Connect with us

Gulf

അബുദാബി ചേംബര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 12 ന്

Published

|

Last Updated

അബുദാബി: അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ജൂണ്‍ 12 ചൊവ്വാഴ്ച നടക്കും. അബുദാബി ചേംബര്‍ ചെയര്‍മാന്‍ മുഹമ്മദ് താനി അല്‍ റുമൈത്തി വാര്‍ത്താ ക്കുറിപ്പിലൂടെ അറിയിച്ചതാണിത്. ചേംബര്‍ നിയമാവലിയുടെ ഒമ്പതാം അനുഛേദമനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍.
വാര്‍ഷിക വരിസംഖ്യ അടക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കും. ഒരു ലൈസന്‍സില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടാവുന്ന സാഹചര്യത്തിലും ഒരാള്‍ക്ക് മാത്രമേ വോട്ടവകാശമുണ്ടാവൂ. ഇതിന്നായി തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പ് കത്തിലൂടെ ആളെ നിശ്ചയിച്ചു നല്‍കണം.
വോട്ടവകാശമുള്ള ആള്‍ക്ക് പകരം പ്രതിനിധിയെ നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇതിന് പകരക്കാരന്റെ വിവരങ്ങള്‍ അടങ്ങിയ നോട്ടറി അറ്റസ്റ്റ് ചെയ്ത പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടായിരിക്കണം.
21 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണ സമിതിയാണ് ചേംബറിനുള്ളത്. ഇതില്‍ 15 പേരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. രണ്ട് വനിതകളടക്കം ആറ് പേരെ നാമനിര്‍ദേശത്തിലൂടെയാണ് തെരഞ്ഞെടുക്കുക. രണ്ട് പേര്‍ വിദേശികളായിരിക്കും. നാല് വര്‍ഷത്തെ കാലയളവാണ് ഭരണ സമിതിക്കുള്ളത്.
സ്ഥാനാര്‍ഥികള്‍ക്ക് മാര്‍ച്ച് 30 മുതല്‍ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 27 ആണ് അവസാന തിയ്യതി. ചേംബര്‍ ടവറിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കാര്യ ഓഫീസാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിരീക്ഷണത്തിനും നടത്തിപ്പിനും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രത്യേക സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. നീതിന്യായ വകുപ്പിലെ സുല്‍ത്താന്‍ റാശിദ് അല്‍ നിയാദിയാണ് അധ്യക്ഷന്‍. മുഹമ്മദ് ഉമര്‍ അബ്ദുല്ല, മറിയം മുഹമ്മദ് അല്‍ റുമൈത്തി, ഉബൈദ് ഖല്‍ഫാന്‍ അല്‍ ദാഹിരി, മുഹമ്മദ് റാശിദ് അല്‍ ഹാമിലി, ഡോ. ജാസിം അലി അല്‍ ശംസി അംഗങ്ങളാണ്.

 

Latest