Connect with us

Ongoing News

ഗോദയില്‍ 269 പേര്‍; 65 പേരുടെ പത്രിക തള്ളി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് 269 പേര്‍ മത്സരരംഗത്ത്. 26 വനിതകളാണ് ഇത്തവണ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മതിയായ രേഖകളില്ലാത്തതിനാല്‍ 65 പത്രികകള്‍ തള്ളി. ആകെ 391 നാമനിര്‍ദേശപത്രികകള്‍ ലഭിച്ചതില്‍ 57 സ്ഥാനാര്‍ഥികള്‍ പത്രികകള്‍ പിന്‍വലിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഉയര്‍ന്ന പരാതിയും വിവാദവുമെല്ലാം താണ്ടി മുന്നണി സ്ഥാനാര്‍ഥികളെല്ലാം മത്സര രംഗത്ത് നിലയുറപ്പിച്ചു. സത്യവാങ്മൂലത്തില്‍ ക്രമക്കേട് നടത്തിയെന്ന പരാതി ഉയര്‍ന്ന ആറ്റിങ്ങല്‍ യു ഡി എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയുടെ പത്രിക ഇന്നലെ സ്വീകരിച്ചു.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് തിരുവനന്തപുരത്താണ്. ഇരുപത് പേരാണ് ഇവിടെ മാറ്റുരക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മാവേലിക്കരയിലാണ്. ഒമ്പത് പേര്‍. ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ പതിനാറ് സ്ഥാനാര്‍ഥികള്‍ വീതം മത്സരിക്കുമ്പോള്‍ വയനാട്, പാലക്കാട്, ചാലക്കുടി മണ്ഡലങ്ങളില്‍ പതിനഞ്ച് പേര്‍ വീതം മാറ്റുരക്കുന്നു. കാസര്‍കോട്. തൃശൂര്‍ മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് പതിനാല് പേര്‍ വീതമാണ്. കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ പതിമൂന്ന് പേര്‍ വീതം മാറ്റുരക്കുമ്പോള്‍ ആലത്തൂരില്‍ പന്ത്രണ്ട് പേരാണ് മത്സരരംഗത്തുള്ളത.് കണ്ണൂര്‍, വടകര, പൊന്നാനി, കോട്ടയം, കൊല്ലം മണ്ഡലങ്ങളില്‍ പതിനൊന്ന് പേര്‍ വീതം മത്സര രംഗത്തുണ്ട്. മലപ്പുറത്ത് പത്ത് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
ഏറ്റവും കൂടുതല്‍ പത്രികകള്‍ തള്ളിയത് കാസര്‍കോടാണ്. എട്ട് പേരുടെ പത്രിക ഇവിടെ തള്ളി. പാലക്കാട്ട് ആറ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. പ്രമുഖര്‍ക്കെതിരെ മത്സരിക്കുന്ന അഞ്ചിടങ്ങളിലെ അപരന്‍മാര്‍ പത്രിക പിന്‍വലിച്ച് മത്സരരംഗത്തു നിന്ന് പിന്മാറി.
എന്നാല്‍, കണ്ണൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍, പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി വീരേന്ദ്രകുമാര്‍, പൊന്നാനിയില്‍ ഇടതു സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മന്‍, ആലത്തുര്‍ ഇടതു സ്ഥാനാര്‍ഥി പി കെ ബിജു, ആലപ്പുഴ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍, ആറ്റിങ്ങല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ സമ്പത്ത് എന്നീ പ്രമുഖര്‍ക്ക് തിരഞ്ഞെടുപ്പില്‍ അപരന്‍മാരുടെ ഭീഷണിയുണ്ടാകും.
അതേസമയം, അപരന്‍മാര്‍ക്ക് പേരിനൊപ്പം അവരെ പ്രത്യേകമായി തിരിച്ചറിയാനുള്ള തിരിച്ചറിയല്‍ മാര്‍ക്ക് കൂടി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.