തീരദേശത്തെ താരമാര്?

  Posted on: March 27, 2014 6:00 am | Last updated: March 27, 2014 at 12:32 am
  SHARE

  alappuzhaകടലും കായലും അതിരിടുന്ന തീരദേശ മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സകം എപ്പോഴും പ്രക്ഷുബ്ധമാണ്. തങ്ങളുടെ മനസ്സ് കീഴടക്കുന്നവര്‍ക്ക് എത്രകാലം വേണമെങ്കിലും തുടരാം. വിശ്വസിച്ചവര്‍ തങ്ങളെ കൈവിട്ടെന്ന് തോന്നിയാല്‍ എത്ര വമ്പനാണെങ്കിലും പിന്നെ വെച്ചേക്കില്ല. ആലപ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സ് അങ്ങനെയാണ്. മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളുമാണ് വോട്ടര്‍മാരിലേറെയും. വമ്പന്മാരെ തോല്‍പ്പിച്ചും അപരിചിതരെ ജയിപ്പിച്ചുമുള്ള പാരമ്പര്യവുമുണ്ട്.

  സിറ്റിംഗ് എം പി യും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ കെ സി വേണുഗോപാലാണ് യു ഡി എഫ് സ്ഥാനാര്‍ഥി. സി പി എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവാണ് ഇടതുസ്ഥാനാര്‍ഥി. ചന്ദ്രബാബുവിന് കന്നിയങ്കം.
  2009ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം പി യായിരുന്ന ഡോ. കെ എസ് മനോജിനെ പരാജയപ്പെടുത്തിയാണ് കെ സി വേണുഗോപാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജയിച്ചത്. ആലപ്പുഴ ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയുമുള്‍പ്പെട്ടതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ സിയെ 2009ല്‍ സ്ഥാനാര്‍ഥിയാക്കിയത് കൈവിട്ടു പോയ മണ്ഡലം യു ഡി എഫിനൊപ്പമാക്കാനായിരുന്നു.
  2009ലെ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ടാകും. 2009ല്‍ കെ സി വേണുഗോപാലിന് ലഭിച്ച ഭൂരിപക്ഷത്തിന്റെ ഒന്നര ഇരട്ടിയാണ് പുതിയ വോട്ടര്‍മാരുടെ എണ്ണം. ഇവരായിരിക്കും മണ്ഡലത്തിന്റെ ഗതി തീരുമാനിക്കുക. പരമ്പരാഗത വ്യവസായമായ കയര്‍, മത്സ്യബന്ധന മേഖലകളിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് മണ്ഡലത്തിലെ വിധി നിര്‍ണയിക്കുന്നത്. അടിസ്ഥാന സൗകര്യവും വികസന പ്രശ്‌നങ്ങളുമാണ് ഇവിടെ പ്രധാന ചര്‍ച്ചാ വിഷയം. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ഒരിക്കല്‍ കൂടി വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായാണ് യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളുയര്‍ത്തിക്കാട്ടി മണ്ഡലത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കാന്‍ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയോടെ ഇടതു സ്ഥാനാര്‍ഥി സി ബി ചന്ദ്രബാബുവും സമീപിക്കുമ്പോള്‍ വോട്ടര്‍മാര്‍ ആകെ ആശയക്കുഴപ്പത്തിലാണ്. കണ്ണൂര്‍ സ്വദേശിയെങ്കിലും രണ്ട് പതിറ്റാണ്ടോടടുത്ത ആലപ്പുഴയുമായുള്ള ബന്ധം മുറിയില്ലെന്ന ദൃഢവിശ്വാസമാണ് കെ സിക്ക്. കന്നിയങ്കക്കാരനെങ്കിലും സി പി എം ജില്ലാ സെക്രട്ടറിയെന്ന നിലയിലും മികച്ച സംഘാടകനും പൊതു പ്രവര്‍ത്തകനുമെന്ന നിലയിലും തന്നെ സ്വന്തം ജില്ല കൈവിടില്ലെന്ന ആത്മവിശ്വാസമാണ് ചന്ദ്രബാബുവിന്.
  ആലപ്പുഴ ബൈപ്പാസ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട് ആലപ്പുഴ ബൈപ്പാസ് വിഷയത്തിന്. 1989ല്‍ വി പി സിംഗ് സര്‍ക്കാര്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളില്‍ നിന്ന് അണുവിട ചലിപ്പിക്കാന്‍ തുടര്‍ന്ന് വന്നവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. 2016ല്‍ ബൈപ്പാസിലൂടെ വാഹനമോടിച്ച് തുടങ്ങുമെന്ന കെ സിയുടെ ഉറപ്പ് എങ്ങനെ വിശ്വസിക്കുമെന്ന ഇടതുപക്ഷത്തിന്റെ ചോദ്യം അനുഭവത്തില്‍ നിന്നായതിനാല്‍ തള്ളാനുമാകില്ല. എം പി ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ആലപ്പുഴക്കാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം നിരവധി കേന്ദ്ര പദ്ധതികള്‍ ആലപ്പുഴയിലെത്തിക്കുകയും ചെയ്തു. എന്നാല്‍, ഇതെല്ലാം വാഗ്ദാനങ്ങള്‍ മാത്രമാണെന്നും യാഥാര്‍ഥ്യമായ പദ്ധതികള്‍ ചൂണ്ടിക്കാട്ടാനാകുമോയെന്ന മറുചോദ്യവുമായാണ് ഇടതുപക്ഷം രംഗത്തുള്ളത്. അഞ്ച് തവണയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആര്‍ എസ് പി (ബോള്‍ഷെവിക്) നേതാവ് പ്രൊഫ. എ വി താമരാക്ഷന്‍ ഇത്തവണ എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയിട്ടുണ്ട്. ധീവരസമുദായാംഗമായ താമരാക്ഷന്‍ തീരദേശ വോട്ടര്‍മാരിലാണ് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, ധീവരസമുദായത്തിന്റെ പിന്തുണ ഇക്കുറി യു ഡി എഫിനായിരിക്കുമെന്ന് താമരാക്ഷന്റെ സഹോദരന്‍ കൂടിയായ വി ദിനകരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും മാതാ അമൃതാനന്ദമയിക്കെതിരായ പ്രചാരണങ്ങള്‍ വോട്ടായി മാറിയാല്‍ അത് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
  എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇതേവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കെ സി വേണുഗോപാല്‍, ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ശുക്കൂര്‍ എന്നിവരുമായുള്ള അഭിപ്രായഭിന്നത പറഞ്ഞു തീര്‍ക്കാന്‍ പാര്‍ട്ടി ഇതേവരെ തയ്യാറായിട്ടില്ല. ടി പിയുടെ ഭാര്യ കെ കെ രമയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യമുന്നണിയുടെ സ്ഥാനാര്‍ഥി അഡ്വ. ബിന്ദു, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കെ ഡി മോഹനനും മായാവതിയുടെ ബി എസ് പി സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. തുളസീധരന്‍ പള്ളിക്കലാണ് എസ് ഡി പി ഐ സ്ഥാനാര്‍ഥി. മുസ്‌ലിം ലീഗ് നേതാവും ദീര്‍ഘനാള്‍ ആലപ്പുഴ നഗരസഭാ വൈസ്‌ചെയര്‍മാനുമായിരുന്ന എസ് ബി ബശീര്‍ സ്വതന്ത്രനായി മത്സരിക്കുന്നു. കെ സി വേണുഗോപാലിനും സി ബി ചന്ദ്രബാബുവിനും അപരന്മാരുടെ ഭീഷണിയുമുണ്ട്.