Connect with us

Kerala

രാഷ്ട്രീയം സമസ്തയുടെ ലക്ഷ്യമല്ല: കാന്തപുരം

Published

|

Last Updated

കോട്ടക്കല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രാഷ്ടീയം പറയാന്‍ രൂപവത്കരിച്ചതല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
കോട്ടക്കലില്‍ സമസ്ത ജില്ലാ പണ്ഡിത കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പറയാന്‍ തങ്ങള്‍ക്കാകില്ല. സമസ്തയില്‍ വിശ്വാസം അര്‍പ്പിച്ചവരില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. ഓരോ രാഷ്ട്രീയക്കാരനും യോജിപ്പിച്ച് അഭിപ്രായം പറയാന്‍ തുടങ്ങിയാല്‍ അത് കുഴപ്പങ്ങള്‍ക്കാണിടവരുത്തുക. എന്നാലും രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഓരോന്നും അതിന്റെതായ സമയങ്ങളില്‍ അണികളെ സംഘടനാ ചാനലില്‍ കൂടി അറിയിക്കും.
അധികാരവും രാഷ്ട്രീയ ബലവും ഉപയോഗപ്പെടുത്തി സുന്നി സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്ന നിലപാടാണ് ആദ്യകാലം മുതല്‍ നവീന ആശയക്കാര്‍ പുലര്‍ത്തി വരുന്നത്. ഇക്കാരണത്താല്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ സമസ്ത ആദ്യകാലത്ത് ചിലതീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലം കണ്ട് പലര്‍ക്കും തിരുത്തേണ്ടിവന്നിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
സുന്നി ആദര്‍ശം നിലനിര്‍ത്തലാണ് ലക്ഷ്യം. മതം പഠിപ്പിക്കലും പ്രചരിപ്പിക്കലുമാണ് മുഖ്യം. അതിനെതിരെ ഏത് ശക്തികള്‍ വന്നാലും ചെറുത്ത് തോല്‍പ്പിക്കാന്‍ മാത്രം ശക്തമാണ് സമസ്തയും അതിന്റെ കീഴ്ഘടകങ്ങളുമെന്നും കാന്തപുരം പറഞ്ഞു.