പദ്ധതി വിഹിതത്തില്‍ നിന്ന് 5,000 കോടി പാഴാകും

Posted on: March 27, 2014 1:14 am | Last updated: March 27, 2014 at 1:14 am
SHARE

20432169തിരുവനന്തപുരം: പദ്ധതി വിഹിതം ചെലവിടുന്നത് ലക്ഷ്യം തെറ്റുകയും പുതിയ ഭരണാനുമതിക്ക് നിരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഈ വര്‍ഷം ഏറ്റവും കുറഞ്ഞത് അയ്യായിരം കോടി രൂപയെങ്കിലും പാഴാകുമെന്നുറപ്പായി. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് 17,000 കോടിയുടെ വാര്‍ഷിക പദ്ധതിയാണ് തയ്യാറാക്കിയതെങ്കിലും ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് ചെലവഴിച്ചത് വെറും 9,767 കോടി രൂപയാണ്. 57.45 ശതമാനം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാല് ദിവസം ശേഷിക്കെ, മാര്‍ച്ച് മാസത്തിലാകെ രണ്ടായിരത്തിലധികം കോടി രൂപ ചെലഴിച്ചാല്‍ പോലും അയ്യായിരം കോടി രൂപ പാഴാകുമെന്നുറപ്പ്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ട്രഷറിയില്‍ നിന്ന് കൂട്ടത്തോടെയുള്ള പണമൊഴുക്ക് തടയാന്‍ ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ കൂട്ടത്തോടെ പദ്ധതി തുക ചെലവിടുന്ന പതിവും ഇക്കുറിയുണ്ടാകില്ല. പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക മോണിറ്ററിംഗ് സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.8 ശതമാനത്തിന്റെ വര്‍ധന മാത്രമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി വരെയുള്ള പദ്ധതി ചെലവ് 55.65 ശതമാനമായിരുന്നു. പദ്ധതി വിഹിതം ചെലഴിച്ചതില്‍ മുന്നില്‍ പൊതുമരാമത്ത് വകുപ്പും ഏറ്റവും പിന്നില്‍ റവന്യൂ വകുപ്പുമാണ്. 60.14 ശതമാനമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്. നാലായിരം കോടി രൂപ നീക്കിവെച്ചതില്‍ 2,405 കോടി രൂപ ചെലവിട്ടു കഴിഞ്ഞു. ഒരു മാസം കൊണ്ട് പന്ത്രണ്ട് ശതമാനത്തിന്റെ വര്‍ധനയാണ് തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിലുണ്ടായത്.
ഭക്ഷ്യവും പൊതുവിതരണവും (24.77 ശതമാനം), വിവര പൊതുജന സമ്പര്‍ക്കം (21.82), തദ്ദേശ സ്വയം ഭരണം (27.20), തുറമുഖം (17.7), റവന്യൂ (10.60) വകുപ്പുകളുടെ പദ്ധതി ചെലവ് മുപ്പത് ശതമാനത്തിലും താഴെയാണ്. ഇതില്‍ തന്നെ ഏറ്റവും പിന്നില്‍ റവന്യൂ വകുപ്പാണ്. 58.75 കോടി രൂപയാണ് റവന്യൂവിന്റെ പദ്ധതി വിഹിതമെങ്കില്‍ ഇതുവരെ ചെലവഴിച്ചത് വെറും 6.23 കോടി രൂപ മാത്രം. തൊട്ടു മുകളില്‍ തുറമുഖ വകുപ്പാണ്. 78.69 കോടി രൂപ തുറമുഖ വകുപ്പിന് നീക്കിവെച്ചിരുന്നെങ്കിലും ചെലവഴിച്ചത് വെറും 13.98 കോടി രൂപ. 17.77 ശതമാനം.
138.44 ശതമാനമാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി ചെലവ്. നീക്കിവെച്ചതിലും കൂടുതല്‍ തുക ചെലവഴിച്ചു. തൊള്ളായിരം കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിന് നീക്കിവെച്ചിരുന്നതെങ്കിലും 1246.06 കോടി രൂപ ഇതിനകം അവര്‍ ചെലവഴിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇനി പൊതുമരാമത്ത് വകുപ്പിന് പണം നല്‍കില്ലെന്ന നിലപാടിലാണ് ധന വകുപ്പ്. തൊട്ടുപിന്നില്‍ ധനം, ടൂറിസം വകുപ്പുകളാണ്. ധന വകുപ്പിന് നീക്കിവെച്ച 153.20 കോടി രൂപയില്‍ 150.88 കോടി രൂപയും ഇതിനകം ചെലവഴിച്ച് കഴിഞ്ഞു. 98.48 ശതമാനം. 97.39 ശതമാനമാണ് ടൂറിസം വകുപ്പിന്റെ പദ്ധതി ചെലവ്. നീക്കിവെച്ച 189.23 കോടി രൂപയില്‍ 184.29 കോടി ചെലവിട്ടു കഴിഞ്ഞു.
കൃഷി (65.21 ശതമാനം) മൃഗസംരക്ഷണം (60.58) ആരോഗ്യ, കുടുംബക്ഷേമം (81.43) ഉന്നത വിദ്യാഭ്യാസം (61.16) ആഭ്യന്തരം, വിജിലന്‍സ് (66.99), വിവര സാങ്കേതികം (76.40) തൊഴിലും പുനരധിവാസവും (70.44) പട്ടിക വര്‍ഗം (75.62) സാമൂഹിക നീതി (60.81) ഗതാഗതം (8.33) വകുപ്പുകളാണ് അറുപത് ശതമാനത്തിനു മുകളില്‍ പദ്ധതി തുക ചെലഴിച്ചത്. സംസ്ഥാനത്തെ പത്ത് വന്‍കിട പദ്ധതികള്‍ക്കായി 846.03 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇതുവരെ 117 കോടി രൂപയാണ് ചെലവഴിച്ചത്.
പദ്ധതികളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനായി ഓരോ കാല്‍ക്കൊല്ലത്തിലും നിശ്ചിത തുക ചെലവിടണമെന്ന് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് ഫലപ്രദമായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.