ആരോഗ്യവും വീടും അവകാശമാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക

Posted on: March 27, 2014 1:00 am | Last updated: March 27, 2014 at 1:16 am
SHARE

PRIME MINISTER MANMOHAN SINGHന്യൂഡല്‍ഹി: ആരോഗ്യം അവകാശമാക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന പ്രധാന വാഗ്ദാനം. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുറത്തിറക്കിയ പ്രകടനപത്രിക എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹിക സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി എ കെ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്. ‘നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ പ്രതിജ്ഞ’ എന്നാണ് മുദ്രാവാക്യം. എണ്‍പത് കോടി ജനങ്ങളെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്തും. അടുത്ത മൂന്ന് വര്‍ഷത്തിനകം ജി ഡി പി വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാക്കി ഉയര്‍ത്തുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും അവകാശമാക്കിയതിന്റെ മാതൃകയില്‍ വീടും ആരോഗ്യവും അവകാശമാക്കും. ഇതിന് പുറമെ എല്ലാ വിഭാഗക്കാര്‍ക്കും പെന്‍ഷന്‍, സാമൂഹിക സുരക്ഷിതത്വം, മാന്യമായ തൊഴില്‍ സാഹചര്യം, സംരംഭകത്വം എന്നിവയും അവകാശമാക്കും. പത്ത് കോടി യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാവര്‍ക്കും ബേങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പ് വരുത്തും.
സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു.