കോണ്‍ഗ്രസ് മൂന്നക്കം തികക്കില്ല: കെ ഇ ഇസ്മാഈല്‍

Posted on: March 27, 2014 1:04 pm | Last updated: March 27, 2014 at 1:04 pm
SHARE

കല്‍പ്പറ്റ: ജനവികാരം എതിരായ കോണ്‍ഗ്രസിന് ഇത്തവണ മൂന്നകം കാണാന്‍ കഴിയില്ലെന്ന് മുന്‍ മന്ത്രി കെ.ഇ. ഇസ്മാഈല്‍ കല്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാര്‍ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല.
കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്ധന വിലവര്‍ധനവ് പിടച്ചു നിര്‍ത്താന്‍ ശ്രമിക്കാതെ കോര്‍പറേറ്റുകള്‍ക്ക് വന്‍ ലാഭം നല്കുകയാണ് ചെയ്തത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവ് രാജ്യാന്തര വിലയെ ആശ്രയിച്ചാണെങ്കില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ കോര്‍പറേറ്റുകളുടെ ലാഭത്തിനായി വന്‍ വിലക്കാണ് വില്‍ക്കുന്നത്. തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഇന്ത്യയിലെ തൊഴിലാളികള്‍ ഒന്നടങ്കം രണ്ട് ദിവസം പണിമുടക്കിയത് അതിനുദാഹരണമാണ്. രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ്. അഴിമതിയില്‍ മുങ്ങിയ ഇത്തരം ഒരു ഭരണം ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ആയിരിക്കും കോണ്‍ഗ്രസ് നേരിടുന്നത് എന്നതില്‍ സംശയമില്ല.
ബിജെപി നയിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്നത് അവരുടെ ആഗ്രഹം മാത്രമാണ്. മോഡി നയിക്കുന്ന സര്‍ക്കാരിനെ ജനങ്ങള്‍ ഭയപ്പാടോടെയാണ് കാണുന്നത്. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ മോഡിയെ മത-ന്യൂന പക്ഷങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. അതിനാല്‍തന്നെ ഈ രണ്ട് പാര്‍ട്ടികളെയും പിന്‍തള്ളി മൂന്നാമതൊരു ബദല്‍ വരും എന്നതില്‍ സംശയമില്ല. ഇടതുപക്ഷം നേതൃത്വം നല്കി അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതുവരെ 11 പാര്‍ട്ടികള്‍ തങ്ങള്‍ക്കൊപ്പമുണ്ട്.
സിറ്റിംഗ് എംപിയായ എം.ഐ. ഷാനവാസിനെതിരെ വയനാട് മണ്ഡലത്തില്‍ ശക്തമായ ജനവികാരമാണുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ചെയ്യാന്‍ കഴിയുമായിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.