Connect with us

Malappuram

കുട്ടികളെ പൊരിവെയിലില്‍ നിര്‍ത്തി ബസ് ജീവനക്കാരുടെ പീഡനം

Published

|

Last Updated

കോട്ടക്കല്‍: ചുട്ടുപൊള്ളുന്ന വെയിലില്‍ വിദ്യാര്‍ഥികളെ നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ പീഡിപ്പിക്കുന്നു. ബസ് പുറപ്പെടുമ്പോള്‍ മാത്രം കയറുക എന്ന ബസ് ജീവനക്കാരുടെ അലിഖിത നിയമം വെച്ചാണ് കത്തി ആളുന്ന വെയിലില്‍ വിദ്യാര്‍ഥികളെ നിര്‍ത്തുന്നത്.
ഉച്ചക്ക് സ്‌കൂള്‍ കഴിഞ്ഞ് പോകുന്ന കുട്ടികളെയാണ് ബസ് പുറപ്പെടും മുമ്പെ കയറാനനുവദിക്കാത്തത്. ഒട്ടേറെ കുട്ടികള്‍ പൊരിവെയിലില്‍ ഏറെ നേരം വരി നിര്‍ത്തിയ ശേഷമാണ് ബസില്‍ കയറ്റുന്നത്. പല കുട്ടികളും വെയിലേറ്റ് മുഖം വാടി ക്ഷീണിച്ചാണ് വീട്ടിലെത്തുന്നത്.
മലപ്പുറം തിരൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡിന്റെ മധ്യഭാഗത്ത് നിര്‍ത്തിയിടുന്നതിനാല്‍ പൊരിവെയിലില്‍ തന്നെ കുട്ടികള്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. തണലിലേക്ക് കയറി നിന്ന് ബസ് പുറപ്പെടുമ്പോള്‍ കയറാം എന്ന് വെച്ചാല്‍ ബസ് ജീവനക്കാര്‍ അതിന് അനുവദിക്കുകയുമില്ല.
കുട്ടികള്‍ കയറി കഴിയും മുമ്പെ ബസ് പുറപ്പെട്ടിരിക്കും. മനുഷ്യത്വം പോലും അവഗണിക്കുന്ന തരത്തിലാണ് ഉച്ചവെയിലില്‍ കുട്ടികളെ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ത്തുന്നത്. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഇത്തരം കാഴ്ച്ച സ്ഥിരമായിട്ടുണ്ട്.
പോലീസ് ഇവിടെ ഇല്ലാത്തതും ഉണ്ടെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതും ബസ് ജീവനക്കാര്‍ക്ക് അനുഗ്രഹമാകുകയാണ്. വെയില്‍ ഏറ്റ് കുട്ടികള്‍ തളര്‍ന്ന് വീഴുകയോ മറ്റോ ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.