Connect with us

International

റഷ്യക്കെതിരെ പാശ്ചാത്യ കൂട്ടായ്മ

Published

|

Last Updated

വാഷിംഗ്ടണ്‍: റഷ്യക്കെതിരെ കനത്ത വെല്ലുവിളിയുമായി ജി7 രാജ്യങ്ങളുടെ ഉച്ചകോടി. പിരിച്ചുവിട്ട ജി8 കൂട്ടായ്മയിലെ റഷ്യയൊഴികെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളുടെ ചര്‍ച്ചയിലാണ് റഷ്യക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ തീരുമാനിച്ചത്. ഹേഗില്‍ നടന്ന ഉച്ചകോടിയില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹൊലന്‍ദെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവര്‍ക്ക് പുറമെ ഇറ്റലി, ജപ്പാന്‍ കാനഡ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ഉക്രൈനില്‍ ഇനിയും ഇടപെടല്‍ നടത്തിയാല്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന യു എസ് പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്‍കി.
റഷ്യന്‍ നഗരമായ സോച്ചിയില്‍ ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ച ജി 8 ഉച്ചകോടിക്ക് പകരം ജി 7 ഉച്ചകോടി നടത്താനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ജൂണില്‍ നടത്താന്‍ തീരുമാനിച്ച ഉച്ചകോടി പ്രഖ്യാപിച്ച അതേദിവസം ബ്രസല്‍സില്‍വെച്ച് നടത്താനാണ് തീരുമാനം. മോസ്‌കോയില്‍ അടുത്ത മാസം നടത്താന്‍ നിശ്ചയിച്ച വിദേശകാര്യ പ്രതിനിധികളുടെ യോഗത്തില്‍ നിന്ന് ജി7 രാജ്യങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പിന്മാറണമെന്നും രാഷ്ട്ര നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, ജി 8 കൂട്ടായ്മ പിരിച്ചുവിട്ട പാശ്ചാത്യ ശക്തികളുടെ നടപടിയെ വിമര്‍ശിച്ച റഷ്യ, തങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട മുന്നറിയിപ്പിനെയും ആരോപണങ്ങളെയും നിസ്സാരമായി തള്ളി. ഏതെങ്കിലുമൊരു കൂട്ടായ്മയില്‍ തൂങ്ങി കിടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കിയതും പുതിയ കൂട്ടായ്മ രൂപവത്ക്കരിക്കുന്നതും വലിയൊരു പ്രശ്‌നമായോ പ്രതിസന്ധിയായോ തങ്ങള്‍ കരുതുന്നില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.
റഷ്യയുടെ ക്രിമിയന്‍ ഇടപെടലിനെ കനത്ത ഭാഷയിലാണ് ജി7 നേതാക്കള്‍ വിമര്‍ശിച്ചത്. അന്താരാഷ്ട്ര നിയമത്തെ വെല്ലുവിളിച്ചാണ് ഉക്രൈനിന്റെ ഭാഗമായ ക്രിമിയയില്‍ റഷ്യ സൈനിക ഇടപെടല്‍ നടത്തിയതെന്നും റഷ്യക്കെതിരായ എല്ലാ നടപടികളും ഒറ്റക്കെട്ടായി നടത്തുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ കൊണ്ടുവരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉക്രൈനിന് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കരാര്‍ വേഗത്തിലാക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) യോട് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
പാശ്ചാത്യ ശക്തികളുടെ പിന്തുണയുള്ള ഉക്രൈനിലെ പ്രതിപക്ഷ സഖ്യം അട്ടിമറിയിലൂടെ ഭരണത്തിലേറിയതിനെ തുടര്‍ന്ന് റഷ്യക്കൊപ്പം ചേരാന്‍ തീരുമാനിച്ച ക്രിമിയന്‍ മേഖലയില്‍ റഷ്യ നടത്തിയ ഇടപെടലാണ് പാശ്ചാത്യ ശക്തികളെ ചൊടിപ്പിച്ചത്.

---- facebook comment plugin here -----

Latest