Connect with us

Ongoing News

നാടിനൊപ്പം സ്ഥാനാര്‍ഥികളും ഉരുകിയൊലിക്കുന്നു

Published

|

Last Updated

ഉച്ചവെയിലിലെ പ്രചാരണച്ചൂടിനിടയില്‍ ഇത്തിരി തണല്‍ തേടി അണികളും നേതാക്കളും പരക്കം പായുന്നത് ഒരു പക്ഷേ ഈ തിരഞ്ഞെടുപ്പ് കാലത്തെ മാത്രം കാഴ്ച. ഒരിളനീരിനോ തണ്ണിമത്തനോ ഉള്ള് കുളിര്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ചൂടാണ് ഇക്കുറിയുള്ളതെന്ന് കക്ഷിഭേദമന്യേ സര്‍വരും സമ്മതിക്കുന്നു. തിരഞ്ഞെടുപ്പ് ചൂട് കുറക്കാതെ പകല്‍ച്ചൂടില്‍ നിന്ന് ഒന്ന് മാറി നില്‍ക്കണമെന്ന് നേതാക്കള്‍ അണികളെ ഉത്‌ബോധിപ്പിക്കുന്നു. “ചുവരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാനാകൂ” …….

സൂര്യാഘാതത്തിന് പോലും ഇടയാക്കിയേക്കാവുന്ന കൊടും ചൂടാണ് വരുംനാളുകളില്‍ കാത്തിരിക്കുന്നതെന്ന കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് ഇത്തവണ നേതാക്കള്‍ കുറേക്കൂടി “ഗൗരവ” മായി തന്നെ കണക്കിലെടുത്തിട്ടുണ്ട്. ഉച്ചവെയിലില്‍ നിന്ന് മാറിനിന്നുള്ള അല്‍പ്പനേരത്തെ വിശ്രമത്തിന് ശേഷം മാത്രമാണ് പലയിടത്തും സ്ഥാനാര്‍ഥികളുടെ തേരോട്ടം നടക്കുന്നത്. വേനല്‍ച്ചൂട് കൂടിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഇക്കുറി ചെറുതായെങ്കിലും ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കടുത്ത ചൂടാണ് മാര്‍ച്ച് മാസത്തില്‍ തന്നെ നാടിനെ വിയര്‍പ്പിക്കുന്നത്. സാധാരണ ഉണ്ടാകാറുള്ളതില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഡിഗ്രി സെല്‍ഷ്യസ് ചൂട് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ദീര്‍ഘകാല ശരാശരിയില്‍ നിന്ന് ഏറെ നാളുകള്‍ക്ക് ശേഷമുള്ള വ്യതിയാനമാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയിലുണ്ടാകാറുള്ളത് പോലെ പാലക്കാട്ട് തന്നെയാണ് ഇത്തവണയും റെക്കോര്‍ഡ് ചൂടനുഭവപ്പെടുന്നത്. പാലക്കാട്ട കഴിഞ്ഞ ദിവസം 38.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. പാലായിലും പുനലൂരിലും 38 ഉം കോഴിക്കോട് 36 ഉം, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് ചൂടുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
ചൂട് ഉച്ചസ്ഥായിയില്‍ എത്തുന്നത് ഉച്ചക്ക് 12 മുതല്‍ രണ്ടര മണി വരെയുള്ള സമയങ്ങളിലാണ്. ഈ സമയങ്ങളില്‍ സൂര്യരശ്മികള്‍ നേരിട്ട് ശരീരത്തിലേക്ക് പതിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് തന്നുകഴിഞ്ഞു. തിരഞ്ഞെടുപ്പ് നാളുകളായതിനാല്‍ ഭവന സന്ദര്‍ശനവും മറ്റ് അനുബന്ധ പരിപാടികളുമൊക്കെ ഈ സമയങ്ങളിലാണ് നടക്കേണ്ടത്.
സാധാരണ സ്ഥാനാര്‍ഥികളുടെ പര്യടനവും സ്വീകരണവുമൊക്കെ തുറന്ന ജീപ്പിലോ മറ്റോ ആയിരുന്നെങ്കില്‍ ഇക്കുറി അത് ഏറെക്കുറെ അടഞ്ഞ വാഹനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നോട്ടീസ് വിതരണം, കുടുംബയോഗങ്ങള്‍, പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, കവലപ്രസംഗങ്ങള്‍ തുടങ്ങി ഏറെ ജോലികള്‍ തിരഞ്ഞെടുപ്പ് അടുക്കും മുമ്പെ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. എന്നാല്‍, കടുത്ത ചൂട് ഇതിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി