വീരഗാഥക്കൊരുങ്ങി പോരാട്ട ഭൂമി

  Posted on: March 25, 2014 11:46 pm | Last updated: March 25, 2014 at 11:46 pm
  SHARE

  Vadakara LCപോരാട്ടത്തിന്റെ തീക്കനലില്‍ കടത്തനാടന്‍ മണ്ണ് ചുട്ടുപൊള്ളുന്നു. ജയത്തില്‍ കുറഞ്ഞതൊന്നും താങ്ങാനാകാത്ത രണ്ട് മുന്നണികളും നിലനില്‍പ്പിന്റെ പേരില്‍ തോല്‍പ്പിക്കാനുറച്ച് ഒരു പാര്‍ട്ടിയും പതിനെട്ട് അടവും പയറ്റുമ്പോള്‍, രാഷ്ട്രീയ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കുന്നത്. വോട്ടര്‍ പട്ടിക കൃത്യമായി പഠിച്ചും ഓരോ വോട്ടും ഉറപ്പിക്കുന്നതിന് സ്‌ക്വാഡുകള്‍ രൂപവത്കരിച്ചും കുടുംബ യോഗങ്ങളും ബൂത്തുതല കമ്മിറ്റികളും ചേര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രചാരണം. ഓരോ ദിവസത്തെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അതത് ബൂത്ത് കമ്മിറ്റികള്‍ കൃത്യമായി വിലയിരുത്തി മേല്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ദേശീയ നേതാക്കളടക്കം പ്രചാരണങ്ങള്‍ക്ക് എത്തുന്നു. സോഷ്യല്‍ മീഡിയകളിലെ പ്രചാരങ്ങള്‍ക്ക് പ്രത്യേക വിഭാഗം തന്നെയുണ്ട്. സ്ഥാനാര്‍ഥികളെല്ലാം മണ്ഡലങ്ങളില്‍ ഇതിനകം രണ്ടാം ഘട്ട പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

  ഇടത് ചിന്താഗതിയെയും കമ്മ്യൂണിസത്തെയും വലിയ അളവില്‍ നെഞ്ചേറ്റിയവരാണ് കടത്തനാട്ടുകാര്‍. അവകാശ സമരങ്ങളുടെയും നിരന്തരമായ പോരാട്ടങ്ങളിലൂടെയും പാകപ്പെടുത്തിയ മനസ്സ്. ഭൂരിഭാഗം തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പമാണ് മണ്ഡലം നിന്നതെങ്കിലും അടിയൊഴുക്കുകളില്‍ പലപ്പോഴും മണ്ഡലം വലത്തോട്ട് കുത്തിയൊലിക്കുന്നതും രാഷ്ട്രീയ കേരളം കണ്ടു. ഒരു ലക്ഷത്തില്‍പ്പരം വോട്ടിന് സി പി എം ജയിച്ച മണ്ഡലത്തില്‍ 2009ല്‍ യു ഡി എഫിന് അട്ടിമറി ജയം സമ്മാനിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെയാണ് ഇത്തവണയും അവര്‍ രംഗത്തിറക്കിയിരിക്കുന്നത്. 1980ല്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിച്ചവെച്ചിറങ്ങിയ മണ്ഡലമാണ് വടകര. അന്ന് കെ പി ഉണ്ണികൃഷ്ണനോട് കടുത്ത മത്സരത്തിനൊടുവില്‍ തോറ്റെങ്കിലും കഴിഞ്ഞ തവണ 56,186 വോട്ടിന്റെ ശ്രദ്ധേയ ജയമാണ് മുല്ലപ്പള്ളി നേടിയത്. ആര്‍ എം പി നേതൃത്വത്തോടുള്ള അടുപ്പവും കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ അത്ര മോശമല്ലാത്ത റെക്കോര്‍ഡും സോഷ്യലിസ്റ്റ് ജനതയുടെ അവകാശവാദങ്ങള്‍ മറികടന്ന് മുല്ലപ്പള്ളിക്ക് തന്നെ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിക്കുകയായിരുന്നു.
  കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ ഇടത് സമരവേദികളിലെ നിറസാന്നിധ്യവും യുവനേതാവുമായ അഡ്വ. എ എന്‍ ഷംസീറിനെയാണ് സി പി എം രംഗത്തിറക്കിയിരിക്കുന്നത്. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണയും ഷംസീറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സി പി എം ലക്ഷ്യം വെക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ തോല്‍വി ലക്ഷ്യം വെച്ച് തന്നെയാണ് ആര്‍ എം പി അഡ്വ. കുമാരന്‍കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ടി പിയുടെ ഭാര്യ കെ കെ രമ മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ബി ജെ പിക്കായി പാര്‍ട്ടി വക്താവ് വി കെ സജീവനും ആം ആദ്മി പാര്‍ട്ടിക്കായി സിനിമ സംവിധായകന്‍ അലി അക്ബറും എസ് ഡി പി ഐക്കായി പി അബ്ദുല്‍ ഹമീദും രംഗത്തുണ്ട്.
  ടി പി ചന്ദ്രശേഖരന്‍ വധം തന്നെയാണ് യു ഡി എഫിന്റെയും ആര്‍ എം പിയുടെയും പ്രചാരണ വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സി പി എം പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതും മറ്റും ചൂണ്ടിക്കാട്ടി ടി പി വധം സജീവമായി നിലനിര്‍ത്താന്‍ യു ഡി എഫ് ശ്രമിക്കുന്നു. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ഇതിനകം മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ വരും ദിവസങ്ങളില്‍ മുല്ലപ്പള്ളിക്ക് വോട്ട് തേടി മണ്ഡലത്തിലെത്തുന്നുണ്ട്.
  കഴിഞ്ഞ തവണത്തേത് പോലെ രാഷ്ട്രീയ അടിയൊഴുക്ക് ഇത്തവണയും മുല്ലപ്പള്ളിക്ക് അനുകൂലമായി മണ്ഡലത്തിലൂണ്ടാകുമെന്ന് യു ഡി എഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ടി പി ചന്ദ്രശേഖരന്‍ ആര്‍ എം പിക്ക് വേണ്ടി നേടിയ വോട്ടുകള്‍ ഇത്തവണയും അവര്‍ നേടുമെന്നും ഇവര്‍ വിലയിരുത്തുന്നു. ബി ജെ പിക്ക് നേരത്തെ മണ്ഡലത്തില്‍ എണ്‍പതിനായിരത്തോളം വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 40,391 ആയി ചുരുങ്ങി. ബി ജെ പി വോട്ടുകള്‍ നല്ലൊരു ശതമാനം മുല്ലപ്പള്ളിക്ക് മറിഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിച്ചിരുന്നു. ഇത്തവണയും അതുണ്ടാകുമെന്നാണ് യു ഡി എഫ് ക്യാമ്പിലെ പ്രതീക്ഷ. വടകര മണ്ഡലത്തില്‍പ്പെട്ട കൂത്തുപറമ്പില്‍ ഒ കെ വാസു മാസ്റ്ററുടെ നേതൃത്വത്തില്‍ ബി ജെ പിയിലെ ഒരു വിഭാഗം സി പി എമ്മിലേക്ക് പോയതില്‍ മറുവിഭാഗം പ്രകോപിതരാണെന്നും ഇത് സഹായകമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
  കോണ്‍ഗ്രസിന്റെയും ആര്‍ എം പിയുടെയും എല്ലാ ഭീഷണികളും വെല്ലുവിളികും മറികടന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ ശക്തമായ പ്രചാരണമാണ് സി പി എം നടത്തുന്നത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നു. ടി പി കേസില്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങളെ സി പി എം പ്രതിരോധിക്കുന്നത്. ടി പി വധത്തിന് മുമ്പും ശേഷവും വടകരയിലും സമീപ പ്രദേശങ്ങളിലും ആര്‍ എം പി നടത്തിയ ആക്രമണങ്ങളും ദേശീയ രാഷ്ട്രീയവും അഴിമതിയും വിലക്കയറ്റവുമെല്ലാം സി പി എം ഉയര്‍ത്തിക്കാട്ടുന്നു. പാര്‍ട്ടിക്ക് ഒപ്പം നിന്നുള്ള വി എസ് അച്യുതാനന്ദന്റെ മാറ്റം എല്‍ ഡി എഫിന്റെ പ്രചാരണത്തിനും ശക്തി പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മേപ്പയ്യൂരിലും മറ്റും പ്രചാരണ രംഗത്ത് മാറിനിന്ന വി എസ് അനുകൂലികള്‍ ഇത്തവണ സജീവമായുണ്ട്.
  കുറ്റിയാടി, നാദാപുരം മണ്ഡലങ്ങളില്‍ ലീഗിലെ ഒരു വിഭാഗം മുല്ലപ്പള്ളിക്ക് എതിരെ രംഗത്തെത്തിയതും കൂത്തുപറമ്പില്‍ ഒ കെ വാസു മാസ്റ്ററുടെയും സംഘത്തിന്റെയും വരവും എസ് ഡി പി ഐ സ്ഥാനാര്‍ഥിത്വവും തുണയാകുമെന്ന് സി പി എം കണക്കുകൂട്ടുന്നു.