Connect with us

Gulf

ഷാര്‍ജയില്‍ കെട്ടിട വാടക കുതിക്കുന്നു; താങ്ങാനാവാതെ താമസക്കാര്‍

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിട വാടക താങ്ങാനാവാതെ താമസക്കാര്‍ വിഷമത്തില്‍. സാധാരണക്കാരായ താമസക്കാരാണ് വാടക വര്‍ധനവ് മൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്. പ്രധാന താമസ കേന്ദ്രങ്ങളായ അല്‍ നഹ്ദ, റോള, അല്‍ നബ്ബ, അല്‍ ഖുവൈര്‍, മുസല്ല, അല്‍ വഹ്ദ, അബൂശഗാറ തുടങ്ങിയ സ്ഥലങ്ങളിലാണ് വാടക വന്‍തോതില്‍ വര്‍ധിച്ചതായി താമസക്കാര്‍ പരാതിപ്പെട്ടത്.
100 മുതല്‍ 200 ശതമാനം വരെയാണത്രെ വാടക വര്‍ധിപ്പിച്ചത്. അല്‍ നഹ്ദയിലാണ് ഏറ്റവും വലിയ വര്‍ധനവ്. 50,000 ദിര്‍ഹം പ്രതിവര്‍ഷം ഉണ്ടായിരുന്ന ഫഌറ്റിന് 90,000 ദിര്‍ഹമായാണ് വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് കൂട്ടിയത് 40,000 ദിര്‍ഹം. വാടക താങ്ങാനാവാതെ ഈ ഭാഗത്ത് നിന്നും നിരവധി കുടുംബങ്ങള്‍ ഇതിനകം ഒഴിഞ്ഞുപോയിട്ടുണ്ട്. അല്‍ വഹ്ദയില്‍ 16,000 ദിര്‍ഹമുണ്ടായിരുന്ന ഒറ്റ മുറി ഫ്‌ളാറ്റിന് 28,000 മുതല്‍ 30,000 ദിര്‍ഹം വരെയും അല്‍ ഖുവൈറില്‍ 10,000 ദിര്‍ഹത്തില്‍ നിന്നും 20,000 ദിര്‍ഹമായും വര്‍ധിപ്പിച്ചതായി താമസക്കാര്‍ പരാതിപ്പെട്ടു. അല്‍ നബ്ബയില്‍ സ്റ്റുഡിയോ ഫഌറ്റുകള്‍ക്ക് 60,000 ദിര്‍ഹം വരെയാണത്രെ കൂട്ടിയത്. താന്‍ താമസിക്കുന്ന ഒറ്റ മുറി ഫ്‌ളാറ്റിന് 6,000 ദിര്‍ഹം ഒറ്റയടിക്ക് വര്‍ധിപ്പിച്ചതായി മലയാളി യുവാവ് എ പി ശമീര്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ഇയാള്‍ കുടുംബ സമേതമാണ് താമസിക്കുന്നത്. 12,000 ദിര്‍ഹമായിരുന്നു നിലവിലെ വാടക. ഇത് 18,000 ദിര്‍ഹമായി ഉയര്‍ത്തുകയായിരുന്നു.
നിലവിലുള്ള മാനദണ്ഡം ലംഘിച്ചാണ് വാടക കൂട്ടിയതെന്നും ഇതിനെതിരെ നഗരസഭയെ സമീപിക്കുമെന്നും ശമീര്‍ പറഞ്ഞു. മുസല്ല ഭാഗത്ത് ഒറ്റ മുറി ഫഌറ്റിന് നാലായിരം ദിര്‍ഹമാണ് കൂട്ടിയതെന്ന് ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മലയാളി പറഞ്ഞു. 18,000 ദിര്‍ഹമായിരുന്നു ഇയാളും കുടുംബവും താമസിച്ചിരുന്ന ഫഌറ്റിന്റെ നിലവിലെ വാടക. അതിപ്പോള്‍ 22,000 ദിര്‍ഹമായി വര്‍ധിപ്പിച്ചു. രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന് ഈ വര്‍ധനവ് താങ്ങാനാവാത്തതാണെന്ന് ഈ ജീവനക്കാരന്‍ പറഞ്ഞു.
ചിലയിടങ്ങളില്‍ മൂന്ന് വര്‍ഷത്തിനുശേഷമാണ് വാടക വര്‍ധിപ്പിക്കുന്നതെങ്കില്‍ മറ്റിടങ്ങളില്‍ ഈ കാലാവധിക്കുമുമ്പു തന്നെ കൂട്ടുകയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് താമസക്കാര്‍. പൊടുന്നനെയുള്ള വാടക വര്‍ധനവിനെ തുടര്‍ന്ന് പല കുടുംബങ്ങളും വാടക കുറഞ്ഞ ഇടങ്ങളിലേക്ക് താമസം മാറ്റാനോ കുടുംബങ്ങളെ നാട്ടിലേക്കയക്കാനോ നീക്കം ആരംഭിച്ചിട്ടുണ്ട്. 2009ന് ശേഷമാണ് ഇത്രയും അധികം വാടക കൂട്ടുന്നത്. തുച്ച വരുമാനക്കാരായ പ്രവാസികളെ വാടക വര്‍ധനവ് തീര്‍ത്തും കണ്ണീരിലാഴ്തിയിട്ടുണ്ട്.
നേരത്തെ ബെഡ്‌സ്‌പേസ് 200 ദിര്‍ഹത്തിന് ബാച്ചിലര്‍മാര്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ഈ സ്ഥിതി ഇപ്പോള്‍ മാറി. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും മറ്റും കാരണം ജീവിതം ക്ലേശിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് വാടക വര്‍ധനവ് കൂടി ഉണ്ടായിരിക്കുന്നത്.