Connect with us

Ongoing News

സൂപ്പര്‍ ബയേണ്‍

Published

|

Last Updated

article-2589214-1C90580D00000578-46_634x389ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടം ബയേണ്‍ മ്യൂണിക്കിന്. ലീഗില്‍ ഏഴ് മത്സരങ്ങള്‍ ശേഷിക്കെയാണ് പെപ് ഗോര്‍ഡിയോളയുടെ ബയേണ്‍ റെക്കോര്‍ഡ് വേഗത്തില്‍ ചാമ്പ്യന്‍മാരായത്. എവേ മത്സരത്തില്‍ ഹെര്‍ത ബെര്‍ലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബയേണ്‍ മ്യൂണിക്ക് അവരുടെ ഇരുപത്തിനാലാം ബുണ്ടസ് ലിഗ കിരീടം ഉറപ്പാക്കിയത്. യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയും ബയേണിനൊപ്പം ഗോര്‍ഡിയോള ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ജര്‍മന്‍ കപ്പിന്റെ സെമിയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലുമെത്തിയ ബയേണ്‍ ഗോര്‍ഡിയോളക്കൊപ്പം ആദ്യ സീസണില്‍ തന്നെ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയേക്കാം.
ബുണ്ടസ് ലിഗയില്‍ ബഹുദൂരം മുന്നിലുള്ള ബയേണിന് 27 മത്സരങ്ങളില്‍ 77 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോട്മുണ്ടിന് 52 പോയിന്റ് മാത്രം. എഫ് സി ഷാല്‍ക്കെ 51 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. 44 പോയിന്റ് വീതമുള്ള ബയെര്‍ ലെവര്‍കുസനും വോള്‍സ്ബര്‍ഗും നാലും അഞ്ചും സ്ഥാനത്ത്. ലീഗില്‍ തുല്യപോരാട്ടം നടക്കുന്നത് ബയേണിന് പിറകിലുള്ള ടീമുകള്‍ തമ്മിലാണ്. സൂപ്പര്‍താരനിരയുമായി ഒപ്പമുള്ള ക്ലബ്ബുകളെ അനായാസം പിന്തള്ളുന്ന ബയേണ്‍ ജര്‍മന്‍ ലീഗിനെ വിരസമാക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ജയിച്ചാല്‍ റെക്കോര്‍ഡ് വേഗത്തില്‍ കിരീടം ഉറപ്പുള്ള മത്സരത്തില്‍ ആറാം മിനുട്ടില്‍ തന്നെ ബയേണ്‍ വല കുലുക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോട്ടമിട്ട മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസാണ് ഹെര്‍ത ബെര്‍ലിന്റെ വല തുളച്ചത്. പതിനാലാം മിനുട്ടില്‍ മരിയോ ഗോസെയും എഴുപത്തൊമ്പതാം മിനുട്ടില്‍ റിബറിയും സ്‌കോര്‍ ചെയ്തു. അറുപത്താറാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ റാമോസ് ആതിഥേയ ടീമിന്റെ ആശ്വാസ ഗോളടിച്ചു. ലീഗില്‍ ബയേണിന് തുടരെ പത്തൊമ്പതാം ജയമായിരുന്നു ഇത്. തോല്‍വിയറിയാതെ അമ്പത്തിരണ്ട് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയും ബയേണ്‍ വിസ്മയമായി. തുടരെ പത്താം എവേ വിജയം മറ്റൊരു റെക്കോര്‍ഡ്. കഴിഞ്ഞ സീസണില്‍ ജുപ് ഹെയിന്‍കസിന് കീഴില്‍ ബയേണ്‍ തന്നെ സൃഷ്ടിച്ച ഒമ്പത് മത്സരങ്ങളുടെ റെക്കോര്‍ഡാണ് ഗോര്‍ഡിയോളയുടെ ബയേണ്‍ തകര്‍ത്തത്.
തോമസ് മുള്ളറുടെ പാസില്‍ നിന്നാണ് ടോണി ക്രൂസ് ഗോള്‍ നേടിയതെങ്കില്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറുടെ ക്രോസില്‍ ഹെഡറിലൂടെ ഗോസെ സ്‌കോര്‍ ചെയ്തു. റിബറി ലോബ് ചെയ്താണ് ഗോള്‍ ആഘോഷിച്ചത്.
ബാഴ്‌സലോണക്കൊപ്പം നാല് സീസണ്‍ ചെലവഴിച്ച പെപ് ഗോര്‍ഡിയോള പതിനാല് കിരീടങ്ങളുയര്‍ത്തി ചരിത്രം സൃഷ്ടിച്ചു. ബയേണിനൊപ്പം മൂന്നാം കിരീടം ഉയര്‍ത്തിയത് ഒമ്പത് മാസം കൊണ്ടാണ്. ഈ നേട്ടങ്ങളെല്ലാം ഗോര്‍ഡിയോള കൈവരിച്ചത് 43 വയസിനുള്ളില്‍.

ഗോര്‍ഡിയോളക്ക് തുല്യം ഗോര്‍ഡിയോള
പരിശീലകരിലെ അതികായനായി പെപ് ഗോര്‍ഡിയോള മാറിക്കൊണ്ടിരിക്കുന്നുവെന്ന് ബയേണിന്റെ ചെയര്‍മാന്‍ കാള്‍ ഹെയിന്‍സ് റുമിനിഗെ. പോസിറ്റീവ് ഫുട്‌ബോളാണ് അദ്ദേഹത്തിന്റെത്. കളിയെയും പരിശീലന രീതിയെയും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. കൃത്യമായ പദ്ധതികള്‍, ഉള്‍ക്കാഴ്ച ഇതൊന്നും മറ്റൊരു കോച്ചിലും ദര്‍ശിച്ചിട്ടില്ല-റുമിനിഗെ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ജുപ് ഹെയിന്‍കസിന്റെ ബയേണ്‍ ലീഗില്‍ പതിനൊന്ന് പോയിന്റ് മാത്രം നഷ്ടമാക്കി മനം കവര്‍ന്നപ്പോള്‍ പെപ് ഗോര്‍ഡിയോളയുടെ ടീം വെറും നാല് പോയിന്റ് മാത്രമാണ് ഇതുവരെ വിട്ടുകൊടുത്ത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരാകുന്ന ടീമും ഗോര്‍ഡിയോളയുടെ സംഘമാകും. സീസണില്‍ ആകെ തോറ്റത് ഒരു മത്സരത്തില്‍. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട്.
ഏഴാം ബുണ്ടസ് ലിഗ കിരീടം നേടിയ ഷൈ്വന്‍സ്റ്റിഗര്‍, ഡച്ച് വിംഗര്‍ ആര്യന്‍ റോബന്‍, റിബറി എന്നിവര്‍ ഗോര്‍ഡിയോളയുടെ പരിശീലക മികവിനെ സ്തുതിച്ചു.
ജര്‍മനിയുടെ ദേശീയ ടീം കോച്ച് ജോക്വം ലോ ബയേണിന്റെ കിരീട ജയം കാണാനുണ്ടായിരുന്നു. പൊസഷന്‍ ഗെയിമില്‍ ഗോര്‍ഡിയോള തന്റെ കരുത്ത് വീണ്ടുമറിയിച്ചിരിക്കുന്നുവെന്ന് ലോ പറഞ്ഞു. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോട്മുണ്ട് കോച്ച് യുര്‍ഗന്‍ ക്ലോപും അഭിനന്ദനമറിയിച്ചു. അതിശയിപ്പിക്കുന്ന നേട്ടം. ബയേണിനെ കാണണമെങ്കില്‍ ടെലിസ്‌കോപിന്റെ സഹായം വേണം – ക്ലോപ് പറഞ്ഞു.

ഹെയിന്‍കസിന് നന്ദി: ഗോര്‍ഡിയോള

ജുപ് ഹെയിന്‍കസ് പാകിയ അടിത്തറയാണ് ബയേണിനെ ഇത്തവണയും കുതിപ്പിച്ചതെന്ന് കോച്ച് പെപ് ഗോര്‍ഡിയോള. ഹെയിന്‍കസ് കഴിഞ്ഞ സീസണില്‍ ചെയ്തതു പോലെ കഠിനാധ്വാനം ചെയ്താണ് താനും ബയേണിനൊപ്പം കിരീടം നേടിയത്. അദ്ദേഹം നല്‍കിയ അടിത്തറ പ്രധാനമായിരുന്നു. കളിക്കാര്‍ അവരുടെ ജോലി ഭംഗിയാക്കി. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ നേട്ടമില്ല- ഗോര്‍ഡിയോള പറഞ്ഞു.

Latest