മുഴുവന്‍ പേര്‍ക്കും ശിക്ഷ ലഭിക്കാത്തതില്‍ വേദനയുണ്ടെന്ന് മാതാവ്

Posted on: March 27, 2014 12:41 am | Last updated: March 27, 2014 at 12:41 am
SHARE

ഇരിട്ടി: മകനെ ഇല്ലാതാക്കിയ ആറ് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ സന്തോഷമുണ്ടെങ്കിലും മുഴുവന്‍ പേര്‍ക്കും ശിക്ഷ ലഭിക്കാത്തതില്‍ വേദനയുണ്ടെന്നും പൊന്നുമോനെ വെട്ടിക്കൊന്നവരെ ആര് വെറുതെ വിട്ടാലും ദൈവം ശിക്ഷിക്കുമെന്നും സൈനുദ്ദീന്റെ മാതാവ് സുബൈദ. മകന്റെ ഘാതകര്‍ക്കുള്ള ഏറണാകുളം സി ബി ഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധി സംബന്ധിച്ച വാര്‍ത്ത ടി വിയിലൂടെ കണ്ട സുബൈദക്ക് കരച്ചിലടക്കാനായില്ല.
വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പെയാണ് സൈനുദ്ദീന്‍ സി പി എമ്മിന്റെ കൊലക്കത്തിക്കിരയായത്. 2008 മെയ് 22നായിരുന്നു വിവാഹം. ഒരു മാസത്തെ ഇടവേളക്കുശേഷം കടങ്ങള്‍ വീട്ടാനായി ജോലി തേടി കോയമ്പത്തൂരില്‍ പോകാനിരിക്കെയാണ് 2008 ജൂണ്‍ 23ന് സൈനുദ്ദീന്‍ കൊല്ലപ്പെട്ടത്. പാലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്‌കൂളിന് പുറത്തേക്ക് വ്യാപിക്കുകയും സി പി എം-എന്‍ ഡി എഫ് സംഘര്‍ഷമായി രൂപാന്തരപ്പെടുകയും ചെയ്തത്. പട്ടാപ്പകല്‍ കാക്കയങ്ങാട് ടൗണിലുണ്ടായ കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ വൈരാഗ്യം തന്നെയാണെന്ന് പോലീസ് കണ്ടെത്തി.
ആദ്യം കേസന്വേഷിച്ച അന്നത്തെ ഡി വൈ എസ് പി. എം പി ഷൗക്കത്തലി, സി ഐ. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ലോക്കപ്പ് മര്‍ദനത്തിനും മൂന്നാം മുറക്കും വിധേയരാക്കിയെന്നാരോപിച്ച് അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇവരെ കേസ് അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി. പിന്നീട് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നടപടി വിവാദമാകുകയും ഭരണ സ്വാധീനമുപയോഗിച്ച് കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്ന് ആരോപിച്ച് സൈനുദ്ദീന്റെ മാതാവ് സുബൈദ കേസ് സി ബി ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ഹരജി പരിഗണിച്ച കോടതി കേസ് സി ബി ഐക്ക് വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും അപ്പീല്‍ തള്ളുകയും കേസ് സി ബി ഐ ഏറ്റെടുക്കുകയുമായിരുന്നു. വെറുതെ വിട്ട പ്രതികളെ കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടരുമെന്ന് സൈനുദ്ദീന്റെ കുടുംബാംഗങ്ങളും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പറഞ്ഞു.