ഇ അഹ്മദിനെ തടയാന്‍ വിഘടിത ശ്രമം

Posted on: March 25, 2014 11:51 pm | Last updated: March 25, 2014 at 11:51 pm
SHARE

വേങ്ങര: മലപ്പുറം ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ഇ അഹ്മദിനെ തടയാന്‍ വിഘടിത വിദ്യാര്‍ഥി സംഘടനയുടെ ശ്രമം.
വേങ്ങര മുട്ടുംപുറം യൂനിറ്റ് എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിലെ ഉപകരണ വിതരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്ന ധാരണയിലാണ് അഹ്മദിനെ തടയാന്‍ മുട്ടുംപുറം അങ്ങാടിയില്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ തടിച്ച് കൂടിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ പ്രോകനപമുണ്ടാക്കുന്ന രീതിയിലാണ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നത്.
ഇന്നലെ വേങ്ങര നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തിയ ഇ അഹ്മദ് മൂന്നരയോടെ മുട്ടുംപുറത്തിന് സമീപം പ്രചാരണത്തനിറങ്ങിയപ്പോഴാണ് തടയാന്‍ ശ്രമം. പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ക്ഷണിച്ചിരുന്നത്. പ്രശ്‌നം രൂക്ഷമായതോടെ ലീഗ് നേതാക്കള്‍ തന്നെ അനുരഞ്ജന ശ്രമം നടത്തി. അതേ സമയം പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ അനുവാദത്തോടെ തന്നെയാണ് സാന്ത്വനം പരിപാടിയിലേക്ക് അഹ്മദിനെ ക്ഷണിച്ചതെന്നും എന്നാല്‍ ചട്ട ലംഘനമാകുന്നതിനാലാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നുമാണ് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍ കുട്ടിയുടെ വിശദീകരണം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി സഫീര്‍ ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.