Connect with us

Ongoing News

കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടും: എസ് രാമചന്ദ്രന്‍ പിള്ള

Published

|

Last Updated

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടാന്‍ പോകുകയാണ്. ഇന്നത്തെ നിലവെച്ചു നോക്കിയാല്‍ രണ്ടക്കത്തിനപ്പുറം കടക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ല. വിശാല മതേതര ബദല്‍ രൂപപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരെ നേരിടാന്‍ ഇടതുപക്ഷത്തിന് കഴിയും.
ഇതൊരു രാഷ്ട്രീയ പ്രക്രിയയാണ്. 1989ലും 96ലും അത് സംഭവിച്ചു. മറ്റ് പലസംസ്ഥാനങ്ങളിലും ഇത്തരത്തില്‍ യോജിച്ചു നീങ്ങിയിട്ടുണ്ട്. രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളില്‍ ഏറെയും കോണ്‍ഗ്രസിനെയും ബി ജെ പിയെയും എതിര്‍ക്കുന്നവരാണ്. ആ വസ്തുനിഷ്ഠ സാഹചര്യത്തെ രാജ്യത്തിന്റെ താല്‍പര്യത്തിന് പ്രയോജനപ്പെടുത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്്.
വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുമായി ഫെബ്രുവരിയില്‍ ചര്‍ച്ച നടത്തുകയുണ്ടായി. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരുമിച്ചു നില്‍ക്കണമെന്ന ആവശ്യമാണ് ഇടതുപക്ഷം മുന്നോട്ടു വെച്ചത്. സംസ്ഥാനങ്ങളില്‍ സീറ്റിനെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയെക്കുറിച്ചും അവര്‍ക്ക് അവരുടെ ശക്തിയെക്കുറിച്ചും ഉള്ള വിലയിരുത്തലുണ്ടാകും. ഇക്കാര്യത്തില്‍ ചിലയിടങ്ങളില്‍ യോജിപ്പുണ്ടാകാതെ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍വഹിക്കേണ്ട കടമകള്‍ സംബന്ധിച്ച് ഈ കക്ഷികള്‍ക്ക് ഒരു തര്‍ക്കവുമില്ല.
വിശാല മതേതര സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണത്തിന് സി പി എം നേതൃത്വം നല്‍കുന്ന കാര്യം അന്നത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ചാകും.
ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത് ഉറപ്പുള്ള നയങ്ങള്‍ക്കാണ്. ഉറപ്പുള്ള നയങ്ങള്‍ നടപ്പാക്കാന്‍ ശേഷിയുള്ള ഒരു സര്‍ക്കാറാണ് വേണ്ടത്. ജനപക്ഷ നയങ്ങള്‍ സ്ഥിരതയോടെ നടപ്പാക്കുന്ന ഒരു സര്‍ക്കാറാണ് ഞങ്ങളുടെ ആഗ്രഹം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യമനുസരിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളത്.
ബംഗാളില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടുവെന്നത് ശരിയാണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി ശക്തിയാര്‍ജിക്കുകയാണ്. ശക്തമായി തന്നെ പാര്‍ട്ടി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബി ജെ പിയെ ഒഴിവാക്കി നിര്‍ത്തുക എന്ന ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയാണ് 2004 മുതല്‍ 2008വരെ കോണ്‍ഗ്രസിനെ പിന്തുണച്ചത്. ടി പി വധത്തില്‍ രണ്ട് തരത്തിലുള്ള അന്വേഷണമാണ് നടന്നത്. ഒന്ന് സര്‍ക്കാര്‍ തലത്തില്‍ നിയമപരമായ അന്വേഷണം. ആഭ്യന്തരമായ പരിശോധനയും ഞങ്ങള്‍ നടത്തി. പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഒരു വ്യക്തിക്കാണ് പങ്കുള്ളതെന്നും കണ്ടെത്തി. പാര്‍ട്ടി അണികള്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി നടത്തിയ ആഭ്യന്തര ഏര്‍പ്പാടായിരുന്നു ഈ അന്വേഷണം. പാര്‍ട്ടിയുടെ അന്വേഷണം പരസ്യമാക്കേണ്ടതില്ല.
അന്വേഷണം നടത്തിയവരെ കുറിച്ച് വി എസ് ഒരഭിപ്രായ വ്യത്യാസവും പ്രകടിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിലും എല്ലാവരും യോജിച്ച ധാരണയിലാണ്.
ഒരു നേതാവിന് ചുറ്റും കുറേ അനുയായികള്‍ എന്ന തരത്തിലുള്ള പാര്‍ട്ടിയല്ല സി പി എം. ഇതൊരു ജനാധിപത്യ പാര്‍ട്ടിയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഇവിടെ സ്വാഭാവികമാണ്. വ്യത്യസ്ത അഭിപ്രായമാണെങ്കില്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനമെടുക്കും. ഈ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അകത്തു മാത്രമേ നടക്കാവൂവെങ്കിലും ചിലപ്പോള്‍ ഞങ്ങളില്‍ പലരും അഭിപ്രായം അറിഞ്ഞോ അറിയാതെയോ പരസ്യമായി പ്രകടിപ്പിച്ചെന്നുവരാം.
കേരളത്തില്‍ എല്‍ ഡി എഫിന് എത്ര സീറ്റ് കിട്ടുമെന്ന എണ്ണം പറയാന്‍ കഴിയില്ല. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നോ നാലോ ഇരട്ടി സീറ്റ് ലഭിക്കും. ലോക്‌സഭയിലും വലിയ വര്‍ധനയണ്ടാകും.
സ്വതന്ത്രന്‍മാരുണ്ടാകുന്നത് ആദ്യമായല്ല. സ്വതന്ത്രന്‍മാരുണ്ടാകുന്നത് ഞങ്ങളുടെ എതിരാളികളുടെ രാഷ്ട്രീയം തകരുകയും ഞങ്ങളുടെ രാഷ്ട്രീയം ആകര്‍ഷകമാകുകയും ചെയ്യുമ്പോഴാണ്. ഞങ്ങളുടെ രാഷ്ട്രീയത്തിലേക്ക് പുതിയ ആളുകള്‍ വരുന്നത് ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ സ്വീകാര്യതയാണ് കാണിക്കുന്നത്.
ഉറച്ച ഇടതുപക്ഷ നിലപാട് പ്രകടിപ്പിച്ചിരുന്നവരാണ് ആര്‍ എസ് പി. ഞങ്ങളില്‍ വേണ്ടത്ര ഇടതുപക്ഷം ഇല്ലെന്ന ആക്ഷേപം പോലും ചില ആര്‍ എസ് പി നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ച് വലതു പക്ഷ രാഷ്ട്രീയം സ്വീകരിക്കുന്നുവെന്ന് പറയാന്‍ ആര്‍ എസ് പിക്ക് കഴിയാതെ പോയി. ആര്‍ എസ് പി കച്ചവടമുറപ്പിച്ചുകൊണ്ടാണ് സീറ്റ് ചര്‍ക്ക് വന്നത്. അപ്പുറത്ത് കരാറാക്കിയ ശേഷം ഇതിനൊരു കാരണം കണ്ടെത്തുകയായിരുന്നു.