Connect with us

Wayanad

കസ്തൂരിരംഗന്റെ പേരില്‍ സര്‍ക്കാരിനെ പഴിചാരുന്നത് ജനങ്ങളെ വിഢ്ഢിയാക്കുന്നതിന് തുല്യം: കെ മുരളീധരന്‍

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: ഗാഡ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വെമ്പല്‍ കൊണ്ട സി പി എം തിരഞ്ഞെടുപ്പ് വേളയില്‍ കസ്തൂരിരംഗന്റെ പേരില്‍ സര്‍ക്കാരിനെ പഴിചാരുന്നത് ജനങ്ങളെ വിഡ്ഡിയാക്കുന്നതിന് തുല്യമാണെന്ന് കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞു.
വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം ഐ ഷാനവാസിന്റെ പ്രചരണ പരിപാടി ചുള്ളിയോട് ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പ്രസംഗിക്കാനെത്തിയ നരേന്ദ്രമോഡി പറഞ്ഞത് ശബരിമലയെ ടൂറിസത്തില്‍ ഉള്‍പ്പെടുത്തിക്കൂടെയെന്നാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളും മതാരാധനാലയങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത നരാധമനാണ് മോഡി.
ഇയാളെ പ്രധാനമന്ത്രിക്കസേരിയില്‍ ഇരുത്തിയാല്‍ ഇന്ത്യയുടെ ഗതിയെന്താവും. എറണാകുളം ജില്ലയിലെ നാല് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒന്നില്‍പോലും സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയാത്തത്ര അധപതിച്ചുകഴിഞ്ഞു സി പി എം. കേന്ദ്രത്തില്‍ ബദല്‍മുന്നണിക്കായി രംഗത്തിറങ്ങിയിരിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി കാരാട്ട്. ഇതിനായി കണ്ടെത്തിയ പാര്‍ട്ടികള്‍ മുലായവും മായാവധിയുമാണ്. ഇവര്‍ ഒന്നിച്ചിരുന്നാല്‍ ഒരാളുടെ മരണം ഉറപ്പാണ്.
തമിഴ്‌നാട്ടില്‍ കരുണാനിധിയും ജയലളിതയും പരസ്പരം കണ്ടാല്‍ കൊമ്പ് കോര്‍ക്കുന്ന ഇവര്‍ ഒരു മേശക്ക് ചുറ്റുമിരുന്നാല്‍ ഒരാളുടെ കഥ കഴിഞ്ഞത് തന്നെയാണ്.
ഗാഡ്കില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരജവാന്‍മാരുടെ ശവപ്പെട്ടി വിറ്റ് കാശാക്കിയ ബി ജെ പിയെ അധികാരത്തില്‍ കയറ്റി ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സാഹോദര്യവും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കണോ അതോ മാനവസ്‌നേഹവും മതസാഹോദര്യവും നിലനിര്‍ത്താന്‍ യു പി എ സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റണോയെന്ന് വോട്ടര്‍മാര്‍ ചിന്തിക്കണം. ആയിരത്തില്‍പരം കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കിയ യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസിന്റെ വിജയത്തിന് വികസനപ്രവര്‍ത്തനങ്ങളുടെ പട്ടിക നിരത്തിയാണ് ഞങ്ങള്‍ വോട്ടിനായി അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി സെക്രട്ടറിയും യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ കെ കെ അബ്രഹാം, കെ പി സി സി മെമ്പര്‍ ഡി പി രാജശേഖരന്‍, യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ്, പി പി അയൂബ്, ജയാമുരളി, എന്‍ എം വിജയന്‍, കെ ഇ വിനയന്‍, വി ജെ തോമസ്, കെ എം വര്‍ഗീസ്, കെ ആര്‍ സാജന്‍, ടി ജെ രാജു, അബ്ബാസ് ചുള്ളിയോട്, ടി ജെ ജോസഫ്, പ്രേമചന്ദ്രന്‍, മുസ്തഫ ചീരാല്‍, ശോശാമ്മ ജോണി, സക്കറിയ മണ്ണില്‍,സലീം മേമനസംസാരിച്ചു.