ലീഗിലെ വിഭാഗീയത; തിരൂരങ്ങാടിയില്‍ രണ്ട് നേതാക്കള്‍ക്കെതിരെ നടപടി

Posted on: March 27, 2014 7:43 am | Last updated: March 27, 2014 at 7:43 am
SHARE

തിരൂരങ്ങാടി: മുസ്‌ലിംലീഗിലെ ഭിന്നത കൈയാങ്കളിയിലെത്തിയതോടെ തിരൂരങ്ങാടിയില്‍ രണ്ട് നേതാക്കള്‍ക്കെതിരെ നടപടി. മൂന്നാം വാര്‍ഡ് മുസ്‌ലിംലീഗ് പ്രസിഡന്റ് സി ടി മൂസക്കുട്ടി, 19ാംവാര്‍ഡിലെ കടവത്ത് ഉസ്മാന്‍ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് മണ്ഡലം കമ്മിറ്റി മേല്‍ഘടകത്തോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് ഇവരെ നീക്കംചെയ്യണമെന്ന വാര്‍ഡ് കമ്മിറ്റികളുടേയും പഞ്ചായത്ത് കമ്മിറ്റികളുടേയും ആവശ്യം പരിഗണിച്ചാണിതെന്ന് മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി കെ കെ നഹ നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം മുസ്‌ലിംലീഗിലക്ക് വന്ന മുന്‍യൂത്ത് ലീഗ് നേതാവ് എം ഹംസക്കുട്ടിയുടെ അംഗത്വം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് കാരണം. കഴിഞ്ഞദിവസം പന്താരങ്ങാടിയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ലീഗുകാര്‍ തമ്മിലുണ്ടായ സംഘട്ടമാണത്രെ മൂസക്കുട്ടിക്കെതിരെ നടപടിക്ക് കാരണം. 53ാം ബൂത്ത് ലീഗ് കണ്‍വെന്‍ഷനിലുണ്ടായ കൈയാങ്കളിയും പഞ്ചായത്ത് ലീഗ് സെക്രട്ടറിക്ക് നേരെനടന്ന കൈയേറ്റവുമാണ് ഉസ്മാനെതിരെ നടപടിയെടുക്കാനിടയാക്കിയത്. ഹംസക്കുട്ടിയുടെ അംഗത്വം മരവിപ്പിച്ചനടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് വി പി അഹ്മദ്കുട്ടിഹാജി മെമ്പര്‍സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് ലീഗ് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ചെമ്മാട്, വെഞ്ചാലി, പന്താരങ്ങാടി, പാറപ്പുറം, കരിപറമ്പ് പ്രദേശങ്ങളിലാണ് ഈ പ്രശ്‌നത്തില്‍ ലീഗുകാര്‍ രണ്ട് ചേരികളായിട്ടുള്ളത്. മണ്ഡലം പഞ്ചായത്ത് ലീഗ് കമ്മിറ്റികളില്‍ ഒരുവിഭാഗം നേതാക്കളും ഹംസക്കുട്ടിയെ അനുകൂലിക്കുന്നുണ്ട്. ഇത് നേതൃത്വത്തിന് കടുത്ത തലവേദനയായിട്ടുണ്ട്.