കടലിലും കരയിലും ഓടുന്ന വാഹനവുമായി അധികൃതര്‍

Posted on: March 26, 2014 8:40 pm | Last updated: March 26, 2014 at 8:40 pm
SHARE

ദുബൈ: കടല്‍തീരങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിലും ഫ്‌ളോട്ടിംഗ് റസ്റ്റോറന്റുകളിലും പരിശോധന നടത്താന്‍ ഒരേസമയം മണലിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനവുമായി അധികൃതര്‍. ദുബൈ സാമ്പത്തിക വികസന വകുപ്പാണ് രൂപത്തിലും ഭാവത്തിലും പുതുമയുള്ള വാഹനം രംഗത്തിറക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളുടെ പരിശോധനക്ക് ലോകത്ത് ആദ്യമായാണ് ഇത്തരം വാഹനങ്ങള്‍ ദുബൈയില്‍ രംഗത്തിറക്കുന്നത്. അടുത്ത ജൂണോടെ ഇവ ഉപയോഗിച്ചുള്ള പരിശോധനകള്‍ ആരംഭിക്കും.
അനുദിനം വളര്‍ന്നുവരുന്ന വിനോദസഞ്ചാരത്തിന്റെ ഭാഗമായി ദുബൈയില്‍ വ്യാപിച്ചു കിടക്കുന്ന കടല്‍തീരത്ത് ധാരാളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുതും വലുതുമായി 3,400 സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിനുപുറമെ വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്ന ഫ്‌ളോട്ടിംഗ് റസ്റ്റോറന്റുകള്‍ വേറെയും.
ഇത്തരം സ്ഥാപനങ്ങളില്‍ അധികൃതര്‍ക്ക് പരിശോധന നടത്താന്‍ മണലിലും കടലിലും ഒരേപോലെ ഓടിക്കാവുന്ന വാഹനം കൂടുതല്‍ സൗകര്യപ്രദമാകും. മണലിലും വെള്ളത്തിലും നല്ലവേഗത്തില്‍ ഓടിക്കാവുന്നതാണ് പുതിയതായി രംഗത്തിറക്കുന്ന കാറുകളെന്ന് സാമ്പത്തിക വികസന വിഭാഗം അധികൃതര്‍ പറഞ്ഞു.