Connect with us

Gulf

പ്രവാസികള്‍ ചോദിക്കുന്നു; ഒരു വോട്ടിന് എന്തു വില വരും

Published

|

Last Updated

മസ്‌കത്ത്: ഒരു വോട്ടിന് എത്ര രൂപയുടെ മൂല്യമുണ്ടാകുമെന്ന് പ്രവാസികളുടെ ചോദ്യം. രാജ്യം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ വോട്ടു ചെയ്യാന്‍ കഴിയാത്ത ഹതഭാഗ്യരുടേതാണീ ചോദ്യം. സ്മാര്‍ട്ട് ഫോണുകളും ഇലക്‌ട്രോണിക് സേവനങ്ങളും വ്യാപകമായ കാലത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് ബേങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുകയും പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമായി നടത്തിക്കൊണ്ടിരിക്കുകയും ചയ്യുന്നവരാണ് തങ്ങള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. സുരക്ഷാ പ്രശ്‌നം പറയുന്നവരോടാണ് എത്ര രൂപക്കു സമാനമായിരിക്കും ഒരു വോട്ട് എന്നു ഇവര്‍ തിരിച്ചു ചോദിക്കുന്നത്.
ഇന്ത്യയിലെയും വിദേശത്തെയും ബേങ്കുകളിലൂടെ പ്രതിദിനം കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടക്കുന്ന കാലത്ത് ഓണ്‍ലൈന്‍ വോട്ടിലെ സുരക്ഷാ പ്രശ്‌നം പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്ന് ഐ ടി വിദഗ്ധരും പറയുന്നു. എ ടി എം കാര്‍ഡുകളും ക്രെഡിറ്റാക കാര്‍ഡുകളും വ്യാപകമാവുകയും ഇ ഗവണ്‍മെന്റ് സംവിധാനം സാധാരണമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് രീതി തീര്‍ച്ചയായും നടപ്പിലാക്കാവുന്നതാണമെന്ന് മസ്‌കത്തിലെ പ്രമുഖ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊച്ചി സ്വദേശി ആശിഖ് പറഞ്ഞു.
ബേങ്കുകള്‍ ഇന്റര്‍നെറ്റ് ബേങ്കിംഗിന് ഉപയോഗിക്കുന്ന അതേ രീതി ഉപയോഗിച്ച് സുരക്ഷിതമായി തന്നെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കാം. പാസ്‌പോര്‍ട്ട് നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് റജ്സ്റ്റര്‍ ചെയ്ത് വോട്ടു ചെയ്യുന്ന സമയത്ത് നല്‍കുന്ന എസ് എം എസ് കോഡുകളിലൂടെ സുരക്ഷിതമാക്കാം. വോട്ടറുടെ പൂര്‍ണ സമ്മതത്തോടെ വോട്ടു ചെയ്യാന്‍ മറ്റൊരാളെ ഏല്‍പിക്കാനുള്ള സാധ്യത പോലും ഇല്ലാതാക്കാനുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. മൊബൈല്‍ ഫോണിലൂടെയും വെബ് കാമറകളിലൂടെയും മുഖവും കണ്ണും സ്‌കാന്‍ ചെയ്തും ചിത്രമെടുത്തും വരെ സുരക്ഷിതമാക്കാം. വോട്ടര്‍ക്ക് സ്വന്തം റൂമിലോ ഓഫീസിലോ ഇരുന്ന് ചെയ്യാവുന്ന കാര്യങ്ങളാണിത്.
അവസരം ലഭിച്ചാല്‍ വോട്ടു ചെയ്യാന്‍ തയാറായി നില്‍ക്കുന്ന തങ്ങളെ മാറ്റി നിര്‍ത്തി എങ്ങിനെ ജനാധിപത്യം പൂര്‍ണമാകുമെന്ന് വടകര സ്വദേശി രീജീവ് ചോദിക്കുന്നു. വിദേശത്ത് പോളിംഗ് ബൂത്തുകള്‍ ഒരുക്കുക എന്നതിന് പ്രായോഗിക പ്രയാസമുണ്ടാകും. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനങ്ങള്‍ക്ക് എല്ലാ സാധ്യതയും ഉണ്ടായിരിക്കേ നാട്ടില്‍ പോലും ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനം സജ്ജീകരിച്ചിരിക്കുമ്പോള്‍ പ്രവാസികളെ മാറ്റി നിര്‍ത്തുന്നത് അനീതിയാണെന്നും അദ്ദേഹം പറയുന്നു. യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ വരെ ഓണ്‍ലൈനായി നടക്കുന്നു. പി എസ് സി ഓണ്‍ലൈന്‍ പരീക്ഷയെ കുറിച്ച് ആലോചിക്കുന്നു. ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നാട്ടില്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്ത സാഹചര്യമുണ്ടായിട്ടും ഓണ്‍ലൈന്‍ വോട്ട് അപ്രായോഗികമാണെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും ഐ ടി വിദഗ്ധര്‍ സമര്‍ഥിക്കുന്നു.
വിദേശത്തുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കഴിയില്ലെന്ന് നേരത്തെ ഇതു സംബന്ധിച്ച് പാര്‍ലിമെന്റ് സമിതി നിലപാടെടുത്തിരുന്നു. സമിതിയില്‍ അംഗമായ കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എം പി മാത്രമാണ് അത് എതിര്‍ത്തത്. ഗള്‍ഫ് നാടുകളില്‍ വസിക്കുന്ന വിവിധ വിദേശ രാജ്യക്കാര്‍ അവരുടെ രാജ്യത്തെ തിരഞ്ഞെടുപ്പില്‍ എംബസികളില്‍ പോയി വോട്ടു ചെയ്യാന്‍ സൗകര്യം ലഭിക്കുന്നതു കാണുന്ന ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്തെ ജനാധിപത്യത്തിന്റെ പരിമിതികളെക്കുറിച്ച് കൂടുതല്‍ അസന്തുഷ്ടി പ്രകടിപ്പിക്കുന്നു.

 

---- facebook comment plugin here -----

Latest