അക്ഷരനഗരി ആര്‍ക്കൊപ്പം?

  Posted on: March 25, 2014 11:40 pm | Last updated: March 25, 2014 at 11:40 pm
  SHARE

  Kottyam LCഇടത് വലത് മുന്നണികളെ തോളത്ത് കയറ്റിയും ഇടക്ക് വലിച്ച് താഴെയിട്ടും രാഷ്ട്രീയ പരീക്ഷണം നടത്തിയ ചരിത്രമാണ് കോട്ടയത്തിന്റെത്. റബ്ബറിന്റെ നാട്ടില്‍ രാഷ്ട്രീയ സ്വഭാവത്തിലും ഈ വലിച്ചില്‍ പ്രകടമാണെങ്കിലും വലത്തോട്ട് വലിയുന്നതിലാണ് കോട്ടയത്തിന് താത്പര്യം. കമ്മ്യൂണിസത്തോട് കുരിശുയുദ്ധം പ്രഖ്യാപിച്ച കത്തോലിക്കാ സഭയുടെ അരമനകള്‍ വാഴുന്ന പാതിരിമാര്‍ക്കും പട്ടക്കാര്‍ക്കും കേരളാ കോണ്‍ഗ്രസ് കഴിഞ്ഞിട്ടേ കോണ്‍ഗ്രസ് പോലുമുള്ളു. കത്തിയെരിയുന്ന വേനല്‍ച്ചൂടില്‍ മുന്നില്‍ നില്‍ക്കുന്ന കോട്ടയത്ത് പൊതുതിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യതയിലേക്ക് ഓടിയടുക്കുകയാണ്.

  തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ വിജയപ്രതീക്ഷയുമായി ജോസ് കെ മാണി പ്രചാരണ രംഗം സജീവമാക്കിയിരുന്നു. എന്നാല്‍, നിനച്ചിരിക്കാതെയാണ് മാത്യു ടി തോമസ് കോട്ടയത്ത് ഇടതു സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത്. മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് മാത്യു ടി തോമസ് തുടക്കത്തില്‍ വ്യക്തമാക്കിയതാണ്. ഒടുവില്‍ ജനതാദള്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് മാത്യു ടി തോമസിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയത്. എതിരാളി ശക്തനല്ലെന്ന തോന്നലില്‍ ഭൂരിപക്ഷം മനക്കണക്ക് കൂട്ടിയ കേരളാ കോണ്‍ഗ്രസ് ക്യാമ്പുകളെ മാത്യു ടി തോമസിന്റെ കടന്നുവരവ് ഞെട്ടിക്കുകയും ചെയ്തു. കോട്ടയത്ത് മാത്യു ടി തോമസ് അത്ര പരിചിതനല്ലെങ്കിലും കറപുരളാത്ത നേതാവ് എന്ന ലേബലിലാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ എല്‍ ഡി എഫ് അവതരിപ്പിക്കുന്നത്.
  കഴിഞ്ഞ തവണ അമ്പത് ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണ നേടിയാണ് ജോസ് കെ മാണി പാര്‍ലിമെന്റിലെത്തിയത്. മണ്ഡലത്തില്‍ ജോസ് കെ മാണി നടപ്പാക്കിയ വികസന പദ്ധതികള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. 71,570 വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാല്‍, ഇത്തവണ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ പ്രവചനാതീതമാകുന്ന നിരവധി ഘടകങ്ങളാണ് മണ്ഡലത്തിലെ വിജയം നിര്‍ണയിക്കുക. റബ്ബര്‍ വിലയിടിവ്, കസ്തൂരിരംഗന്‍ വിഷയങ്ങള്‍ മണ്ഡലത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. റബ്ബര്‍ ഇറക്കുമതി വര്‍ധിപ്പിച്ച് കര്‍ഷകദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോയപ്പോള്‍ എം പി സമയോചിതമായി ഇടപെട്ടില്ല എന്ന ആക്ഷേപം ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. കേരളാ കോണ്‍ഗ്രസ് ഉപ നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കളുമായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ഉണ്ടാക്കിയ പോര്‍വിളിയുടെ പേരില്‍ കോട്ടയം മണ്ഡലത്തിലെ പ്രചാരണത്തില്‍ നിന്ന് ജോര്‍ജിനെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ ചില മേഖകളിലെങ്കിലും കനലുകളായി ഇന്നും എരിയുന്നു.
  കോട്ടയത്ത് മാത്യു ടി തോമസ് അതിഥിയായി എത്തിയതാണ്. മൂന്ന് തവണ എം എല്‍ എയും മന്ത്രിയായും കഴിവ് തെളിയിച്ച മാത്യു ടി തോമസ് കോട്ടയത്തെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നേതാവാണ്. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അനിശ്ചിതത്വം ഇടതു മുന്നണിയുടെ ശുഭാപ്തിവിശ്വാസമില്ലായ്മയുടെ തെളിവായാണ് യു ഡി എഫ് ചൂണ്ടിക്കാണിക്കുന്നത്. ആദ്യം പി കെ ഹരികുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് പ്രചാരണം നടത്തിയ ശേഷമാണ് മാത്യു ടി തോമസിനെ തീരുമാനിക്കുന്നത്.
  കഴിഞ്ഞ തവണ 37,422 വോട്ട് നേടിയ ബി ജെ പിയാകട്ടെ ഇത്തവണ കേരളാ കോണ്‍ഗ്രസിലെ യുവ നേതാവ് നോബിള്‍ മാത്യുവിനെ അടര്‍ത്തിയെടുക്കുകയായിരുന്നു. പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കുന്നവരെ ഒഴിവാക്കി നോബിളിനെ സ്ഥാനാര്‍ഥിയാക്കിയത് ബി ജെ പി അണികള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ തവണ തുടക്കക്കാരന്റെ പരിഭവങ്ങള്‍ ജോസ് കെ മാണിയുടെ ഇടപെടലുകളില്‍ പ്രകടമായിരുന്നുവെങ്കില്‍ ഇത്തവണ അതില്ല. രാഷ്ട്രീയവും വികസനവും ചര്‍ച്ചയാകുന്നുണ്ടെങ്കിലും കോട്ടയത്ത് ക്രൈസ്തവ സ്വാധീനമേഖകളിലെ നിലപാടുകളാണ് ജയപരാജയങ്ങള്‍ നിശ്ചയിക്കുക. എല്ലാക്കാലത്തും ക്രൈസ്തവ ഭൂരിപക്ഷ മേഖലകളും യു ഡി എഫിന് അനുകൂലമായി വിധിയെഴുതിയ ചരിത്രമാണ് ഇവിടുത്തേത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കോട്ടയം മണ്ഡലത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി വോട്ടുകള്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വം വിലക്കു വാങ്ങുന്നുവെന്ന പരാതി ഇടതുപക്ഷം ആരോപിക്കുന്നു. കോട്ടയത്ത് ബി ജെ പിക്ക് നിരവധി മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താമായിരുന്നുവെങ്കിലും കേരളാ കോണ്‍ഗ്രസുകാരനെ നിര്‍ത്തി വോട്ടുകള്‍ ജോസ് കെ മാണിക്ക് മറിച്ചു നല്‍കാന്‍ ധാരണയുണ്ടാക്കിയെന്ന പ്രചാരണമാണ് ഇടതു മുന്നണി നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, പാലാ, പുതുപ്പള്ളി, കടുത്തുരുത്തി പൂഞ്ഞാര്‍, പിറവം മണ്ഡലങ്ങളില്‍ ഏറ്റുമാനൂര്‍, വൈക്കം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും യു ഡി എഫിനൊപ്പമാണ്.