Connect with us

Ongoing News

ജാതി വോട്ടുകളില്‍ കണ്ണുംനട്ട് മുന്നണികള്‍

Published

|

Last Updated

ജാതി വോട്ടുകള്‍ ഗതി നിര്‍ണയിക്കുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിന്റെ ആവേശം ഉയര്‍ന്നു കഴിഞ്ഞു. ഇരുമുന്നണിക്കും അഭിമാനപ്പോരാട്ടം നടക്കുന്ന അനന്തപുരിയില്‍ തന്നെയാണ് കേരളത്തില അക്കൗണ്ട് തുറക്കാനുള്ള സ്വപ്‌നങ്ങള്‍ക്ക് മേല്‍ ബി ജെ പിയും അടയിരിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളാണ് ബി ജെ പിയെ മോഹിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയില്ലാതിരിന്നിട്ടും രാജഗോപാലിന് തന്നെ ഇവിടെ മത്സരയോഗമുണ്ടായത്.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മധ്യവര്‍ഗത്തിന്റെ പിന്തുണയാണ് ഇത്തവണയും കേന്ദ്രമന്ത്രി കൂടിയായ ശശി തരൂരിന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ ജില്ലയിലെ വടക്കന്‍ മേഖലയായ നെയ്യാറ്റിന്‍കര, പാറശ്ശാല, പടിഞ്ഞാറന്‍ മേഖലയായ കോവളം തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെ നാടാര്‍ വോട്ടുകളിലാണ് ഇടതുപക്ഷത്തിന്റെ കണ്ണ്. രാഷ്ട്രീയത്തിനും മുന്നണിക്കും ആനുകാലിക സംഭവവികാസങ്ങള്‍ക്കുമപ്പുറം ജാതി രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്ന ഈ മേഖലയിലെ നാടാര്‍ വോട്ടുകളും ഏകീകരിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. തിരുവനന്തപുരം, നേമം, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിലെ നായര്‍ വോട്ടുകള്‍ ഒ രാജഗോപാലും ശശിതരൂരും പങ്കിട്ടെടുക്കുകയും ചെയ്താല്‍ എ ചാള്‍സിന് ശേഷം മറ്റൊരു നാടാറായ ബെന്നറ്റ് എബ്രഹാമിന് സാധ്യതയുണ്ടെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമുന്നണിയുടെയും പിന്തുണയില്ലാതെ ബി എസ് പി ടിക്കറ്റില്‍ മത്സരിച്ച നീലലോഹിത ദാസന്‍ നാടാര്‍ 85000 വോട്ട് പിടിച്ചത് ഇതിന് തെളിവാണ്. ഇത് ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് ബലമേകുന്നുണ്ട്. എന്നാല്‍ നിലവില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങള്‍ യു ഡി എഫിനെയാണ് പിന്തുണക്കുന്നത്. കോവളം മാത്രമാണ് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നത്. നെയ്യാറ്റിന്‍കരയിലും പാറശ്ശാലയിലും ബി ജെ പിയുടെ സംഘടനാ സംവിധാനവും പ്രചാരണവും അത്ര സജീവവുമല്ല. ശശി തരൂര്‍ ആദ്യഘട്ടം പ്രചാരണം തുടങ്ങിയിട്ടേയുള്ളൂ. എന്നാല്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം രണ്ടുഘട്ടം പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലെ നാടാര്‍ വോട്ടുകള്‍ ഏകീകരിക്കുക്കുകയും തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ ഇടതുപക്ഷത്തിന്റെയും അനുഭാവികളുടെയും വോട്ട് ചോരാതെ പെട്ടിയിലെത്തിക്കുകയും ചെയ്താല്‍ കൈവിട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇടതുമുന്നണിക്ക് സംശയമില്ല. എന്നാല്‍ നാടാര്‍ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശശി തരൂരിന് കഴിഞ്ഞാല്‍ കാര്യങ്ങള്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയുമുണ്ട്. ഐ പി എല്‍ വിവാദം, സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം എന്നിവ പ്രരോധത്തിലാക്കിയ ശശി തരൂര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തന്റെ വികസന നേട്ടങ്ങള്‍ നിരത്തി തന്നെയാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. വികസന നേട്ടങ്ങളില്‍ നിന്ന് ചര്‍ച്ച വഴിമാറ്റാന്‍ ഇടതുപക്ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രചാരണ പരിപാടികള്‍ തന്നെയാണ് മുന്നോട്ടുവെച്ചത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ കൈവിട്ട സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം ചര്‍ച്ചയിലൂടെ വിവാദമാക്കി കൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. എം വിജയകുമാറിന്റെ വിവാദ പ്രസ്താവനയും തുടര്‍ന്നുള്ള വിവാദങ്ങളും ഇതിന്റെ ഭാഗമായിരുന്നു.
അതേസമയം മോദിപ്രഭയും, ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവവും വോട്ടായി മാറുമ്പോള്‍ കേരളത്തില്‍ നിന്ന് ആദ്യത്തെ താമരവിരിയക്കാമെന്ന് ബി ജെ പി സ്വപ്‌നം കാണുന്നുണ്ടെങ്കിലും അതിന്റെ സാക്ഷാത്കാരത്തില്‍ അമിത മോഹങ്ങളൊന്നും പാര്‍ട്ടിക്കില്ലെന്നാണ് ബി ജെ പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. ഒപ്പം രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തോട് പാര്‍ട്ടി നേതൃത്വത്തിന് പൂര്‍ണമായ തൃപ്തിയില്ലാത്തും ഇതിന് കാരണമാണ്. പ്രചാരണത്തിന് ഒട്ടും പിന്നിലല്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ അജിത് ജോയിയും രംഗത്തുണ്ട്. മുന്‍ ഐ പി എസ് ഓഫീസറും ഐക്യരാഷ്ട്രസഭാ മയക്കുമരുന്ന് കുറ്റകൃത്യവിരുദ്ധ വിഭാഗം ഓഫീസറുമായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ മധ്യവര്‍ഗം പ്രധാന വോട്ടര്‍മാരായ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നിര്‍ണായക വോട്ട് ബേങ്കായ നായര്‍ വിഭാഗത്തിന്റെ വോട്ടുകളാണ് യു ഡി എഫും, ബി ജെ പിയും ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കഴിഞ്ഞ തവണത്തെ രീതിയില്‍ നിന്ന് വ്യത്യസ്തമായതും, ശക്തമായ ത്രികോണ മത്സരം നടക്കുന്നതും മണ്ഡലത്തിലെ വിധി നിര്‍ണയം പ്രവചനാതീതമാക്കുകയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest