സ്‌പോണ്‍സര്‍ഷിപ്പ്: റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ഒഴിയണമെന്ന് തൊഴില്‍ മന്ത്രാലയം

Posted on: March 25, 2014 7:55 pm | Last updated: March 25, 2014 at 7:55 pm
SHARE

റിയാദ്: റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ മാന്‍പവര്‍ സപ്ലൈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് തൊഴില്‍ മന്ത്രാലയം അവസാനിപ്പിക്കുന്നു. നിശ്ചിത കാലത്തേക്ക് താല്‍ക്കാലികമായി നല്‍കാറുള്ള കരാര്‍ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ഒഴിയണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ശഅബാന്‍ ഒന്നിനു മുമ്പായി തൊഴിലാളികളെ ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് കൈമാറുകയോ അവരെ എക്‌സിറ്റില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുകയോ വേണമെന്നാണ് രാജ്യത്തെ 328 റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് തൊഴില്‍ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്ത് മാന്‍പവര്‍ സപ്ലൈ കമ്പനികളെ പോലെ പ്രവര്‍ത്തിക്കുന്നതിന് 16 റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഇതില്‍ ബഹുഭൂരിഭാഗം കമ്പനികളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ മാന്‍പവര്‍ സപ്ലൈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രാലയം അവസാനിപ്പിക്കുന്നത്.
തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിയുകയോ അവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുകയോ ചെയ്യാത്ത പക്ഷം റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസന്‍സ് പുതുക്കിനല്‍കില്ല.
കൂടാതെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികളെയാണ് കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ആവശ്യക്കാര്‍ക്ക് കൈമാറുന്നത്. 37 വര്‍ഷമായി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ഗാര്‍ഹിക തൊഴിലാളി കൈമാറ്റമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ, പൊതു മേഖലകള്‍ക്കാവശ്യമായ തൊഴിലാളികളെയും ഗാര്‍ഹിക തൊഴിലാളികളെയും നിശ്ചിത കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന, മാന്‍പവര്‍ സപ്ലൈ കമ്പനികളെ പോലെ പ്രവര്‍ത്തിക്കുന്ന വന്‍കിട റിക്രൂട്ട്‌മെന്റ് കമ്പനികള്‍ സ്ഥാപിക്കുന്നതിന് തൊഴില്‍ മന്ത്രാലയം ലൈസന്‍സ് നല്‍കിവരികയാണ്.
തൊഴില്‍ മന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ച 13 റിക്രൂട്ട്‌മെന്റ് കമ്പനികള്‍ വേലക്കാരികളെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക് കൈമാറിത്തുടങ്ങിയിട്ടുണ്ട്. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, അസീര്‍ പ്രവിശ്യകളില്‍ ഈ കമ്പനികളുടെ സേവനം ലഭ്യമാണ്.
താല്‍ക്കാലികമായി വീട്ടുവേലക്കാരെ സഊദി പൗരന്‍മാര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൈമാറുന്നതിനുവേണ്ടി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നേരത്തെ തന്നെ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. പകരം ഈ ചുമതല റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. നിലവില്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ ഒഴിവാക്കുന്നതിനാണ് ഇപ്പോള്‍ തൊഴില്‍ മന്ത്രാലയം മെയ് 30 വരെ സമയം അനുവദിച്ചിരിക്കുന്നത്.