ദുബൈ ആശുപത്രികള്‍ക്ക് 2016 മുമ്പ് നക്ഷത്ര പദവി

Posted on: March 26, 2014 8:58 pm | Last updated: March 26, 2014 at 8:58 pm
SHARE

DUBAI-HEALTH-AUTHORITYദുബൈ: 2016ന് മുമ്പായി ദുബൈയിലെ ആശുപത്രികള്‍ക്ക് സേവനത്തിന്റെ അടിസ്ഥാനത്തില്‍ നക്ഷത്ര പദവി നല്‍കുമെന്നു ഡി എച്ച് എ(ദുബൈ ഹെല്‍ത്ത് അ തോറിറ്റി) വ്യക്തമാക്കി. മെഡിക്കല്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദവി നല്‍കാന്‍ ആലോചിക്കുന്നത്. ഹോട്ടലുകള്‍ക്ക് സമാനമായി പഞ്ച നക്ഷത്ര പദവിയായിരിക്കും ഏറ്റവും മികച്ച ആശുപത്രികള്‍ക്ക് ലഭിക്കുക.
ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നവയും എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുന്നവയുമായ ആശുപത്രികളാവും പഞ്ചനക്ഷത്ര പദവിക്ക് അര്‍ഹമാവുക. ഇതിന് താഴെ നാലു നക്ഷത്രവും മൂന്നു നക്ഷത്രവുമായി ആശുപത്രികളെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
വേള്‍ഡ് എക്‌സ്‌പോ 2020 ആവുമ്പോഴേക്കും ദുബൈയിലേക്ക് അഞ്ചു ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടി മുന്നില്‍ കണ്ടാണ് ആശുപത്രികള്‍ക്ക് പ്രോത്സാഹനമായി നക്ഷത്ര പദവി നല്‍കാന്‍ ദുബൈ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
ഹോട്ടലുകള്‍ക്ക് സമാനമായ രീതിയിലാണ് ആശുപത്രികള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുകയെന്നു ദുബൈയുടെ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന ഡി എച്ച് എ യുടെ ഡയറക്ടര്‍ ജനറല്‍ ഇസ്സ അല്‍ മൈദൂര്‍ വ്യക്തമാക്കി. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ കഴിഞ്ഞ ആഴ്ച അംഗീകരിച്ച മെഡിക്കല്‍ വിനോദസഞ്ചാര തന്ത്രത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളാണ് ഇതിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഘട്ടങ്ങളായാവും പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടം 2016ഓടെ നടപ്പാക്കും. രണ്ടാം ഘട്ടം 2020 ആവുമ്പോഴേക്കും പൂര്‍ത്തീകരിക്കാവുന്ന രീതിയിലാവും നടപ്പാക്കുകയെന്നും മൈദൂര്‍ വെളിപ്പെടുത്തി.