Connect with us

Wayanad

കര്‍ഷകരുടെ ഒപ്പമാണ് യു ഡി എഫും സര്‍ക്കാരും : വി എം സുധീരന്‍

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തിലും ദേശീയതലത്തിലും സിപിഎം വിശ്വാസ തകര്‍ച്ചയുടെ വക്കിലാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മില്‍ വിശ്വാസ്യതയുണ്ടായിരുന്ന ഏകനേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു. ടി.പി. കേസിലെ മലക്കം മറിച്ചില്‍ വി.എസിന്റെയും വിശ്വാസ്യത തകര്‍ത്തു. പല വിഷയങ്ങളിലും സിപിഎം എടുത്ത നിലപാടുകള്‍ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അഖിലേന്ത്യാ നേതൃത്വം എടുത്ത നിലപാടുകളും പാര്‍ട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. ടിപി കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തിയെന്നാണ് ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാല്‍ ആരാണ് അന്വേഷിച്ചതെന്നോ എപ്പോഴാണ് അന്വേഷിച്ചതെന്നോ എ്‌ന്നൊന്നും സിപിഎം വ്യക്തമാക്കുന്നില്ല. ടി പി ചന്ദ്രശേഖരന്റെ ഭാര്യാപിതാവ് സിപിഎം നേതാവുകൂടിയായ മാധവനാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. എന്നാല്‍ മാധവനോടോ ചന്ദ്രശേഖരന്റെ വിധവ രമയോടോ അന്വേഷിക്കുകയോ കോഴിക്കോട്ടോ വടകരയിലോ വരികയോ ചെയ്യാതെയാണ് സിപിഎം അന്വേഷണം പൂര്‍ത്തിയാക്കിയത്. വ്യക്തിവൈരാഗ്യം മൂലം പ്രതി കൊലപ്പെടുത്തിയെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. കോടതിയുടെ കണ്ടെത്തലിന് വിരുദ്ധമായുള്ള പാര്‍ട്ടി കണ്ടെത്തലും ജനങ്ങളോ ബോധ്യപ്പെടുത്താനാകുന്നില്ല. അണികള്‍ക്കിടയിലും ഇത് വിശ്വാസ തകര്‍ച്ചക്ക് കാരണമായി. ആക്ഷേപങ്ങളുയര്‍ന്നിട്ടും തെറ്റുതിരുത്താന്‍ തയ്യാറാകാത്ത സിപിഎം പെരിങ്ങനം കൊലക്കേസിലും പ്രതികള്‍ക്ക് നിയമസഹായം നല്‍കി മുന്നോട്ടുപോവുകയാണെന്ന് വി എം സുധീരന്‍ പറഞ്ഞു.
ഇത്തവണ ആര്‍എസ്എസ് തെരഞ്ഞെടുപ്പില്‍ നേരിട്ട് ഇടപെടുകയാണ്.
മുഖ്യമന്ത്രിയെന്ന നിലയില്‍ പരാജയമായിരുന്ന നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ആര്‍എസ്എസ് മോഡിക്ക് വഴിയൊരുക്കാന്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ പോലും തഴഞ്ഞു. ഇഷ്ടമില്ലാത്തവരെ ചുട്ടുകരിക്കുകയും നിയമസംവിധാനം താറുമാറാക്കുകയും ചെയ്യുന്ന മോഡി രാജ്യത്തെ കലാപഭൂമിയാക്കുമെന്നും രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് ഭാവിയില്ലാതാക്കുകയും ചെയ്യുമെന്നും സുധീരന്‍ ആരോപിച്ചു.
പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതുപോലെ മുഴുവന്‍ സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഐക്യമാണ് വിജയപ്രതീക്ഷയുടെ പ്രധാന ഘടകം.
ഇടക്കാലത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നവരും യുവാക്കളുമുള്‍പ്പെടെയുള്ളവര്‍ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. കേന്ദ്രത്തില്‍ യുപിഎയ്ക്ക് അനുകൂലമാണ് ഘടകങ്ങള്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. യുഡിഎഫ് കര്‍ഷകരുടെ ആശങ്കയറ്റാനുള്ള നടപടികളാണ് എടുക്കുന്നത്. എന്നും യുഡിഎഫിനൊപ്പം നിന്ന മലയോര കര്‍ഷകരുടെ ഒപ്പമാണ് യുഡിഎഫും കേരള സര്‍ക്കാരും. കസ്തൂരിരംഗന്‍ കരട് റിപ്പോര്‍ട്ടില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഇടപെട്ടിട്ടില്ലെന്നും അന്തിമ വിധി കര്‍ഷകര്‍ക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എം ഐ ഷാനവാസിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി കെ ജയലക്ഷ്മി, ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് എന്നിവരും സുധീരനൊപ്പമുണ്ടായിരുന്നു.

Latest