ആശുപത്രിയില്‍ എത്തിച്ച ബന്ധുവും മുങ്ങി; അജ്ഞാതനായ മലയാളി ഗുരുതരാവസ്ഥയില്‍

Posted on: March 25, 2014 7:56 pm | Last updated: March 25, 2014 at 7:56 pm
SHARE

ബുറൈദ: ബുറൈദ അല്‍റാസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അജ്ഞാതനായ മലയാളിയുടെ നില ഗുരുതരാവസ്ഥയില്‍. അഞ്ച് ദിവസം മുമ്പ് ബന്ധു എന്ന് സ്വയം പരിചയപ്പെടുത്തി ഇയാളെ അല്‍റാസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷം അപ്രത്യക്ഷനായ മലയാളിയെക്കുറിച്ചും വിവരമില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മലയാളിയുടെ ചികിത്സ ബന്ധുക്കളുടെ അസാന്നിധ്യം കാരണം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയ അടക്കം നടത്തുന്നതിന് ഉത്തരവാദപ്പെട്ടവര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയിട്ടുണ്ട്.
അബ്ദുല്‍ സമദ് മുഹമ്മദ് എന്ന മലയാളിയെ അയ്യൂബ്ഖാന്‍ ഇല്യാസ് എന്നു പരിചയപ്പെടുത്തിയ ആളാണ് അഞ്ച് ദിവസം മുന്‍പ് അല്‍ റാസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തേടുന്ന മലയാളി തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയാണ് എന്നു സംശയിക്കുന്നു. ഇല്യാസ് നല്‍കിയിരുന്ന മൊബൈല്‍ നമ്പര്‍ സഊദി സ്വദേശിയുടെതാണെന്ന് മനസ്സിലായി. എന്നാല്‍ പലകുറി വിളിച്ചിട്ടും മറുപടി കിട്ടുന്നില്ല. രോഗാവസ്ഥ ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് ഓപ്പറേഷന്‍ ആവശ്യമാണെന്ന് ഡോക്ടര്‍ പറയുന്നു. ഇതിനായി സമ്മതപത്രം ഒപ്പിട്ട് നല്‍കാന്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആവശ്യമാണ്. നില ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഹൃദയത്തിന് കാര്യമായ തകരാര്‍ സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇഖാമയില്‍ ഇലക്ട്രീഷ്യന്‍ എന്ന് രേഖപ്പെടുത്തിയതിനാല്‍ അല്‍റാസിലെ മിക്ക ഇലക്ട്രീഷ്യന്‍മാരോടും സമദിനെ കുറിച്ച് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സ്‌പോണ്‍സറുമായി ബന്ധപ്പെടുന്നതിന് ശ്രമം നടന്നുവരികയാണ്. ഇതിനകം ചികിത്സയിനത്തില്‍ 15,000 ത്തില്‍പരം റിയാല്‍ ബില്ല് ആവുകയും ചെയ്തു. ദ്രവരൂപത്തിലുള്ള ആഹാരം ട്യൂബ് വഴി നല്‍കുന്നതിനുള്ള ചെറിയ ശസ്ത്രക്രിയക്ക് സാമൂഹിക പ്രവര്‍ത്തകനായ നൗഷാദാണ് സമ്മതപത്രം ഒപ്പിട്ട് നല്‍കിയത്. സമദിനെകുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ 055-9777388 എന്ന നമ്പറില്‍ ബന്ധപ്പെടണം.