അറബി മലയാളം തീര്‍ത്ത സമ്പന്ന സംസ്‌കൃതി

Posted on: March 27, 2014 6:52 pm | Last updated: March 27, 2014 at 6:52 pm
SHARE

OLYMPUS DIGITAL CAMERA

ഖുര്‍ആനിന്റെ ഭാഷയെന്ന നിലയില്‍ അറബി ഭാഷാ ബന്ധം സ്ഥാപിക്കാത്ത നാടുകളില്ലെന്നറിയാമല്ലോ. എന്നാല്‍ അറബികള്‍ സമ്പര്‍ക്കം പുലര്‍ത്തിയ നാടുകളിലാവട്ടെ അവരുടെ ഭാഷയുടെ സ്വാധീനം എന്നും സ്പഷ്ടമായി കാണുന്നുണ്ട്. ഇന്ത്യയില്‍ത്തന്നെ അറബി തമിഴും അറബി പഞ്ചാബിയും അറബി മലയാളവുമൊക്കെ അതിനു തെളിവാണ്.

അറബി ഭാഷാപഠനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അറബി പദങ്ങളും പ്രയോഗങ്ങളും കലര്‍ന്ന മിശ്രഭാഷയായാണ് അറബി മലയാളത്തെ ഭാഷാ പണ്ഡിതന്മാര്‍ കണ്ടത്. എന്നാല്‍ ഭാഷാ ശാസ്ത്രത്തിന്റെ സൂക്ഷ്മ വിശകലനത്തില്‍ വാക്യഘടന, സ്വനിമം, രൂപിമം, അര്‍ഥം തുടങ്ങി പലതും പഠനവിധേയമായി. ഒരു സ്വതന്ത്ര ഭാഷാപദവി സ്വീകരിക്കുവോളം അറബി മലയാളമെത്തിയതു കൊണ്ടാവാം, ആധുനിക ഭാഷാ പണ്ഡിതര്‍ അതിനെ മാപ്പിള മലയാളം എന്നുവരെ നാമകരണം ചെയ്തത്.

ശ്രുതിയിലൂടെ മാത്രമല്ല ഈ ‘ഭാഷ’ നിലനിന്നത്. ഭാഷയുടെ നട്ടെല്ലായ ലിപിയും ആസ്വാദന മാധ്യമങ്ങളായി മാല സാഹിത്യങ്ങളും മറ്റേനകം ഗ്രന്ഥസമ്പത്തും ഈ ഭാഷക്കുണ്ട്. ഭൗതികാധിപത്യവും സാമ്രാജ്യത്വ താത്പര്യങ്ങളും പുരാതന അറബി വണിക്കുകള്‍ക്കുണ്ടായിരുന്നില്ല. വിശാല മാനുഷിക സംസ്‌കൃതിക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. സാധന സേവന കൈമാറ്റങ്ങള്‍ക്കൊപ്പം അടിത്തറ ഭദ്രമായ സാമൂഹിക ബന്ധം ഇവിടെ നിലനിന്നു. അതുകൊണ്ടുതന്നെ അനേകം അറബി പദങ്ങള്‍ മലയാളികളുടെ വ്യവഹാര ഭാഷയില്‍ സ്ഥാനം പിടിക്കുകയായിരുന്നു.

ഭാഷക്കുടക്ക് കീഴിലെ മാപ്പിള മലയാളം

അറബി മലയാളത്തിന്റെ സവിശേഷതയായ ചില വര്‍ണങ്ങളുടെ കുറക്കലും ചുരുക്കലും കര്‍ണാടകത്തിന്റെ സ്വാധീനം മൂലമാണെന്ന് പറയുന്നു. നീട്ടലിന് ‘തമിഴി’ന്റെ സ്വാധീനവും മറ്റനേകം ഉച്ചാരണങ്ങള്‍ അറബിയിലേതുമായതും പല വര്‍ണങ്ങള്‍ വിളക്കിച്ചേര്‍ത്ത് ലഘൂകരിക്കുന്നതും മാപ്പിള മലയാളത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഉദാ: ‘എന്താണ്ട ഒന്നും പറയാത്തെ’ (എന്താണൊന്നും പറയാത്തത്)
‘ഞാനത് കണ്ടിക്കി’ (ഞാനത് കണ്ടിരിക്കുന്നു)
‘അതെപ്പറ്റി ങ്ങക്കിച്ചണ്ടോ?’ (അതിനെക്കുറിച്ച് നിങ്ങള്‍ക്ക് നിശ്ചയമുണ്ടോ)
അറബി മലയാളത്തെ അപേക്ഷിച്ച് മലയാളം ദരിദ്രമാണ്. വര്‍ണങ്ങളുടെ കാര്യത്തിലെങ്കിലും മലയാളത്തില്‍ സമാന വര്‍ണങ്ങളില്ലാത്ത 13 എണ്ണംകൂടി അറബി മലയാളത്തിലുള്‍ക്കൊള്ളുന്നു. അറബി മലയാളത്തിന്റെ ലിപി പരിണാമം അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ‘നസ്ഖി’ ലിപിയില്‍ നിന്നാണെന്ന് രേഖപ്പെടുത്തുന്നുണ്ട്.
കേരള പാണിനി വര്‍ണ വികാരത്തിനാസ്പദമായി ചൂണ്ടിക്കാണിക്കുന്ന അജ്ഞത, ഔദാസീന്യം, വംശ പാരമ്പര്യം എന്നീ കാരണങ്ങള്‍ക്ക് പുറമേ സ്വനിമ ദാരിദ്ര്യം, ലിപ്യന്തരണം, പരിഭാഷാ രുചി പ്രസരണവും കൂടി അറബി മലയാള ഭാഷയില്‍ വര്‍ണവികാരത്തിന് നിമിത്തമാവുന്നുണ്ട്. (1)

മാപ്പിള മലയാളത്തിലെ മണിപ്രവാള രസം

മണിപ്രവാളത്തിന്റെ സംസ്‌കൃതത്തിന്റെ സ്ഥാനത്ത് അറബി വന്നാല്‍ എങ്ങനെയായിരിക്കുമെന്ന ചോദ്യമാണ് മാപ്പിള മലയാളത്തെ സമാന്തര മണിപ്രവാളമാക്കി മാറ്റിയത്. അറബിയും മലയാളവും ഇടകലര്‍ത്തിയുള്ള പ്രയോഗങ്ങള്‍ വളരെയാണ്. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ കിസ്സപ്പാട്ട്, ഉഹ്ദ് പാട്ട്, മലപ്പുറം പടപ്പാട്ട് തുടങ്ങിയ കൃതികള്‍ ഈ ഇടകലര്‍ത്തല്‍ കലയില്‍ സമ്പന്നമാണ്. ഹറാറത് (ചൂട്), ശംസ് (സൂര്യന്‍), ഷാദ്ധത് (കാഠിന്യം), നജിസ് (അശുദ്ധ വസ്തു), മക്രൂഹ് (ചെയ്യാന്‍ പ്രേരണയില്ലാത്തത്), ഹറാം (നിഷിദ്ധം), ഷക്ക് (സംശയം), ലാ (ഇല്ല), മളാ (ഇന്നലെ), ബലാല്‍ (ആപത്ത്), കുല്ലിലും (എല്ലാറ്റിലും), ലൈല് (രാത്രി), യഅ്കുലു (തിന്നുന്നു), യാ (ഓ), അഫ്‌ളല് (ഏറ്റവും ശ്രേഷ്ടം), ജന്നാത്ത് (സ്വര്‍ഗം) ഇവ ചില ഉദാഹരണങ്ങളാണ്. കാവ്യഭാഷയിലാണ് ഗദ്യ ഭാഷയിലേതിനേക്കാള്‍ കൂടുതല്‍ അറബി പദങ്ങളുടെ ഇടകലര്‍ത്തുള്ളത്. ഘടികാരങ്ങള്‍ പ്രചാരത്തിലില്ലാതിരുന്ന കാലത്ത് മനുഷ്യന്റെ നിഴല്‍, കാലടി വെച്ച് അളന്നു നോക്കി നിസ്‌കാര സമയം നിര്‍ണയിക്കാന്‍ പഠിപ്പിച്ച പദ്യഭാഗം ശ്രദ്ധിക്കുക.
മേടം വ ചിങ്ങം രണ്ടിലും സമാനിയ
ഫീ ഇടവ മീനം കര്‍ക്കിടകത്തില്‍ താസിഅ
മിഥുനം വ കന്നി രണ്ടിലും ഒമ്പതര
കുഭം തുലാം അഖ്ദാമുദൈനീ പത്തര
വൃശ്ചികം വ മകരം രണ്ടിലും പതിനൊന്നേകാല്‍
പതിനൊന്നേ മുക്കാല്‍ ഫീ ധനു മാസം യുക്കാല്‍ (2)

അറബി പദങ്ങളായിത്തന്നെ മലയാള സംസാരവേളയില്‍ ഉപയോഗത്തിലുള്ളവ, എന്നാല്‍ അറബി മലയാള സാഹിത്യങ്ങളില്‍ നിര്‍ലോഭം ഉപയോഗിക്കുന്നവ അനവധിയാണ്. ബെഞ്ച്, ഡെസ്‌ക്, പെന്‍, ടോപ്പ്, ഫാന്‍, സ്വിച്ച്, ബസ്, ജീപ്പ്, ബ്രഷ്, പൗഡര്‍ തുടങ്ങിയ നിരവധി ഇംഗ്ലീഷ് പദങ്ങള്‍ മലയാളി വര്‍ത്തമാനങ്ങളില്‍ ചേക്കേറിയതുപോലെ അറബി മലയാളത്തില്‍ ഉപയോഗത്തിലുള്ളത് നിത്യ സംസാരത്തില്‍ നാം ഉപയോഗിക്കുന്നുണ്ട്. റഹ്മത്, മന്‍സില്‍, മുസാഫിര്‍, ചായ, ഹമുക്ക്, ദിക്ര്‍, ദര്‍സ്, അലിഫ്, ആദത്, മുഹബത്, ബഹറ്, നികാഹ്, മഹ്‌റ്, പോരിശ, മൊഞ്ചത്തി, മനോഹരിക്കുക, ഉദക്കം, കുറ്റൂഷ, പൂതി, ബീടര്‍, ബേണ്ടുക തുടങ്ങി മാപ്പിള മലയാളത്തിന്റെ സ്വന്തം പദങ്ങള്‍ ഇനിയുമുണ്ട്. തനതായ ശൈലി വിലാസങ്ങളും കുറവല്ല. ‘കുസു കുസു മന്തിരം’ ചാരണം കൊള്ളുക, നിറവടിയാക്കുക, മാറുകാട്ടുക, അലിഫും ബായും ഓതുക, തെനിക്കാമ്പുറന്നവന്‍ എന്നിവ ചില ഉദാഹരണം. ‘ഇന്നത്തെ ഫക്കീര്‍ നാളത്തെ സുല്‍ത്താനെന്ന’ പഴഞ്ചൊല്ല് മാപ്പിള മലയാളത്തിന്റെ സ്വന്തമാണ്. (3)
തമിഴ്, കന്നട പദങ്ങള്‍ക്കും അറബി മലയാളത്തില്‍ പ്രവേശനമുണ്ടായിട്ടുണ്ട്. ഉമൈ, ഉനൈക്ക്, ചോക്കര്‍, ഉതക്ക്, പേടല്‍, ബാറാല്‍, അരികര്‍, പൊളിയര്‍, കാതല്‍, കോന്‍പൊലിവ്, കിള, മികൈന്തു തുണയാര്‍…

മാപ്പിള മലയാള ശൈലികള്‍ മലയാള സാഹിത്യമേലാളരുടെ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഉള്ളൂര്‍ മഹാകവി അദ്ദേഹത്തിന്റെ കേരള സാഹിത്യ ചരിത്രത്തില്‍ മാപ്പിള പാട്ടുകളെ നാടന്‍ പാട്ടുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി. നാടന്‍ പാട്ടുകള്‍ പക്ഷെ വാമൊഴികളും അവയുടെ കവികള്‍ അജ്ഞാതരുമായാണ് സമ്മതിക്കപ്പെട്ടത്. കര്‍ണാ കര്‍ണികയായ സമൂഹമതിനെ വര്‍ണങ്ങളില്‍ പുരട്ടാതെ വായുവിലൂടെ രചിക്കുന്നു. മാപ്പിളപ്പാട്ടുകള്‍ പക്ഷെ അടയാളപ്പെടുത്തപ്പെട്ടവയും ആധികാരിക സ്വഭാവം കൈവരിക്കുന്നതുമാണ്. ‘എന്നാല്‍ മാപ്പിള മലയാളം ഒരു ലിപി മാത്രമായി ഒതുങ്ങുന്നില്ല അതിനെ രചനാ മാധ്യമമായിരുന്ന ഒരു സാഹിത്യ ഭാഷയായി കാണുകയാണ് ഉത്തമം. കേരളീയ സമൂഹത്തോട് സംവദിക്കാത്ത പദങ്ങളും, ശൈലികളും നിറഞ്ഞ വ്യത്യസ്തമായ വ്യാകരണ നിയമങ്ങള്‍ അനുസരിക്കുന്ന ഈണഭേദമുള്ള ഒരു ഭാഷയായിരുന്നു അത്.’ (4)

‘എന്നാല്‍ മാപ്പിള മലയാളത്തിന്റെ ശൈലിയും ചരിത്രവും ഉള്‍ക്കൊള്ളാത്ത, അതിനെ കൊലക്ക് കൊടുക്കുന്ന ഒരു പരിഷ്‌കരണവിഭാഗം മക്തി തങ്ങള്‍ മുതല്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അങ്ങനെയാണ് അറബി മലയാളത്തിന്റെ പല ശൈലികളും പഴഞ്ചനായി തോന്നിയത്. ഒരു കാലത്തിന്റെ ഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഭാഷയെ ആസ്വദിക്കാന്‍ കഴിയാത്തത്’ (5) ‘ഉപ്പാന്റെ കരള് ഉമ്മാന്റെ പൊരുള്’ ‘മനിസന്മാരെ പല്ലിന് ബെസണ്ടോ?’, ‘ഉദിത്തു’, ‘നിനന്തു’, ‘പതിത്തു പൊങ്കി’, ‘ബെന്തു’, ‘വെന്തു’, ‘നടന്തു’, ‘മികൈന്തു’, ‘ബിജിത്തു’ തുടങ്ങിയ പ്രയോഗങ്ങളെല്ലാം അഭംഗിയുള്ളതും രസം പകരാത്തതും പിന്തിരിപ്പനായും ഈ പക്ഷക്കാര്‍ക്ക് തോന്നും. പക്ഷെ ഇന്നലെകളിലെ മാപ്പിള മനസ്സ് മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. അതിന്റെ ഉള്ളടക്കത്തോട് നിങ്ങള്‍ക്ക് കലഹിക്കാം. ആവിഷ്‌കാര രീതിയോട് വിയോജിക്കാം. ലിപി ഒരു ഭാരമാണെന്ന് സമര്‍ഥിക്കാം. ഭാഷ ലജ്ജാവഹമാംവിധം നീചമാണെന്ന് തെളിയിക്കാം. പക്ഷെ മാപ്പിള മനസ്സ് പൂര്‍ണമായി ഗ്രഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല തന്നെ. (6)

1) വിശ്വസാഹിത്യ വിജ്ഞാനകോശം. വാള്യം ഒന്ന്. പേജ് 363
2) മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പേജ് 37.
3) വിശ്വസാഹിത്യ വിജ്ഞാനകോശം. വാള്യം ഒന്ന്. പേജ് 364-367
4,5,6) വൈദ്യരുടെ കാവ്യലോകം- കെ അബൂബക്കര്‍.