ആഴങ്ങളില്‍ മുങ്ങി മണ്ണും ചെളിയും നീക്കം ചെയ്യാന്‍ ഹെല്‍മറ്റ് സിങ്കേഴ്‌സ് കാളികാവില്‍

Posted on: March 27, 2014 8:07 am | Last updated: March 27, 2014 at 8:07 am
SHARE

കാളികാവ്: ആധുനിക രക്ഷാ കവചങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ പാലത്തിന് തൂണുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി മണ്ണും ചെളിയും നീക്കം ചെയ്യുന്ന സംഘം കാളികാവില്‍ എത്തി. ചെത്ത് കടവ് പാലത്തിന് വേണ്ടി തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ മുന്നോടിയായി മണ്ണും ചെളിയും നീക്കം ചെയ്യാനാണ് സംഘം എത്തിയത്.
ഹെല്‍മറ്റ് ധരിച്ച് രണ്ട് മണിക്കൂറിലധികം നേരം വെള്ളത്തിനടിയില്‍ മുങ്ങി അതിസാഹസികമായിട്ടാണ് സംഘം മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. നാല്‍പത് കിലോയോളം തൂക്കമുള്ള ഇരുമ്പ് കൊണ്ട് നിര്‍മിച്ചതാണ് ഇവര്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റ്. ഇതിനുള്ളിലേക്ക് കംപ്രഷര്‍ ഉപയോഗിച്ച് വായുകടത്തിവിട്ടാണ് സംഘം ജോലി ചെയ്യുന്നത്.
വായുവിന്റെ സമര്‍ദ്ദം കാരണം ഹെല്‍മെറ്റിനുള്ളിലേക്ക് വെള്ളം പ്രവേശിക്കില്ല. ഹെല്‍മെറ്റിനുള്ളിലെ പ്രത്യേക ഹോളുകള്‍ വഴിയാണ് വായു കടത്തിവിടുന്നത്. രണ്ട് പേര്‍ അടങ്ങുന്ന സംഘം വെള്ളത്തിനടിയിലേക്ക് ഇറങ്ങുകയും മറ്റേ രണ്ട് പേര്‍ മുകളില്‍ നിന്ന് ഇവരുടെ ജോലി നിയന്ത്രിക്കുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ കയര്‍ ഉപയോഗിച്ചാണ് ഇവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത്. വെള്ളത്തിനടിയില്‍ നിന്ന് മണ്‍വെട്ടി ഉപയോഗിച്ച് ചെളി ഡ്രമ്മിലേക്ക് നിറക്കുകയും സീഞ്ച് എന്ന മെഷീന്‍ ഉപയോഗിച്ച് വലിച്ച് ഉയര്‍ത്തി ചെളിയും മണ്ണും പുറത്തേക്ക് തള്ളുകയും ചെയ്യുന്നു.
സിഗ്നല്‍ ഡ്രോപ്പിന്റെ ഒരറ്റം മുകളില്‍ നില്‍ക്കുന്നവരുടെ കയ്യിലും മറ്റേ അറ്റം വെള്ളത്തിനടിയിലെ ആളുകളുടെ തോളിലൂടെയുമായിരിക്കും. ചെറിയ തോതില്‍ വലിക്കുന്നതിന്റെ എണ്ണം, രീതി, വേഗത എന്നിവ നോക്കിയാണ് സന്ദേശങ്ങള്‍ മനസ്സിലാകുന്നത്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റ സ്വദേശികളായ നാലംഗ സംഘമാണ് കാളികാവ് ചെത്ത് കടവ് പാലത്തിന്റെ തൂണുകള്‍ക്ക് വേണ്ടി സാഹസികമായി മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. അറുപത്തിനാല് വയസായ ബാലന്‍, സുഹൃത്തുക്കളായ കുഞ്ഞുമോന്‍(48), മോഹനന്‍(49), ചന്ദ്രന്‍(40) എന്നിവരാണ് കാളികാവില്‍ ജോലി ആരംഭിച്ചട്ടുള്ളത്.
രണ്ട് ഷിഫ്റ്റുകളായിട്ടാണ് ഇവര്‍ ഒരു ദിവസം വെള്ളത്തിനടിയില്‍ ജോലി ചെയ്യുക. രണ്ട് മണിക്കൂറ് നേരം രണ്ടാളും, അടുത്ത രണ്ട് മണിക്കൂര്‍ വീതം മറ്റേ രണ്ട് പേരും വെള്ളത്തിലിറങ്ങും. വീണ്ടും ഇതേ രീതി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും. 1989 ലാണ് സംഘം ഈ സാഹസിക ജോലി ആരംഭിച്ചത്.
സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലേയും പാലം പണിക്കും, മൂന്ന് മലകളെ ബന്ധിപ്പിക്കുന്ന കല്ലട ഇറിഗേഷന്‍ പ്രോജക്ടുകള്‍ പോലുള്ള പ്രവര്‍ത്തികളുടെയും തൂണുകള്‍ക്ക് വേണ്ടി ഈ സംഘം തന്നെയാണ് പ്രവൃത്തി ചെയ്തിട്ടുള്ളത്.
ആസാം, ബീഹാര്‍, ഒറീസ, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവര്‍ ഈ ജോലി ചെയ്തിട്ടുണ്ട്. ഇവരുടെ ഗ്രാമമായ കരവാറ്റയില്‍ വേറെയും പത്ത് പേര്‍ കൂടി ഹെല്‍മെറ്റ് സിങ്കേഴ്‌സുണ്ട്്.
കാളികാവ് പാലത്തിന് വേണ്ടി പത്ത് മീറ്ററോളം താഴ്ചയില്‍ നിന്നാണ് ചെളിനീക്കം ചെയ്യുന്നത്. അറുപത് മീറ്ററോളം താഴ്ചയില്‍ വരെ ഇവര്‍ ഇത്തരം ജോലികള്‍ ചെയ്തിട്ടുണ്ടെന്ന് സംഘം സിറാജിനോട് പറഞ്ഞു.