Connect with us

Ongoing News

വോട്ട് പിടിക്കാന്‍ 'മാഹീത്തെ പെമ്പിള്ളേരും'

Published

|

Last Updated

കണ്ണൂര്‍: ഒരു പാട്ടുകേട്ടാല്‍ അത് പോളിംഗ് ബൂത്തിലെത്തും വരെ സിരകളിലങ്ങനെ കത്തിപ്പടുന്ന കാലമുണ്ടായിരുന്നു. കരിവെള്ളൂരിന്റെയും പുന്നപ്രയുടെ സമരഗീതം പാടി തിരഞ്ഞെടുപ്പില്‍ വോട്ടുപിടിച്ച പഴയകാലവും ഓര്‍മകളും ഇന്ന് പടിക്ക് പുറത്ത്. താളമോ, രാഗമോ, നല്ല വരികളോ ഇല്ലാതെ “വായക്ക് തോന്നുതെന്തും കോതക്ക്” പാട്ടാകുന്ന ന്യൂജനറേഷന്‍ തരംഗമാണ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇപ്പോള്‍ കത്തിക്കയറുന്നത്. കേട്ടുമറന്ന പഴയ പാട്ടുകളും മാപ്പിളപ്പാട്ടും നാടന്‍പാട്ടുകളുമെല്ലാം താരതമ്യേന കുറഞ്ഞ പ്രചാരണപ്പാട്ട് രംഗത്ത് ന്യൂജനറേഷന്‍ തന്നെയാണ് ആധിപത്യം. വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍, ബ്ലോഗ് എന്നീ സോഷ്യല്‍ മീഡിയകളിലൂടെ ന്യൂജനറേഷന്‍ തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ പുതിയ തരംഗമായി മാറുകയാണ്. മാഹീത്തെ പെമ്പിള്ളാരെ കണ്ട്ക്കാ” എന്ന യു ട്യൂബ് ഗാനമാണ് വിപ്ലവ പാര്‍ട്ടി പോലും മലബാറില്‍ പ്രധാന തിരഞ്ഞെടുപ്പ് ഗാനങ്ങളിലൊന്നായി തിരഞ്ഞെടുത്തിട്ടുള്ളത്. “വടകരേലെ സ്ഥാനാര്‍ഥി സഖാവ് ശംസീറിനെ കണ്ട്ക്കാ… കണ്ട്ക്കില്ലെ വാ വടകരക്ക് വാ” എന്ന് തുടങ്ങുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രചാരണഗാനം ഇതിനകം വടകരയില്‍ മാത്രമല്ല എല്ലായിടത്തും ഹിറ്റായി കഴിഞ്ഞു. യു ഡി എഫും ഈ ഗാനത്തിന് മറ്റൊരു രൂപഭേദം നല്‍കി അവതരിപ്പിക്കുന്നുണ്ട്. “അമ്പത്തൊന്ന് വെട്ടുകാരെ കണ്ട്ക്കാ”, “പട്ടാപ്പകല്‍ കൊല്ലുന്നവരെ കണ്ട്ക്കാ…… എന്നിങ്ങനെ തുടങ്ങുന്നതാണ് യു ഡി എഫിന്റെ പ്രചാരണ ഗാനം. “അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി” എന്ന ഗാനത്തിനും പാരഡിയിറങ്ങിയിട്ടുണ്ട്. എല്‍ ഡി എഫും യു ഡി എഫും ഈ പാട്ടിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ന്യൂജനറേഷന്‍ ഗാനങ്ങളൊടൊപ്പം പുതുതായി ഇറങ്ങിയ മാപ്പിളപ്പാട്ടുകളും പ്രചാരണരംഗത്തെ പുതിയ “പടപ്പാട്ടു” കളാണ്. ഹാര്‍മോണിയപ്പെട്ടിയും തബലയുമേന്തി തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങള്‍ക്കൊപ്പമണിനിരന്ന് നല്ല പാട്ടുകള്‍ പാടിയ പഴയ നാട്ടുകലാകാരന്മാരില്‍ പലരും പീടികക്കോലായിലിരുന്ന് ന്യൂജനറേഷന്‍ പാട്ട് കേട്ട് മൂക്കത്ത് വിരല്‍ വെച്ച് ചിലപ്പോള്‍ പറയുന്നുണ്ടാകും. “ഇത് കലികാലം തന്നെ”.

---- facebook comment plugin here -----

Latest