കെ എം മാണി സത്യാവസ്ഥ മറച്ചുവെച്ചു: തോമസ് ഐസക്

Posted on: March 27, 2014 12:38 am | Last updated: March 27, 2014 at 12:38 am
SHARE

ആലപ്പുഴ: സംസ്ഥാനത്ത് ധന പ്രതിസന്ധിയില്ലെന്ന് കളവ് പറഞ്ഞ കെ എം മാണിയെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് എം എല്‍ എ. ഇന്ന് മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ പണമിടപാടുകളും നിര്‍ത്തിവെച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിക്കഴിഞ്ഞു.
എന്നാല്‍ ധനമന്ത്രി മാണി ഇപ്പോഴും പറയുന്നത് ഒരു പ്രതിസന്ധിയും ഇല്ലെന്നാണ്. ധന പ്രതിസന്ധി സംബന്ധിച്ച സത്യാവസ്ഥ മറച്ചുവെച്ച കെ എം മാണി തന്നെയാണ് ഇതിനുത്തരവാദി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്‍ നിഷേധിച്ചാല്‍ ജനപ്രതിനിധികള്‍ ട്രഷറിയില്‍ കുത്തിയിരിക്കുമെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ധനകാര്യവകുപ്പ് ഇന്ന് നാഥനില്ലാ കളരിയായി. ചെക്ക് പോസ്റ്റുകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറി. ബജറ്റില്‍ വകയിരുത്തിയ എല്ലാ ചെലവുകള്‍ക്കും പണം അനുവദിച്ചാല്‍ മാത്രം റവന്യൂ കമ്മി 15,263 കോടി രൂപയാകുമെന്ന് ഐസക്ക് ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിന് ആകെ വായ്പയെടുക്കാന്‍ അനുമതിയുള്ളത് 12,000 കോടി മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് 600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇനി ട്രഷറി പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. 2012-13 ല്‍ റവന്യൂകമ്മി 3406 കോടി രൂപയായി കുറയുമെന്നായിരുന്നു മാണിയുടെ അവകാശവാദം. എന്നാല്‍ സി ആന്‍ഡ് എ ജി കണക്ക് വന്നപ്പോള്‍ കമ്മി 9351 കോടി രൂപയാണെന്ന് തെളിഞ്ഞു.
റവന്യൂ വരുമാനം 12 ശതമാനം മാത്രമാണ് ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ ചെലവ് 20 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. കരാറുകാരുടെ കുടിശ്ശിക 2,500 കോടിയായി. ഏഴ് മാസമായി ക്ഷേമ പെന്‍ഷനുകള്‍ പോലും കുടിശ്ശികയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണം പോലും വകമാറ്റി ചെലവഴിക്കുകയാണ്. ഉമ്മന്‍ ചാണ്ടി മുന്‍പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരം സ്ഥിതിവിശേഷങ്ങളെ നേരിട്ടിരുന്നത് ക്ഷേമനിധികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഫണ്ട് ട്രഷറികളിലേക്ക് മാറ്റിക്കൊണ്ടായിരുന്നു. അല്ലെങ്കില്‍ ട്രഷറി സേവിംഗ്‌സ് ബേങ്ക് വഴി വായ്പ എടുക്കുമായിരുന്നു. എന്നാല്‍ കെ എം മാണി ഇതിനുള്ള സാധ്യതപോലും ഇല്ലാതാക്കിയിരിക്കുകയാണ്. ക്ഷേമനിധി ബോര്‍ഡ് പോലെയുള്ള അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാണിജ്യ ബേങ്കുകളിലാണ് പണം നിക്ഷേപിക്കുന്നത്. ഇതില്‍ അഴിമതിയുണ്ടെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.