Connect with us

Editorial

നിയമലംഘനങ്ങള്‍ തകര്‍ക്കാന്‍ മടിയോ?

Published

|

Last Updated

അനധികൃതമായി നിര്‍മിച്ച ആലുവയിലെ മഴവില്‍ റെസ്‌റ്റോറന്റ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു പൊളിച്ചു മാറ്റുകയുണ്ടായി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി ഒരു പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് വന്ന കോടതി വിധിയില്‍ സെപ്തംബര്‍ 30നകം കെട്ടിടം പൊളിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും, കെട്ടിടമുടമയും സര്‍ക്കാറും ഒത്തുകളിച്ചു കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തയതിനെ തുടര്‍ന്നു വിഷയം കോടതിയലക്ഷ്യത്തിലേക്ക് നീങ്ങുകയും കോടതി നിര്‍ദേശം അംഗീകരിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടത്തിനാകില്ലെങ്കില്‍ കേന്ദ്ര സേനയെ ഉപയോഗിക്കണമെന്ന് കോടതി താക്കീതിന്റെ ഭാഷയില്‍ നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന സര്‍ ക്കാര്‍ നേര്‍വഴിക്കു വന്നത്.
സര്‍ക്കാറും കെട്ടിട മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. സാധാരണക്കാരന്റെയും ചെറുകിട കച്ചവടക്കാരന്റെയും നിസ്സാര കൈയേറ്റങ്ങള്‍ക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ നിയമത്തിന്റെ ദണ്ഡുമായി പാഞ്ഞടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ ഉന്നതരുടെയും, മാഫിയകളുടെയും കയ്യേറ്റങ്ങളെയും വെട്ടിപ്പുകളെയും കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, പിന്‍വശത്തുകൂടി എല്ലാ ഒത്താശകളും നല്‍കുകയും ചെയ്യുന്നു. സാധാരണക്കാരന് ഒരു മുറി പീടിക നിര്‍മാണത്തിന് അനുമതി ലഭിക്കണമെങ്കില്‍ വസ്തുവിന്റെ നികുതി ശീട്ട്, കെട്ടിടത്തിന്റെ പ്ലാന്‍, എസ്റ്റിമേറ്റ് തുടങ്ങി ഒട്ടേറെ രേഖകളുമായി ദിവസങ്ങളോളം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങേണ്ടി വരുമ്പോള്‍, ഇതൊന്നുമില്ലാതെ തന്നെ സംസ്ഥാനത്തെങ്ങും റിസോര്‍ട്ടുകളും വന്‍ കെട്ടിടങ്ങളും ഉയര്‍ന്നു വരികയും ഈ നിയമലംഘനങ്ങള്‍ക്കു നേരെ ഭരണകൂടം കണ്ണടക്കുകയും ചെയ്യുന്നു. മൂന്നാര്‍ ,വാഗമണ്‍ പോലുള്ള വനമേഖലകളിലും വിനോദ സഞ്ചാര കേന്ദങ്ങളിലും, കായല്‍, നദീ തിരങ്ങളിലും സര്‍ക്കാര്‍ ഭൂമി കൈയേറ്റവും അനുമതിയില്ലാത്ത കെട്ടിട നിര്‍മാണങ്ങളും വ്യാപകമാണ്. മൂന്നാര്‍ നഗരത്തില്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി വാങ്ങാതെ ഷെഡുകളും ചായക്കടകളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് ചെറിയ കെട്ടിടങ്ങളാണ് ബഹുനില കെട്ടിടങ്ങളാക്കി മാറ്റിയത്. നികുതി വെട്ടിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചും നിര്‍മിക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ ഒരു നോട്ടീസ് നല്‍കാന്‍ പോലും തയാറാകാതെ, രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക പിന്‍ബലവുമുള്ള കൈയേറ്റക്കാര്‍ക്ക് മുന്നില്‍ അധികൃതര്‍ മുട്ടുകുത്തുന്നു. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഇടതു മുന്നണി ഭരണ കാലത്ത് ഉന്നത ഉദ്യോഗസ്ഥതലത്തില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെ ഭരണ കക്ഷികളും നേതാക്കളും തന്നെയായിരുന്നു അട്ടിമറിച്ചത്. പിന്നീട് അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാറിനും പ്രഖ്യാപനങ്ങളില്‍ ഒതുക്കേണ്ടി വന്നു ഒഴിപ്പിക്കല്‍ നടപടി. ഒടുവില്‍ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ തന്നെ കത്തിപ്പോയ സംഭവവും മൂന്നാറിലുണ്ടായി. വയനാട്ടില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളായ അച്ചനും മകനും ചേര്‍ന്നാണ് ഭൂമി കൈയേറുന്നത്.
പശ്ചിമഘട്ട വനമേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് 2012 ഡിസംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ 44,420 ഹെക്ടര്‍ വനഭൂമി കൈയേറിയതായും കേന്ദ്രം ചൂണ്ടിക്കാണിച്ചു. ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച നടപടികളുണ്ടായില്ല. ഹാരിസണ്‍ കമ്പനി കൈയേറിയ 60,000ത്തോളം ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നീക്കത്തിന് വിലങ്ങ് സൃഷ്ടിക്കുന്നത് ഉന്നത രാഷ്ട്രീയക്കാരും ഉദ്യേഗസ്ഥ ലോബിയുമാണെന്ന് വ്യക്തമായതാണ്.
പതിറ്റാണ്ടുകളായി കേരളത്തിലെങ്ങും വന്‍തോതില്‍ വനഭൂമി, റവന്യുഭൂമി കൈയേറ്റവും അനധികൃത കെട്ടിട നിര്‍മാണങ്ങളും നടന്നു വരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കൈയേറ്റക്കാരായ ടാറ്റാ കമ്പനി മൂന്നാറില്‍ രണ്ട് അനധികൃത അണക്കെട്ടുകളും നിര്‍മിക്കുകയുണ്ടായി. അന്തിയുറങ്ങുന്നതിന് കുടില്‍ കെട്ടാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ സംസ്ഥാനത്ത് ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍ പ്രയാസപ്പെടുമ്പോഴാണ്, കോര്‍പ്പറേറ്റുകളും മാഫിയകളും നിര്‍ബാധം ഭൂമികൈയേറ്റം തുടരുന്നതെന്നത് സാമൂഹിക ബോധമുള്ളവരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും, അത് തടയാനുള്ള ബാധ്യത മനഃപൂര്‍വം വിസ്മരിച്ചു കൈയേറ്റക്കാര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബികള്‍ക്ക് യാതൊരു മനഃസാക്ഷിക്കുത്തുമില്ല. അനധികൃത കൈയേറ്റങ്ങളെ ചെറുക്കാനും പരിസ്ഥിതി സംരക്ഷണത്തിനും സര്‍ക്കാറേതര സംഘടകനളും പ്രകൃതിസ്‌നേഹികളും രംഗത്തു വരേണ്ട അവസ്ഥ സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്.

Latest