വടക്കന്‍ എമിറേറ്റുകളിലും മഴ തുടരുന്നു

Posted on: March 27, 2014 8:41 pm | Last updated: March 27, 2014 at 8:41 pm
SHARE

3143026745ഷാര്‍ജ: ഷാര്‍ജയടക്കമുള്ള രാജ്യത്തിന്റെ വടക്കന്‍ എമിറേറ്റുകളിലും കനത്ത മഴ തുടരുകയാണ്. തുള്ളിമുറിയാതെയുള്ള മഴയെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലായി. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.
മിക്കയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. ദൂരക്കാഴ്ചകുറഞ്ഞതും റോഡുകള്‍ വെള്ളത്തിലായതും ഗതാഗത കുരുക്കിനിടയാക്കി. ഷാര്‍ജയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത തടസ്സം നേരിട്ടു. ചിലയിടങ്ങളില്‍ ചെറിയ വാഹനാപകടങ്ങള്‍ ഉണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മഴ ബാധിച്ചു. മഴ മൂലം വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്താന്‍ പ്രയാസം നേരിട്ടു. കച്ചവട സ്ഥാപനങ്ങളെ മഴ സാരമായി ബാധിച്ചു. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചതിനാല്‍ വ്യാപാര മാന്ദ്യം അനുഭവപ്പെട്ടു. മഴയോടൊപ്പം കാറ്റും ഉണ്ടായിരുന്നു. ഇതാകട്ടെ തണുപ്പ് കൂട്ടാനിടയാക്കി. കുടപിടിച്ചാണ് പലരും യാത്രചെയ്തത്. എന്നാല്‍ കുട കരുതാതെ രാവിലെ ജോലിക്കു പോയവര്‍ താമസ സ്ഥലത്ത് മടങ്ങി എത്താന്‍ ഏറെ വിഷമിച്ചു.
വിശ്രമവേളകളില്‍ ചായ കുടിക്കാന്‍ ആളുകള്‍ റസ്റ്റോറന്റുകളിലെത്തിയത് മഴ നനഞ്ഞായിരുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ മണ്ണിട്ട് നികത്തിയ ഭാഗങ്ങള്‍ ചെളിക്കുളമായി മാറി. ഇതു ഗതാഗതം ദുഷ്‌കരമാക്കി.
ചൊവ്വാഴ്ച രാത്രി ചാറ്റല്‍ മഴയോടെയായിരുന്നു തുടക്കം. ബുധനാഴ്ച പുലര്‍ച്ചെയോടെ പതിയെ ശക്തിപ്രാപിച്ചു. തുടര്‍ന്നു കനക്കുകയായിരുന്നു. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ തുടങ്ങിയ എമിറേറ്റുകളില്‍ കനത്ത മഴയാണ് തുടരുന്നത്. കാലാവസ്ഥ പ്രവചനം അനുസരിച്ച് മഴ ഇന്നും നാളെയും തുടരും.