സര്‍ക്കാര്‍ ആശുപത്രികളിലെ ജോലി സമയം ഒമ്പതര മണിക്കൂറാക്കുന്നു

Posted on: March 25, 2014 7:54 pm | Last updated: March 25, 2014 at 7:54 pm
SHARE

റിയാദ്: ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലെയും ഹെല്‍ത്ത് സെന്ററുകളിലെയും ജീവനക്കാരുടെ ജോലി സമയം ഒമ്പതര മണിക്കൂറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ ക്രമീകരണം വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല അല്‍ റബീഅ അംഗീകരിച്ചു. ശഅബാന്‍ ഒന്നു (മെയ് മുപ്പത്) മുതല്‍ പുതിയ ജോലി സമയം പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് സമീപത്ത് വന്‍കിട ആശുപത്രികളില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ഹെല്‍ത്ത് സെന്ററുകളിലെ ജീവനക്കാരുടെ രാവിലത്തെ ഷിഫ്റ്റ് ഏഴര മുതല്‍ ഉച്ചക്ക് പന്ത്രണ്ടര വരെയും വൈകിട്ട് ഷിഫ്റ്റ് അഞ്ചുമുതല്‍ രാത്രി ഒമ്പതര വരെയുമാകും. വ്യാഴാഴ്ചകളില്‍ രണ്ടു ഷിഫ്റ്റുകളിലായി ഒമ്പതു മണിക്കൂറാകും ജോലി. ആശുപത്രികളിലെ തിരക്ക് കുറക്കാന്‍ പുതിയ ക്രമീകരണം സഹായിക്കുമെന്നാണ് പ്രതീക്ഷ.
സഊദി പൗരന്മാരില്‍ നിന്നും ചില നഗര സമിതികളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആശുപത്രി ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധിയായിരിക്കും. സഊദി കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ പ്രതിമാസ തൊഴില്‍ സമയം 176 മണിക്കൂറായിരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയുമായി രണ്ടു ഷിഫ്റ്റുകളില്‍ ആകെ എട്ടു മണിക്കൂറായിരിക്കും കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ പ്രതിദിന തൊഴില്‍ സമയം. അവശ്യ സന്ദര്‍ഭങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതിന് മാസത്തില്‍ 10 ദിവസത്തില്‍ കൂടാത്ത ദിവസം ഇവര്‍ ഒരുങ്ങിനില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്. വെള്ളി, ശനി ദിവസങ്ങളിലും ഔദ്യോഗിക ജോലി സമയത്തിനു ശേഷവുമുള്ള ജോലിക്ക് ഓവര്‍ടൈം ആനുകൂല്യം നല്‍കും.
അടിയന്തര സാഹചര്യത്തില്‍ 24 മണിക്കൂറും സേവനം നല്‍കുന്നതിനുള്ള വന്‍കിട ആശുപത്രികള്‍ സമീപത്തുള്ള ഹെല്‍ത്ത് സെന്ററുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ഒറ്റ ഷിഫ്റ്റായോ രണ്ടു ഷിഫ്റ്റുകളായോ ജീവനക്കാരുടെ തൊഴില്‍ സമയം ക്രമീകരിക്കാവുന്നതാണ്. ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തന രീതി നിശ്ചയിക്കാനുള്ള തീരുമാനം അതത് പ്രവിശ്യകളിലെ നഗര സമിതികള്‍ക്കാണ്. ആശുപത്രികളിലെ ആരോഗ്യ മേഖലാ ജീവനക്കാരല്ലാത്ത മറ്റു ജീവനക്കാരുടെ പ്രതിമാസ തൊഴില്‍ സമയം 155 മണിക്കൂറാണ്.
വന്‍കിട ആശുപത്രികളില്‍ ജോലി സമയം ഒറ്റ ഷിഫ്റ്റായി ഒമ്പതര മണിക്കൂറായിരിക്കും. വ്യാഴാഴ്ചകളില്‍ എട്ടു മണിക്കൂറാണ് തൊഴില്‍ സമയം. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ പ്രതിദിന തൊഴില്‍ സമയം എട്ടു മണിക്കൂറും പ്രതിമാസ തൊഴില്‍ സമയം 176 മണിക്കൂറുമായിരിക്കും.
പ്രധാന ആശുപത്രികളില്‍ വൈകിട്ടത്തെ ഒ പികളില്‍ ഓവര്‍ടൈമായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഓവര്‍ ടൈം ആനുകൂല്യം നല്‍കും.