്ട്. വനങ്ങളുടെ അടിത്തട്ടിലെ ഇലകള്‍ വീണ് ചീഞ്ഞുണ്ടാകുന്ന ധാതുലവണങ്ങള്‍ പുഴകളിലൂടെയും അരുവികളിലൂടെയും ഇടനാട്ടിലും കായലുകളിലും എത്തിക്കുന്നതാണ് വെള്ളത്തിലെ പ്ലവക സസ്യങ്ങള്‍ക്ക് ആഹാരമാകുന്നത്. ഈ പ്ലവക സസ്യങ്ങള്‍ മത്സ്യങ്ങളുടെ ആഹാരമാണ്. കാട്ടുതീ നശിപ്പിക്കുന്നത് വിലമതിക്കാനാകാത്ത വന സമ്പത്തും നാടിന്റെ വരുമാന മാര്‍ഗവുമാണ്.
എണ്ണിയാലൊടുങ്ങാത്ത വന വിഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. നാട്ടില്‍ കൃഷി സാധ്യമാക്കുന്നതിന് ഹൈറേഞ്ചുകളില്‍ വനങ്ങള്‍ അത്യന്താപേക്ഷിതമാണ്. 1940 കളില്‍ 12,850 ചതുരശ്ര കിലോമീറ്റര്‍ വന മേഖല കേരളത്തിനുണ്ടായിരുന്നത് വിവിധ കാരണങ്ങളാല്‍ ചുരുങ്ങി ചുരുങ്ങി ഇന്ന് ഉദ്ദേശ്യം 2,750 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണുള്ളത്. ഇത് മൂലം കേരളത്തിന്റെ ശരാശരി താപനില ഉയരുകയും അന്തരീക്ഷ ഈര്‍പ്പം കുറക്കുകയും വായു കൂടുതല്‍ വരണ്ടു പോകുകയും ചെയ്തിട്ടുണ്ട്. സാധാരണയായി ഈറ്റയും മുളയും ഉരസുന്നത് മൂലം കാടുകളില്‍ പ്രകൃത്യാ കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും വളരെ വിരളമായേ ഇത് സംഭവിക്കാറുള്ളൂ. എന്നാല്‍ വനത്തിനകത്ത് വാറ്റ് ചാരായം നിര്‍മിക്കുമ്പോഴും സിഗററ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുമ്പോഴും വനത്തിനകത്തു കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകളില്‍ നിന്നുണ്ടാകുന്ന തീപ്പൊരിയും വനത്തിനകത്തെ വീടുകളില്‍ അശ്രദ്ധമായി തീ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യര്‍ മനപൂര്‍വമായും മനുഷ്യനിര്‍മിതമായ കാട്ടുതീ പ്രത്യക്ഷപ്പെടാവുന്നതാണ്. കാടുകളില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീ പടരുവാന്‍ സാധ്യത ഏറെയുണ്ട്.
ഇതില്‍ ഏറ്റവും ക്രൂരമായ വിനോദം മനപൂര്‍വം വനത്തില്‍ തീയിടുന്ന പ്രവര്‍ത്തിയാണ്. വേനല്‍ക്കാലങ്ങളില്‍ ഉണങ്ങിയ ഇലകള്‍ കുന്നുകൂടുന്നതുകൊണ്ട് വന മേഖല പെട്ടെന്ന് കത്തിച്ചാമ്പലാകാന്‍ ഇടയുണ്ട്. വനം നശിപ്പിച്ച് തടി കടത്താനും വന്യ മൃഗങ്ങളുടെ കൊമ്പും നഖവും എല്ലും ശേഖരിക്കുന്നതിനും ചിലര്‍ വനത്തിനകത്ത് തീ കൊളുത്താറുണ്ട്. അന്താരാഷ്ട്രാ ആനക്കൊമ്പ് കടത്തുകാര്‍ക്കും വനം കൊള്ളക്കാര്‍ക്കും കാട്ടുതീ പെരുകുന്നതില്‍ വലിയ പങ്കുണ്ട്. വനം ഒരു നാടിന്റെ വളര്‍ച്ചയുടെ ലക്ഷണവും പ്രാദേശിക കാലാവസ്ഥയുടെ സന്തുലിതാവസ്ഥയുമാണ് കാണിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഏറ്റവും വലിയ കാട്ടുതീ ഉണ്ടായത് 2003-2004 കാലഘട്ടത്തിലാണ്. അന്ന് കത്തിച്ചാമ്പലായത് 15,581 ഹെക്ടര്‍ വനപ്രദേശമാണ്. കേരളത്തിലെ കുടിവെള്ള ക്ഷാമത്തിനും താപ വര്‍ധനവിനും ഒരു പ്രധാന കാരണം സംസ്ഥാനത്തെ വന നാശമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മഴവെള്ളം പുഴകളിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ കടലിലും കായലുകളിലും ചെന്നെത്തുന്നത് വനം നാശമൂലമാണെന്ന് വളരെ വ്യക്തമാണ്. വനഭൂമിക്ക് അനധികൃതമായി പട്ടയം ലഭിക്കുന്നതിനും പാറമട സ്ഥാനപിക്കുന്നതിനും വനം കൈയേറ്റം നടത്തുന്നതിനും തടി കടത്തിക്കൊണ്ടുപോകുന്നതിനുമാണ് കാട്ടുതീ സൃഷ്ടിക്കുന്നത്.
സംസ്ഥാനത്തിന്റെ തനിമ ചോര്‍ന്നുപോകുന്നതിന് ഇത് ഇടവരുത്തും. ഭരണം, സര്‍ക്കാര്‍ സംവിധാനം എന്നിവയെല്ലാം നോക്കുകുത്തിയാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് കാട്ടുതീ സൃഷ്ടിക്കുന്നവരുടെ ധൈര്യം. അഴിമതിയെന്നാല്‍ പണമിടപാട് മാത്രമല്ല, ഭരണത്തിലെ കെടുകാര്യസ്ഥതയും പ്രാപ്തിക്കുറവും കഴിവുകേടും സ്വജനപക്ഷപാതവും അഴിമതിക്ക് കൂട്ടുനില്‍ക്കലും അതില്‍ ഉള്‍പ്പെടും. സംസ്ഥാനം മരുവല്‍ക്കരിക്കപ്പെടാതിരിക്കാനും ജനങ്ങളുടെ കുടിവെള്ളം കിട്ടാക്കനിയാകാതിരിക്കാനും വനം സംരക്ഷിക്കപ്പെടണം. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്തെ വന മേഖലക്ക് അതീവ സുരക്ഷിതത്വം നല്‍കണം.