Connect with us

Kozhikode

കോഴിക്കോട്ട് അഞ്ചും വടകരയില്‍ നാലും പത്രികകള്‍ പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കാന്‍ ഒരുനാള്‍ ഭാക്കിയിരിക്കെ, കോഴിക്കോട്ട് അഞ്ച് പേരും വടകരയില്‍ നാല് പേരും പത്രിക പിന്‍വലിച്ചു.
ഇന്ന് വൈകുന്നേരം മൂന്നിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയപരിധി അവസാനിക്കുന്നതോടെ അന്തിമ പട്ടികയാകും. കോഴിക്കോട് പി എം സുരേഷ്ബാബു, ഫായിസ് മുഹമ്മദ്, എം മഹ്ബൂബ്, ഗോപാലന്‍, രഘുനാഥന്‍ വടകരയില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ശ്രീധരന്‍, രാജന്‍, എ പി ഷംസീര്‍ എന്നിവരാണ് പത്രിക പിന്‍വലിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. ഇതോടെ കോഴിക്കോട് 17 ഉം വടകരയില്‍ 13 ഉം സ്ഥാനാര്‍ഥികളായി.
സ്ഥാനാര്‍ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ ചിഹ്നം അനുവദിക്കുന്നതിനുളള നടപടികള്‍ ഇന്ന് വൈകുന്നേരം മൂന്നിന് ശേഷം ആരംഭിക്കും. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി എ ലതയുടെ മേല്‍നോട്ടത്തിലാണ് ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
ആറ് ദേശീയ പാര്‍ട്ടികള്‍ക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 54 പ്രാദേശിക പാര്‍ട്ടികള്‍ക്കും പ്രതേ്യക ചിഹ്നമുണ്ട്. പ്രാദേശിക പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും കഴിയുന്നതും അവര്‍ക്കുതന്നെ നല്‍കാനുളള നിര്‍ദേശം ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്വതന്ത്രര്‍ക്കായി 87 ചിഹ്നങ്ങളാണ് നിലവിലുളളത്.
അലമാര, എയര്‍ കണ്ടീഷണര്‍, ഓട്ടോറിക്ഷ, ബലൂണ്‍, ബ്ലാക്ക്‌ബോര്‍ഡ്, ബക്കറ്റ്, സീലിംഗ്ഫാന്‍, ഡിഷ് ആന്റിന, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍, ടെലിവിഷന്‍, ഷട്ടില്‍, സ്റ്റെതസ്‌കോപ്പ്, വയലിന്‍, മേശ, വിസില്‍, സ്ലേറ്റ്, റഫ്രിജറേറ്റര്‍, ഹെല്‍മെറ്റ്, നഖംവെട്ടി, മിക്‌സി, തൊപ്പി, ഹാര്‍മോണിയം, ചെരിപ്പ്, ബ്രഷ്, ബ്രീഫ്‌കേസ്, ബാറ്റ്, ബ്രെഡ്, മെഴുകുതിരി, കട്ടില്‍, മുന്തിരിക്കുല, കപ്പും സോസറും, ക്യാമറ, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവ സ്വതന്ത്ര ചിഹ്നങ്ങളില്‍പ്പെടും. ചിഹ്നം നല്‍കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന സമയത്ത്തന്നെ, സര്‍വീസ് ബാലറ്റും പോസ്റ്റല്‍ ബാലറ്റും വോട്ടിംഗ് യന്ത്രത്തില്‍ സജ്ജമാക്കുന്ന ബാലറ്റും അച്ചടിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കും. സര്‍വീസ് ബാലറ്റ് 24 മണിക്കൂറിനകം അച്ചടി പൂര്‍ത്തിയാക്കി അടുത്ത 24 മണിക്കൂറിനകം തപാലില്‍ അയക്കണമെന്നാണ് ചട്ടം. ഇതിനുളള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ സി എ ലത പറഞ്ഞു.