Connect with us

Articles

നവ മാധ്യമങ്ങള്‍ ജനാധിപത്യം കാക്കുമ്പോള്‍

Published

|

Last Updated

നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ഏറെ പ്രസക്തിയുള്ള ഒരു പൊതുതിരഞ്ഞടുപ്പാണ് രാജ്യം അഭിമുഖീകരിക്കുന്നത്. പരമ്പരാഗത പ്രചാരണ തന്ത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള മാധ്യമങ്ങളിലൂടെ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തങ്ങളുടെ ആശയങ്ങളും നിലപാടുകളും അവതരിപ്പിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും വലിയൊരു ജനാധിപത്യ വിപ്ലവം സാധ്യമാകുമെന്ന് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ വോട്ടര്‍മാരിലേക്ക് ഇത്തരം സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഏറെ സഹായകമാണ്. അതോടൊപ്പം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുമൊക്കെ ഈ ആധുനിക സങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം. എന്നല്ല, ഉപയോഗിക്കപ്പെടുന്നു എന്നു തന്നെ പറയാം. ഇത്തരം ചില ദുരുപയോഗങ്ങള്‍ സംബന്ധിച്ച് പരാതികളും ഉയര്‍ന്നു കഴിഞ്ഞു.
നവ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. 125 കോടി ജനങ്ങളില്‍ മൂന്നിലൊന്ന് ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയാണെങ്കിലും 100 കോടിയോളം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന രാജ്യമാണിത്. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇത്തരം പല “”മുന്നേറ്റ”ങ്ങളും രാജ്യം കൈവരിച്ചിട്ടുണ്ട്. ഇത്തവണ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആധുനിക സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉചിതമായ ഉപയോഗം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, എസ് എം എസ് തുടങ്ങിയവ മുഖേന തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ടു വ്യക്തമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിക്കുന്ന യാതൊന്നും നവ മാധ്യമങ്ങളില്‍ വന്നു കൂടാ എന്നാണ് നിര്‍ദേശം. വിശാലമായ സൈബര്‍ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷനും വലിയ വെല്ലുവിളിയാണ്.
വിക്കിപീഡിയ പോലുള്ള കൂട്ടായ പ്രോജക്ടുകള്‍, ബ്ലോഗുകള്‍, മൈക്രോ ബ്ലോഗുകള്‍, യു ട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം ബാധകമായിരിക്കുമെങ്കിലും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന പോസ്റ്റുകളും മറ്റും എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സൈബര്‍ യുഗത്തിലെ പ്രചാരണ നിരീക്ഷണത്തിന്റെ സങ്കീര്‍ണതകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വം ഏറെ വര്‍ധിപ്പിക്കുന്നു. ഇപ്പോഴുള്ള മാധ്യമ നിരീക്ഷണ സംവിധാനങ്ങള്‍ ഇതിന് പര്യാപ്തമാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നു.
പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രതിച്ഛായവര്‍ധനക്കും ജനകീയ പിന്തുണ നേടുന്നതിനും ആയിരക്കണക്കായ സാങ്കേതിക വിദഗ്ധരെ നിയോഗിക്കുന്നു. ഇങ്ങനെ മുടക്കുന്ന പണത്തിന്റെ കണക്കും പ്രചാരണ ചെലവിന്റെ ഭാഗമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നുവെങ്കിലും ഇത്തരം കണക്കുകള്‍ കൃത്യമായി ശേഖരിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. സ്ഥാനാര്‍ഥികള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ അവരുടെ ഇ-മെയില്‍ ഐ ഡിസോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവയുടെ വിശദാംശങ്ങള്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് സംബന്ധിച്ച് പ്രത്യേകമായും കൃത്യമായും വിവരങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെള്ള ചെലവും ഇതില്‍ പെടുന്നതാണ്. നവ മാധ്യമങ്ങളിലൂടെ എന്തും പ്രചരിപ്പിക്കാമെന്ന ചിന്ത ഇവ ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. തിരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും പൂര്‍ണമായ അറിവോടെയെങ്കിലും അബദ്ധത്തില്‍ പലരും ഇത്തരം കെണികളില്‍ ചാടുന്നുണ്ട്. അപകീര്‍ത്തിപരമായ ചില സന്ദേശങ്ങളും മറ്റും ആവേശത്തിനിടയില്‍ ഷെയര്‍ ചെയ്തു പോരുന്നു.ഇവരെയും നിയമ നടപടികള്‍ക്ക് വിധേയരാക്കുന്നുണ്ട്. ആദ്യമായി വോട്ട് ചെയ്യുന്നവരും യുവ വോട്ടര്‍മാരും നിര്‍ണായക സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ യുവ തലമുറയെ അകത്താക്കാന്‍, ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും മറ്റും തപസ്സിരിക്കുന്ന ഇവരെ സ്വാധീനിക്കാന്‍ കഴിയുക എന്നതാണ് തെരുവു പ്രചാരണത്തേക്കാള്‍ നവമാധ്യമങ്ങളെ കൂട്ട് പിടിക്കാന്‍ പല സ്ഥാനാര്‍ഥികളെയും പ്രേരിപ്പിക്കുന്നത്. പരമ്പരാഗത പ്രചാരണത്തിന്റെ പൊലിമ കുറയുന്നില്ലെങ്കിലും ചില പ്രചാരണ തന്ത്രങ്ങളുടെ സാധ്യതകള്‍ കൂടുതലായി ഇത്തവണ ഉപയോഗിച്ചുവരുന്നു.
ദേശീയ തലത്തില്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ആധുനിക സമ്പര്‍ക്ക മാധ്യമങ്ങള്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാകും ഇത്. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളിലൊന്നും ദര്‍ശിക്കാന്‍ കഴിയാത്ത വലിയൊരു സാങ്കേതിക പ്രചാരണ വിപ്ലവമാണ് ഇപ്പോഴുള്ളത്. രാജ്യത്ത് വാര്‍ത്താ വിനിമയ രംഗത്ത് കഴിഞ്ഞ കാലങ്ങളിലുണ്ടായ വലിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണിതെന്നത് ആര്ക്കും നിഷോധിക്കാന്‍ കഴിയാത്ത വാസ്തവമാണ്. ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിവരെ ഇവിടെ ചര്‍ച്ചയും സംവാദങ്ങളും നടക്കുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിലും വിപുലമായ സാങ്കേതിക സംവിധാനങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗിക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ അത് രാജ്യം കൈവരിച്ച വളര്‍ച്ചയുടെ നേര്‍സാക്ഷ്യം കൂടിയാണ്.എന്നാല്‍ ഇത്തരം ആധുനിക സങ്കേതങ്ങള്‍ അപ്രാപ്യമായ വലിയൊരു ജനവിഭാഗം ഇന്നും രാജ്യത്തുണ്ടെന്ന വസ്തുതയും നിഷേധിക്കാന്‍ പറ്റില്ല. പാവപ്പെട്ടവരും നിരക്ഷരരുമായ അവരും ഇന്ത്യന്‍ ജനാധിപത്യത്തില്‍ അത്ഭുതങ്ങള്‍ കാട്ടിയവരാണ്, അവഗണിക്കപ്പെടേണ്ടവരല്ല അവരും.

Latest