കാട്ടു തീ: ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസ് അന്വേഷണം മന്ദഗതിയില്‍

Posted on: March 27, 2014 1:05 pm | Last updated: March 27, 2014 at 1:05 pm
SHARE

മാനന്തവാടി: വയനാടന്‍ കാടുകളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസന്വേഷണം മന്ദഗതിയിലായി. കഴിഞ്ഞ 16നാണ് തിരുനെല്ലി മാനന്തവാടി, മുത്തങ്ങ എന്നിവടങ്ങളിലായി 1082 ഏക്കര്‍ സ്ഥലം കാട്ടു തീ മൂലം കത്തിയമര്‍ന്നത്. ഒരേ സമയം 15 ഇടങ്ങളിലാണന്ന് തീയുണ്ടായത്. സംഭവത്തില്‍ ദുരൂഹതയുയര്‍ന്നതോടെ വന്‍ വകുപ്പും പോലീസും ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവ സ്ഥലം സന്ദര്‍ശിച്ച വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം വകുപ്പ് എടുത്ത കേസുകള്‍ പോലീസിന് കൈമാറുമെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു.ദിവസങ്ങള്‍ പിന്നിട്ടിട്ടും വനം വകുപ്പ് കേസുകള്‍ കൈമാറിയിട്ടില്ല.
വനം കത്തിയതിന് പിന്നില്‍ ദുരൂഹതകള്‍ ഏറിയിട്ടും അന്വേഷണ ഉദ്യോഗസ്ഥരെ തീരുമാനിക്കാനോ ഇരുവകുപ്പുകളും തമ്മിലുള്ള കൂടിയാലോചനകളോ നടത്തിയിട്ടില്ല. കൂടാതെ അന്വേഷണം അട്ടിമറിക്കാന്‍ തുടക്കത്തിലേ ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് പോലീസ് നടപടി. വനമായതിനാല്‍ പ്രതിഷേധിക്കാനോ മറ്റ് നിയമ നടപടികള്‍ക്ക് നീങ്ങാനോ ആരും തയ്യാറാകില്ലെന്ന നിഗമനത്തിലാണ് പോലീസ്. കേസുകളോട് പോലീസ് സ്വീകരിക്കുന്ന ലാഘവത്തോടെയുള്ള നിലപാടുകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ചില പരിസ്ഥിതി സംഘടനകള്‍ കോടതിയെ സമീപിക്കുവാനുള്ള ഒരുക്കത്തിലാണ്.