പ്രചാരണത്തിന് കൊഴുപ്പേകാന്‍ ദേശീയ നേതാക്കളുടെ പട

  Posted on: March 27, 2014 12:34 am | Last updated: March 27, 2014 at 12:34 am
  SHARE

  rahul-and-modiകാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളുടെ വരവായി. ഏപ്രില്‍ ആദ്യവാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തും. വടകര, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് സോണിയ സംസാരിക്കുന്നത്. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളില്‍ രാഹുല്‍ഗാന്ധി പ്രസംഗിക്കും. ഏപ്രില്‍ നാലിനു ശേഷമാവും ഇരുവരും വരിക. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കോഴിക്കോട്ടും എറണാകുളത്തും പ്രസംഗിക്കും.
  ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ഏപ്രില്‍ നാലിന് രാവിലെ 10ന് കാഞ്ഞങ്ങാട് കുശാല്‍നഗര്‍ നിത്യാനന്ദ പോളിടെക്‌നിക് കോളജ് മൈതാനത്ത് ബി ജെ പിയുടെ കാസര്‍കോട് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്ത് അദ്ദേഹം പങ്കെടുക്കുന്ന ഏക തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായിരിക്കും കാഞ്ഞങ്ങാട്ടേത്.
  പ്രതിരോധമന്ത്രി എ കെ ആന്റണി വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുക. 30ന് കാസര്‍കോട്ടെത്തുന്ന ആന്റണി ഉച്ചക്ക് 12 ന് കാഞ്ഞങ്ങാട്ടും പ്രസംഗിക്കും. കാസര്‍കോട്ട് നിന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ഏപ്രില്‍ എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും.
  സി പി എമ്മിന്റെ ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് എന്നിവരും സി പി ഐയുടെ നേതാക്കളായ എ ബി ബര്‍ദന്‍, എസ് സുധാകര റെഡ്ഢി, ഡി രാജ, ആനി രാജ എന്നിവരും ഏപ്രില്‍ ആദ്യവാരം സംസ്ഥാനത്ത് പ്രചാരണം നടത്തും. പ്രകാശ് കാരാട്ട് അഞ്ചിന് രാവിലെ എറണാകുളം, ഉച്ചതിരിഞ്ഞ് ആലപ്പുഴ, ആറിന് രാവിലെ പത്തനംതിട്ട, ഉച്ചതിരിഞ്ഞ് കൊല്ലം, ഏഴിന് രാവിലെ തിരുവനന്തപുരം, ഉച്ചതിരിഞ്ഞ് ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും. യെച്ചൂരി ഏപ്രില്‍ മൂന്നിന് ചാലക്കുടി, നാലിന് തൃശൂര്‍, അഞ്ചിന് പാലക്കാട്, ആറിന് കോഴിക്കോട് എന്നിങ്ങനെ പര്യടനം നടത്തും. ബൃന്ദാ കാരാട്ട് ഏപ്രില്‍ രണ്ടു മുതല്‍ ആലത്തൂര്‍, വയനാട്, കോഴിക്കോട്, പൊന്നാനി, മലപ്പുറം, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രസംഗിക്കും.
  സി പി ഐ മുന്‍ ദേശീയ അധ്യക്ഷന്‍ എ ബി ബര്‍ദന്‍ 31ന് രാവിലെ ആറ്റിങ്ങലിലും ഉച്ചക്ക് ശേഷം തിരുവനന്തപുരത്തും പ്രസംഗിക്കും. ഏപ്രില്‍ ഒന്നിന് ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, രണ്ടിന് ചാലക്കുടി, തൃശൂര്‍ എന്നിവിടങ്ങളിലും ബര്‍ദന്‍ പ്രസംഗിക്കും. സി പി ഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഢി രണ്ടിന് ചാലക്കുടി, തൃശൂര്‍ എന്നിവിടങ്ങളിലും മൂന്നിന് മലപ്പുറത്തും തിരുവമ്പാടിയിലും പ്രസംഗിക്കും. ഇടുക്കിയിലും പാലക്കാട്ടും ഡി രാജ നാല്, അഞ്ച് തീയതികളില്‍ പ്രസംഗിക്കും.
  ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ സംസ്ഥാനത്ത് പ്രചാരണത്തിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിനുള്ള സാധ്യത മങ്ങി. ഏപ്രില്‍ 10നും 15നും ഇടക്കാണ് കെജ്‌രിവാളിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. 10 ന് തിരഞ്ഞെടുപ്പായതോടെ അത് മാറ്റി. ബി ജെ പിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ വെങ്കയ്യ നായിഡു 29 ന് കേരളത്തിലെത്തും. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പര്യടനം 31 ന് തുടങ്ങും.