ജോസ് കെ.മാണിയുടെ പത്രിക സ്വീകരിച്ചു

Posted on: March 25, 2014 10:56 pm | Last updated: March 26, 2014 at 7:41 am
SHARE

jose k mani

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ നാമ നിര്‍ദേശ പത്രിക സ്വീകരിച്ചു.വരണാധികാരിയായ ജില്ലാ കലക്ടറാണ് പത്രിക സ്വീകരിച്ചത്.പത്രികയില്‍ അപാകതയില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അതേസമയം പത്രിക സ്വീകരിച്ചതിനെതിരെ എല്‍ഡിഎഫ് കോടതിയെ സമീപിക്കും.

കളക്ടറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച എല്‍ഡിഎഫ് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സൂചനകള്‍ നല്‍കി. വരണാധികാരിയുടെ നടപടി പക്ഷപാതമാണെന്നും വരണാധികാരി സ്വീധീനിക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായും എല്‍ഡിഎഫ് ആരോപിച്ചു. ഉടന്‍ തന്നെ ഇതിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കുമെന്നും എല്‍ഡിഎഫ് പറഞ്ഞു. ബിജെപിയും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ കോട്ടയത്ത് ആഹ്ലാദ പ്രകടനം നടത്തി.

പാര്‍ട്ടി ചെയര്‍മാന്‍ എന്ന പേരില്‍ കെ എം മാണി ജോസ് കെ മാണിയുടെ പത്രികയില്‍ ഒപ്പിട്ടതാണ് തര്‍ക്കങ്ങളുടെ തുടക്കം. കേരള കോണ്‍ഗ്രസ്സിന്റെ ഭരണഘടന പ്രകാരം മന്ത്രിയായ കെ എം മാണിക്ക് പാര്‍ട്ടി പദവിയില്‍ തുടരനാകില്ലെന്നാണ് എല്‍ഡിഎഫിന്റേയും ബിജെപിയുടേയും പരാതി. എന്നാല്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയാണെന്ന് തെരഞ്ഞെടുപ്പ്കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍ വരണാധികാരിക്ക് കേരള കോണ്‍ഗ്രസ് സമര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ് നേതാക്കളായ തോമസ് ചാഴിക്കാടന്‍, ഇ ജി അഗസ്റ്റി എന്നിവരാണ് അഭിഭാഷകനോടൊപ്പം വരണാധികാരിക്കു മുന്‍പില്‍ കേരള കോണ്‍ഗ്രസ്സിന്റെ വാദങ്ങളുമായി എത്തിയത്. ഈ രേഖകള്‍ പരിശോധിച്ചാണ് വരണാധികാരി അന്തിമ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.