Connect with us

Ongoing News

വോട്ടര്‍ പട്ടികയില്‍ പേര് വന്നാല്‍ തീരില്ല പ്രവാസിയുടെ വേദന

Published

|

Last Updated

പ്രവാസി സ്‌നേഹംകൊണ്ട് വീര്‍പ്പ് മുട്ടുന്ന സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ കക്ഷികളും മതസംഘടനകളും ഈ സ്‌നേഹപ്രകടനത്തില്‍ പരസ്പരം മത്സരിക്കുന്നു. പാര്‍ട്ടിക്ക് ആസ്ഥാനം പണിയാനായാലും ചാനലും പത്രവും തുടങ്ങാനും വാര്‍ഷിക ഫണ്ട് പിരിവിനും ആലോചന തുടങ്ങും മുമ്പ് നേതാക്കളുടെ കണ്ണ് പ്രവാസികളില്‍ പതിഞ്ഞിട്ടുണ്ടാകും. എന്നാല്‍, സമ്പദ്ഘടനയുടെ നട്ടെല്ലാണ് നിങ്ങളെന്ന സാന്ത്വന വിശേഷണം ഇടക്കിടെ പകര്‍ന്ന് നല്‍കുന്നതല്ലാതെ പ്രവാസി പ്രശ്‌നങ്ങളില്‍ കാര്യത്തോടടുക്കുമ്പോള്‍ കഞ്ഞികുമ്പിളില്‍ തന്നെ. ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും പ്രവാസികളുടെ നെഞ്ചിലെ തീ ഒരു സജീവ ചര്‍ച്ചക്ക് വിഷയമാകുന്നില്ലെന്നതാണ് വസ്തുത.

പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളടുത്താല്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന രാഷ്ട്രീയ, ഭരണ നേതൃത്വത്തെയാണ് പ്രവാസി പ്രശ്‌നങ്ങളില്‍ കാണുന്നത്. സഊദി അറേബ്യയില്‍ സ്വദേശിവത്കരണ (നിതാഖാത്) നിയമം നടപ്പാക്കിയ പ്രതിസന്ധി കാലത്ത് ഇക്കാര്യം ബോധ്യമായതാണ്. മരുപ്പാടത്തെ പ്രവാസികളുടെ വിയര്‍പ്പില്‍ കെട്ടിപ്പൊക്കിയ സമ്പദ്ഘടനയുടെ പിന്‍ബലത്തിലാണ് നാടിന്റെ നിലനില്‍പ്പെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് സമീപകാല പ്രവാസി പ്രശ്‌നങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
സ്വദേശിവത്കരണം മുതല്‍ വിമാനക്കൂലി വരെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറ്റമില്ലാത്തതാണ്. പതിറ്റാണ്ടുകള്‍ നീണ്ട മുറവിളിക്കൊടുവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച അവസരം മാത്രമാണ് തിരഞ്ഞെടുപ്പ് കാലത്തെ പ്രവാസിയുടെ ആശ്വാസം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത പ്രവാസികളുടെ കണക്കെടുത്താല്‍ മതി ഇതുണ്ടാക്കിയ പ്രതിഫലനം എത്രയെന്ന് മനസ്സിലാക്കാന്‍. എംബസികളില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും പ്രായോഗികത ചൂണ്ടി കേന്ദ്ര സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നു.
സഊദി അറേബ്യയില്‍ നടപ്പാക്കിയ നിതാഖാത്ത് നിയമവും മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന സമാന നിയന്ത്രണങ്ങളും മൂലം പ്രവാസികളില്‍ വലിയൊരു ഭാഗം നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. 2008 ലെ ആഗോള സാമ്പത്തികപ്രതിസന്ധിക്കു ശേഷമാണ് പ്രവാസികള്‍ മടങ്ങിവരാന്‍ തുടങ്ങിയതെന്നും ഇത് സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ബി എ പ്രകാശ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
മടങ്ങിവന്ന പ്രവാസികളില്‍ 98 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. ഇതില്‍ 55 ശതമാനം പേരും യു എ ഇയില്‍നിന്നും 18 ശതമാനം പേര്‍ സഊദി അറേബ്യയില്‍നിന്നും ഒമാനില്‍ നിന്ന് 11 ശതമാനവും മടങ്ങിവന്നുവെന്നും ഇദ്ദേഹത്തിന്റെ പഠനം അടിവരയിടുന്നു. ഇവരില്‍ ഭൂരിഭാഗം പേരും വ്യാപാരം, വാണിജ്യം, നിര്‍മാണം എന്നീ മേഖലകളിലാണ് ജോലിചെയ്തിരുന്നത്. 69 ശതമാനം പേരും തൊഴില്‍ നഷ്ടപ്പെട്ടതുമൂലമാണ് മടങ്ങിവന്നത്. നിര്‍ബന്ധിത പിരിച്ചുവിടല്‍, തൊഴില്‍ കോണ്‍ട്രാക്ട് അവസാനിപ്പിക്കല്‍, ശമ്പളം വെട്ടിക്കുറക്കല്‍, സ്വദേശിവത്കരണം, വേതനം നല്‍കാതിരിക്കല്‍, തുച്ഛമായ സമ്പാദ്യം തുടങ്ങിയവയാണ് മടക്കത്തിന് കാരണം. അനാരോഗ്യകരമായ കലാവസ്ഥ, രോഗങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവയും മടക്കത്തിനു കാരണമായി അദ്ദേഹം കണ്ടെത്തി.
ഗള്‍ഫ് വാസം മതിയാക്കിപ്പോന്നവര്‍ കേരളത്തില്‍ ഇപ്പോള്‍ 13 ലക്ഷത്തിലേറെയുണ്ടെന്നാണ് കേരള മൈഗ്രേഷന്‍ സര്‍വേയുടെ കണ്ടെത്തല്‍. 2008ലെ സര്‍വേ പ്രകാരം ഇത് 11.57 ലക്ഷമായിരുന്നുവെന്നും അതിനും പത്ത് വര്‍ഷം മുമ്പ് ഇത് 7.4 ലക്ഷമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ഓടെ മടങ്ങി വന്ന പ്രവാസികളുടെ എണ്ണം 16 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. പ്രവാസം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം വിദേശത്ത് പോകുന്നതിന് വേണ്ടിവരുന്ന കനത്ത ചെലവാണ്. ജോലി നഷ്ടപ്പെട്ടാലും നാട്ടിലേക്ക് തിരിച്ചുവരാന്‍ അവര്‍ മടിക്കുന്നതിനും ഇത് കാരണമാകുന്നു. ഗള്‍ഫിലേക്ക് പോകാനായി പലരില്‍ നിന്നും വാങ്ങിയ കടം വീട്ടാനും മടക്ക ടിക്കറ്റിനുമുള്ള പണമെങ്കിലും നേടാതെ അയാള്‍ക്ക് വീട്ടിലെത്താന്‍ കഴിയാത്ത സാഹചര്യം. പോകാനുള്ള ചെലവ് 57,000 രൂപയും തിരിച്ചുവരവിനുള്ളത് 47,000 രൂപയുമായിരുന്നു 2008ല്‍. ആകെ ചെലവിന്റെ 50 ശതമാനവും വേണ്ടിവരുന്നത് വിസക്കാണ്. വിമാന ടിക്കറ്റിന് ആകെ ചെലവിന്റെ 25 ശതമാനവും. റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് നല്‍കുന്ന പണവും കൂടിയാകുമ്പോള്‍ ആകെ ചെലവിന്റെ 90 ശതമാനം കവിയും. വിമാനക്കൂലി യാതൊരു ദാക്ഷിണ്യവുമില്ലാതെ വര്‍ധിപ്പിക്കുന്നു. ഉത്സവസീസണില്‍ കൊള്ള ലാഭമാണ് കൊയ്യുന്നത്. ഇത്രയും തുക ചെലവഴിച്ചാല്‍ തന്നെ അടിക്കടിയുള്ള വിമാനം മുടങ്ങലാണ് മറ്റൊരു പ്രതിസന്ധി. നിശ്ചയിച്ച സമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെ നിരവധി പേര്‍ക്കാണ് ഇങ്ങനെ തൊഴില്‍ നഷ്ടപ്പെട്ടത്. വിദേശത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹം കൊണ്ടുവരുന്നതില്‍ പോലും നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. യാത്രക്കൂലി വര്‍ധനയും എയര്‍ ഇന്ത്യയുടെ വിമാനംമുടങ്ങലും പതിവായ ഘട്ടത്തില്‍ സ്വപ്‌ന പദ്ധതിയെന്ന നിലയില്‍ കേരളത്തിന്റെ സ്വന്തംവിമാനമായി എയര്‍കേരള അവതരിപ്പിച്ചെങ്കിലും അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച കാര്‍ക്കശ്യം ഇത് സ്വപ്‌നമായി അവശേഷിപ്പിച്ചു.

 

Latest