Connect with us

International

അറബ് ലോകത്തെ പ്രശ്‌ന പരിഹാരത്തിന് നിരവധി പ്രഖ്യാപനങ്ങള്‍

Published

|

Last Updated

കുവൈത്ത് സിറ്റി: രണ്ട് ദിവസമായി കുവൈത്തില്‍ നടന്നുവന്ന 25ാം മത് അറബ് ലീഗ് ഉച്ചകോടിക്ക് പരിസമാപ്തി. അറബ് ലോകം നേരിടുന്ന വിവിധ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ണായകമായ തീരുമാനങ്ങളോടെയാണ് ഉച്ചകോടി പിരിയുന്നതെന്ന് ആതിഥ്യമരുളിയ ഖുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് തന്റെ സമാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
അറബ് ഇസ്‌ലാമിക സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ പൊതു പ്രശ്‌നങ്ങളും അറബ് ലീഗില്‍ അംഗങ്ങളായ ചില രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളും ഉച്ചകോടിയില്‍ രണ്ട് ദിവസങ്ങളിലായി ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിഷയമായി. ഏറ്റവും കൂടുതല്‍ ചര്‍ച്ചക്ക് വിധേയമായത് ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്.
“”അറബ് സമൂഹമെന്ന നിലയില്‍ നാം ഒറ്റക്കെട്ടാണ്. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പലരാജ്യങ്ങളിലും പലതാണെങ്കിലും നമ്മുടെ പൊതു നന്‍മക്കും ക്ഷേമത്തിനും നമുക്കൊരേയൊരു ചിന്തയാകണം. പരസ്പരമുള്ള ഭിന്നതകളും അഭിപ്രായങ്ങളും നമ്മുടെ പൊതുനന്‍മക്കായി നാം മാറ്റിവെക്കണം””. സമാപന പ്രസംഗത്തില്‍ അധ്യക്ഷന്‍ കൂടിയായ ശൈഖ് സ്വബാഹ് ആഹ്വാനം ചെയ്തു.
അതെ സമയം, അറബ് ലീഗിലെ പ്രമുഖരായ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി സി സി അംഗരാജ്യങ്ങള്‍ക്കിടയില്‍ അടുത്തിടെയുണ്ടായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഉച്ചകോടിയില്‍ തീരുമാനങ്ങളൊന്നുമുണ്ടായില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.
തീവ്രവാദ പ്രസ്ഥാനങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന ഖത്തറില്‍ നിന്ന് സഊദി, യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അവരുടെ സ്ഥാനപതിമാരെ പിന്‍വലിക്കുന്നിടംവരെ കാര്യങ്ങള്‍ എത്തിയ സാഹചര്യത്തില്‍ നടന്ന അറബ് ഉച്ചകോടി അറബ് രാഷ്ട്രീയ ലോകം ഉറ്റുനോക്കിയിരുന്നു.
നിലപാടുകളില്‍ മാറ്റം വരുത്താതെ ഖത്തറുമായി മധ്യസ്ഥ ചര്‍ച്ചക്കില്ലെന്ന സ്ഥാനപതിമാരെ പിന്‍വലിച്ച അംഗരാജ്യങ്ങള്‍ വ്യക്തമാക്കിയതും സ്വതന്ത്ര രാജ്യമായ ഖത്തറിന്റെ നയനിലപാടുകള്‍ തീരുമാനിക്കേണ്ടത് ഖത്തര്‍ തന്നെയാണെന്നും നിലവിലെ നയനിലപാടുകള്‍ മാറ്റുകയില്ലെന്നും ഖത്തര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്.