ദുബൈ നിരത്തുകളില്‍ വെട്രോണിക് റഡാറുകള്‍ സ്ഥാപിച്ചു

Posted on: March 25, 2014 8:02 pm | Last updated: March 25, 2014 at 8:02 pm
SHARE

New Imageദുബൈ: നഗരത്തിലെ നിരത്തുകളിലും കവലകളിലും ഏറ്റവും പുതിയതരം റഡാറുകള്‍ സ്ഥാപിച്ചു. വെട്രോണിക് ഇനത്തില്‍ പെട്ട ബുര്‍ജ് റഡാറുകളാണ് ഇവയെന്ന് ദുബൈ ട്രാഫിക് അസി. ഡയറക്ടര്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ അറിയിച്ചു.
ഈ വര്‍ഷാവസാനത്തോടെ ഇത്തരത്തിലുള്ള 100 റഡാറുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. ഒരേ സമയം ഏഴ് നിയമ ലംഘനങ്ങള്‍ വരെ പകര്‍ത്താനുള്ള സംവിധാനങ്ങളുള്ളതാണ് ഈ റഡാറുകള്‍.
ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്ന വാഹനങ്ങളുടെ വേഗം, വാഹനങ്ങളുടെ ഇനം, വലുപ്പം, നിരോധിക്കപ്പെട്ട സമയങ്ങളില്‍ കടന്നുപോകുന്ന ട്രക്കുകളെ രേഖപ്പെടുത്തുക തുടങ്ങി വ്യത്യസ്തങ്ങളായ സംവിധാനങ്ങള്‍ ഈ റഡാറുകള്‍ക്കുണ്ടെന്ന് ട്രാഫിക് അധികൃതര്‍.
മുന്നിലുള്ള വാഹനവുമായി നിശ്ചിത ദൂരം പാലിക്കാതെ ഓടുന്ന വാഹനങ്ങളെയും റഡാറുകള്‍ പകര്‍ത്തും. മുല്‍കിയയുടെ കാലാവധി തീര്‍ന്ന് 3 മാസം കഴിഞ്ഞിട്ടും പുതുക്കാത്ത വാഹനങ്ങളും പുതിയ റഡാറില്‍ കുടുങ്ങും.
ബുര്‍ജ് എന്ന് വിളിക്കപ്പെടുന്ന വെട്രോണിക് റഡാറുകള്‍ മൂന്നു ഡൈമെന്‍ഷനുകളുള്ള ലെന്‍സ് കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണെന്ന് ദുബൈ ട്രാഫിക്കിലെ റഡാര്‍ ഫോളോ അപ് ഇന്‍ചാര്‍ജ് മേജര്‍ താരിഖ് ഈസ പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ ഒരേ സമയം വിവിധ ട്രാക്കുകളിലെ രംഗങ്ങള്‍ പകര്‍ത്താന്‍ കഴിയും. നിയമലംഘനങ്ങള്‍ പകര്‍ത്തിയ ഉടനെ ട്രാഫിക് വകുപ്പിന്റെ ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറും റഡാറുകളില്‍ പ്രവര്‍ത്തിക്കുമെന്നും താരിഖ് ഈസ പറഞ്ഞു.
നിയമ ലംഘനത്തിനു പിടിക്കപ്പെട്ട വാഹനങ്ങളുടെ ചിത്രം 14 മാസം വരെ റഡാറില്‍ സൂക്ഷിച്ചുവെക്കും. നിയമ ലംഘനത്തിന് പിഴയൊടുക്കിയ വാഹനങ്ങളാണെങ്കില്‍ ആറു മാസം വരെയും അവയുടെ ചിത്രം റഡാര്‍ സൂക്ഷിച്ചുവെക്കും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നീളം, വീതി, ഉയരം എന്നിവയും കൃത്യമായി ബുര്‍ജ് റഡാറുകള്‍ രേഖപ്പെടുത്തുമെന്നും താരീഖ് ഈസ പറഞ്ഞു.