ഒമാന്‍ വിഷന്‍ 2040: ആശയങ്ങള്‍ തേടി സാമൂഹിക സംവാദങ്ങള്‍ സംഘടിപ്പിക്കും

Posted on: March 27, 2014 1:45 pm | Last updated: March 27, 2014 at 1:28 pm
SHARE
New Image
ഇന്നലെ നടന്ന ഒമാന്‍ വിഷന്‍ 2040 ആസൂത്രണ സമിതിയുടെ യോഗം

മസ്‌കത്ത്: രാജ്യത്തിന്റെ സമഗ്ര പുരോഗതിയും സാമൂഹിക വികസനവും ലക്ഷ്യം വെച്ച് ആവിഷ്‌കരിക്കുന്ന ‘ഒമാന്‍ വിഷന്‍ 2040’ ആശയങ്ങളുടെ രൂപവത്കരണത്തിനായി സാമൂഹിക സംവാദങ്ങള്‍ സംഘടിപ്പിക്കുന്നു. പദ്ധതി ആസൂത്രണത്തിനും നിര്‍വഹണത്തിനുമായി രൂപവത്കരിച്ച പ്രധാന കമ്മിറ്റിയുടെ പ്രഥമ യോഗത്തിന്റെതാണ് തീരുമാനം.
രാജ്യത്തുണ്ടാകേണ്ട പുരോഗതിയും വികസനവും സാമൂഹിക മുന്നേറ്റവും മനസ്സിലാക്കുന്നിതിനും രൂപപ്പെടുത്തുന്നതിനുമായി രാജ്യവ്യാപകമായി പഠനവും ചര്‍ച്ചകളും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആസൂത്രണത്തിന്റെ രീതികിള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതിനായി വിവിധ വിദ്യകള്‍ പ്രയോഗിക്കുകയും അതിന്റെ ആസൂത്രണ മികവ് ഉയര്‍ത്തുകയും വേണം. പ്രധാനമായും വിഷന്‍ ലക്ഷ്യം വെക്കുന്ന മേഖലകളില്‍നിന്നും അഭിപ്രായം തേടേണ്ടതുണ്ട്. ഇതിനായാണ് താഴേത്തട്ടില്‍ ചര്‍ച്ചകളും സര്‍വേകളും നടത്തുന്നത്. സംവാദങ്ങളെയും വിവര ശേഖരണങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനായി വിവിധ കമ്മിറ്റികളും രൂപവ്തകരിക്കും.
വിഷനുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ ഇന്നലെ ചേര്‍ന്ന യോഗം ചര്‍ച്ചക്കു വിധേയമാക്കി. ഹെറിറ്റേജ് ആന്‍ഡ് കള്‍ചര്‍ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ വിഷന്‍ 2040 കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് അധ്യക്ഷത വഹിച്ചു. വിഷന്‍ 2020 കൂടി പരിഗണിച്ചായിരിക്കും 2040ലെ ആശയങ്ങള്‍ രൂപപ്പെടുത്തുക.

അടുത്ത രണ്ടു പതിറ്റാണ്ടുകളിലെ രാജ്യത്തെ പുരോഗതി ലക്ഷ്യം വെക്കുന്ന പദ്ധതികളാണ് കമ്മിറ്റി ആസൂത്രണം ചെയ്യുന്നത്. നിലവിലുള്ള സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെ പഠനവിധേയമാക്കിയാണ് ആസൂത്രണം നടത്തുക. രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളെ സംബോധന ചെയ്തു കൊണ്ടായിരിക്കും ആസൂത്രണം നടത്തുകയെന്നും കമ്മിറ്റി വ്യക്തമാക്കി.