കലാപ ബാധിതര്‍ക്ക് നീതി ലഭ്യമാക്കണം

Posted on: March 28, 2014 6:00 am | Last updated: March 27, 2014 at 11:24 pm
SHARE

മുസാഫര്‍ നഗര്‍ കലാപം ആളിപ്പടരാനിടയാക്കിയത് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അനാസ്ഥയാണെന്ന് സുപ്രീം കോടതിയും. എഴുപതോളം പേരുടെ ജീവനെടുക്കുകയും 40,000ത്തിലേറെ പേരെ ഭവനരഹിതരാക്കുകയും ചെയ്ത കലാപത്തിനെതിര സര്‍ക്കാര്‍ തുടക്കത്തിലേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ആള്‍നാശവും അനിഷ്ട സംഭവങ്ങളും ഗണ്യമായി കുറക്കാനാകുമായിരുന്നുവെന്നും, കലാപത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചു സി ബി ഐ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെടുകയുണ്ടായി. കലാപം തടയുന്നതില്‍ അഖിലേഷ് യാദവ് സര്‍ക്കാറിന് സംഭവിച്ച വീഴ്ച ശബ്‌നാ ആസ്മിയുടെ നേതൃത്വത്തിലുള്ള വസ്തുതാ അന്വേഷണ സംഘമടക്കം വിവിധ സംഘടനകളും യു പിയിലെ മുസ്‌ലിം നേതാക്കളും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്.

ഗുജറാത്ത് മോഡല്‍ വംശീഹത്യയാണ് മുസാഫര്‍ നഗറില്‍ സംഘ്പരിവാര്‍ ലക്ഷ്യമിട്ടതെന്ന് വസ്തുതാന്വേഷക സംഘം റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നുണ്ട്. കലാപത്തിന്റെ മുന്നൊരുക്കമായി മുസാഫര്‍ നഗറിന്റെ സമീപ പ്രദേശങ്ങളില്‍ നിന്ന് പതിനഞ്ച് പേര്‍ വീതമടങ്ങുന്ന സംഘങ്ങളെ സംഘ്പരിവാര്‍ റിക്രൂട്ട് ചെയ്തിരുന്നുവെന്നും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ഹിന്ദുത്വ ഭീകരരുടെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടതായും സംഘം നിരീക്ഷിക്കുന്നു. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും അടങ്ങുന്ന വസ്തുതാന്വേഷക സംഘം കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
1990 കളില്‍ യു പിയിലെ ഒന്നാമത് രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്ന ബി ജെ പി ഒരു പതിറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാന ത്തേക്ക് തള്ളപ്പെട്ടതോടെയാണ് വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തില്‍ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ നരേന്ദ്ര മോദിയുടെ വലംകൈയായ അമിത് ഷായെ നിയോഗിച്ചതും, പരിക്രമ യാത്ര ആസൂത്രണം ചെയ്തതുമെല്ലാം ഇതിന്റെ മുന്നോടിയായിരുന്നു. വര്‍ഗീയ കലാപങ്ങളും സാമുദായിക സംഘര്‍ഷങ്ങളും അധ ികാരത്തിലെത്താനുള്ള കുറുക്കുവഴിയാണെന്ന് അയോധ്യ പ്രശ്‌നത്തിലൂടെയും ഗുജറാത്ത് വംശഹത്യയിലൂടെയും ബി ജെ പി നേരത്തെ പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. വി എച്ച് പി പരിക്രമ യാത്ര പ്രഖ്യാപിച്ചപ്പോള്‍ അതിനു പിന്നിലെ ഗൂഢലക്ഷ്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മതേതര പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കുകയും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ സംഘ്പരിവാറിന്റെ നീക്കങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പരിക്രമ യാത്ര പരാജയപ്പെടുത്താന്‍ യു പി സര്‍ക്കാര്‍ ആര്‍ജവം കാണിച്ചെങ്കിലും, ഹിന്ദുത്വ ഭീകരത അതിന്റെ പിന്നാലെ ആസൂത്രണം ചെയ്ത വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. കലാപത്തിന്റെ തുടക്കത്തിലേ അത് കെടുത്തിക്കളയുന്നതിലും ഇരകളോട് നീതി കാണിക്കുന്നതിലും അഖിലേഷ് സര്‍ക്കാര്‍ വീഴ്ച വരുത്തുകയും ചെയ്തു. യു പിയിലെ അന്നത്തെ കൊടും ശൈത്യകാലാവസ്ഥയില്‍ അതിനെ ചെറുക്കാനുള്ള സൗകര്യങ്ങളൊരുക്കാതെയാണ് കലാപത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ഏര്‍പ്പെടുത്തിയത്. തന്മുലം ക്യാമ്പിലെ നിരവധി കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് മുമ്പേ അവരെ ക്യാമ്പുകളില്‍ നിന്ന് ഇറക്കി വിട്ടു വഴിയാധാരമാക്കുകയുമുണ്ടായി. കലാപ ബാധിതര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടുമില്ല. സമാജ്‌വാദി പാര്‍ട്ടി അണിഞ്ഞ ന്യൂനപക്ഷ സംരക്ഷണത്തിന്റെ മുഖംമുടിയാണ് മുസാഫര്‍ നഗറില്‍ അഴിഞ്ഞു വിണത്. ഇരകളോട് നീതി കാണിച്ചാല്‍, മുസ്‌ലിം പ്രീണനമായി മുദ്രയടിക്കപ്പെടുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് അഖിലേഷ് സര്‍ക്കാറിന്റെ ഈ നിലപാടിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
സുപ്രീം കോടതിയുടെ ഉത്തരവില്‍ നഷ്ടപരിഹാരം ഉടനടി നല്‍കാനും നേരത്തെ പ്രഖ്യാപിച്ച നഷ്ട പരിഹാരത്തിന് പുറമെ അഞ്ച് ലക്ഷം രൂപ വീതം ഒരു മാസത്തിനകം നല്‍കാനും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും നിര്‍ദേശമുണ്ട്. ക്രമസമാധാന പാലനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും കോടതി ആവശ്യപ്പെടുന്നു. ഹിന്ദുത്വ വര്‍ഗീയതയുടെ ആധിപത്യത്തിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസും ഇത്തരം ക്രമസമാധാന സേനകളുമെന്ന് മുമ്പേ പരാതിയുണ്ട്. സേനകളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ തഴഞ്ഞു സംഘ്പരിവാര്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും തിരുകിക്കയറ്റുന്ന പ്രവണതയാണ് കാലാകാലങ്ങളായി നിലനില്‍ക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഇരകള്‍ക്ക് സംരക്ഷണവും നീതിയും ലഭിക്കാതെ പോകുന്നതിന്റെ ഒരു പ്രധാന കാരണവുമിതാണ്. അടുത്ത കാലത്തായി കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്കും ഈ പ്രവണത പടരുന്നുണ്ട്. തിരിച്ചറിഞ്ഞ് പ്രതിരോധം സൃഷ്ടിക്കാന്‍ വര്‍ഗീയവിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവര്‍ ഒന്നിക്കാന്‍ സമയമായിരിക്കുകയാണ്.