ഗ്രീന്‍ സിഗ്നല്‍ നല്‍കുന്ന റെയില്‍വേ; പാളംതെറ്റിയ കോച്ച് ഫാക്ടറി

  Posted on: March 27, 2014 11:46 pm | Last updated: March 27, 2014 at 11:46 pm
  SHARE

  railway coachതിരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കാകുമ്പോള്‍ റെയില്‍വേ വികസനം മുഖ്യചര്‍ച്ചയാകുന്നത് സ്വാഭാവികം. ഓരോ റെയില്‍ ബജറ്റുകള്‍ക്ക് ശേഷവും അവഗണനയെന്ന വാക്ക് കേട്ട് ശീലിച്ച കേരളത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. സ്റ്റേഷനുകളില്‍ സ്ഥാപിച്ച എസ്‌കലേറ്ററുകള്‍ മുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചത് വരെ പ്രചാരണ വിഷയമാക്കുന്നതില്‍ തന്നെ റെയില്‍വേയും മലയാളിയും തമ്മിലുള്ള ബന്ധം ബോധ്യമാകും. റെയില്‍വേ ഭൂപടത്തില്‍ കേരളമില്ലെന്ന ആക്ഷേപമൊന്നും ഇപ്പോള്‍ എന്തായാലുമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബജറ്റുകള്‍ നോക്കുമ്പോള്‍ പൊതുവില്‍ പരിഗണന ലഭിച്ചിട്ടുമുണ്ട്. സ്റ്റേഷനുകളുടെ നവീകരണവും ഓടി തുടങ്ങിയ പുതിയ ട്രെയിനുകളും ഇതിന് ഉദാഹരണം. അതേസമയം, റെയില്‍വെസോണും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും കേരളത്തെ അവഗണനയുടെ ട്രാക്കിലാക്കുന്നുവെന്ന വസ്തുത കാണാതിരിക്കാനുമാകില്ല.

  കേരളം ആസ്ഥാനമായി ഒരു റെയില്‍വെ സോണ്‍ വേണമെന്ന ആവശ്യം വര്‍ഷങ്ങളായി കേരളം ഉന്നയിക്കുന്നതാണ്. ഓരോ ബജറ്റിന് മുമ്പും ഇത് ആവര്‍ത്തിച്ച് കൊണ്ടിരിക്കും. ഇന്നും ഇത് ആവശ്യം മാത്രമായി അവശേഷിക്കുകയാണ്. പാലക്കാട് വിഭജിച്ച് സേലം ആസ്ഥാനമായി പുതിയ ഡിവിഷന് ഉണ്ടാക്കിയപ്പോള്‍ വാഗ്ദാനം ചെയ്തതാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. 1980ല്‍ ഇന്ദിരാഗാന്ധി കേരളത്തിന് വാഗ്ദാനം ചെയ്ത റെയില്‍ കോച്ച് ഫാക്ടറി 28 വര്‍ഷത്തിനു ശേഷം ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്താണ് റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചതിനെ തുടര്‍ന്ന് കേരളത്തിലുണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ ലാലുപ്രസാദ് യാദവാണ് പാലക്കാട് കോച്ച് ഫാക്ടറി ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.
  2012 ആഗസ്റ്റ് 17നാണ് 239 ഏക്കര്‍ ഭൂമി കോച്ച് ഫാക്ടറി നിര്‍മിക്കാന്‍ റെയില്‍വേക്ക് കൈമാറിയത്. ആഘോഷങ്ങളോടെ ഫാക്ടറിക്ക് തറക്കല്ലിട്ടെങ്കിലും ചുറ്റുമതില്‍ കെട്ടിയതല്ലാതെ മറ്റുനടപടികളൊന്നുമുണ്ടായില്ല. 556 കോടി ചെലവ് കണക്കാക്കിയ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാത്തതിനെത്തുടര്‍ന്ന് നിര്‍മാണച്ചെലവ് വീണ്ടും ഉയരുകയാണ്.
  കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പാക്കാന്‍ 2012 സെപ്തംബര്‍ 25ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ആറുമാസത്തെ സാവകാശവും തേടിയിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറി നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങി. ചേര്‍ത്തല റെയില്‍വേ വാഗണ്‍ ഫാക്ടറിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇതു തന്നെയാണ് റെയില്‍വേ അവഗണനക്ക് പ്രതിപക്ഷം പ്രധാന ഉദാഹരണമായി എടുത്ത് കാട്ടുന്നത്.
  പുതിയ ട്രെയിനുകളും സ്റ്റേഷനുകളുടെ നവീകരണവുമാണ് യു ഡി എഫിന്റെ ആയുധം. അഞ്ചുവര്‍ഷത്തനിടെ നിരവധി പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ച കാര്യം അവര്‍ എടുത്ത് കാട്ടുന്നു. കേരളവുമായി റെയില്‍വേ കണക്ടിവിറ്റി ഇല്ലാതിരുന്ന പല സംസ്ഥാനങ്ങളിലേക്കും ഇപ്പോള്‍ ഇവിടെ നിന്ന് ട്രെയിനുണ്ട്. ജനശതാബ്ദി, ഗരീബ് രഥ്, രാജ്യറാണി, വിവേക് എക്‌സ്പ്രസുകള്‍ അഞ്ചുവര്‍ഷത്തിനിടെ സര്‍വീസ് തുടങ്ങിയതാണ്. തിരുവനന്തപുരം- ബംഗളുരു പ്രീമിയം ട്രെയിന്‍, തിരുവനന്തപുരത്തുനിന്ന് നിസാമുദ്ദീനിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍, തിരുവനന്തപുരം വഴി പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ എന്നിവയാണ് ഏറ്റവും അവസാനത്തെ ബജറ്റില്‍ കേരളത്തിന് കിട്ടിയത്.
  ഹ്രസ്വദൂര യാത്രക്കാര്‍ക്കായി പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ അനുവദിച്ചതിനൊപ്പം മെമു സര്‍വീസുകള്‍ അവതരിപ്പിച്ചതും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് ഊന്നല്‍ നല്‍കിയതെന്ന് യു ഡി എഫ് എം പിമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്. ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ പൂര്‍ത്തിയായി വരുന്ന വൈദ്യുതീകരണവും കോട്ടയം-എറണാകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി വരുന്നതും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. കൂടുതല്‍ സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍, കേരളം പകുതി ചെലവ് വഹിക്കുമെന്ന് അറിയിച്ച നിലമ്പൂര്‍-നഞ്ചന്‍കോട് പാത, റെയില്‍വെ മെഡിക്കല്‍ കോളജ്, സാറ്റ്‌ലൈറ്റ് സ്റ്റേഷന്‍, ഷണ്ടിംഗ് യാര്‍ഡുകള്‍, ശബരിപാത, ഗുരുവായൂര്‍-കുറ്റിപ്പുറം പാത തുടങ്ങിയവ സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്. നേമത്തെ കോച്ച് യാര്‍ഡും കുപ്പിവെള്ള ഫാക്ടറിയുമെല്ലാം പ്രഖ്യാപനം മാത്രമായി അവശേഷിക്കുന്നത് തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുകയാണ്.